
ബജാജ് ഓട്ടോ പൾസർ NS200, NS160 എന്നിവയുടെ 2023 പതിപ്പുകളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മോട്ടോർസൈക്കിളുകൾക്ക് ഇപ്പോൾ പുതിയ ഹാർഡ്‌വെയറും കോസ്‌മെറ്റിക് അപ്‌ഗ്രേഡുകളും ലഭിക്കുന്നു. പൾസർ NS200, പള്‍സര്‍ NS160 എന്നിവ ഇപ്പോൾ OBD2 കംപ്ലയിന്റാണ്. ഓരോ മോഡലിന്റെയും മുൻ പതിപ്പുകളെ അപേക്ഷിച്ച് മോട്ടോർസൈക്കിളുകളുടെ വില യഥാക്രമം 7,000 രൂപയും 10,000 രൂപയും വർധിപ്പിച്ചിട്ടുണ്ട് . ബജാജ് പൾസർ NS200 ന് ഇപ്പോൾ 1.47 ലക്ഷം രൂപയും പൾസർ NS160 ന് ഇപ്പോൾ 1.37 ലക്ഷം രൂപയുമാണ് വില . രണ്ട് വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്.
രണ്ട് മോട്ടോർസൈക്കിളുകളിലും ഇപ്പോൾ മുൻവശത്ത് 33 എംഎം അപ്-സൈഡ് ഡൌൺ ഫോർക്കുകൾ സജ്ജീകരിച്ചിരിക്കുന്നു. ഇത് കൈകാര്യം ചെയ്യൽ, കോണിംഗ്, സ്ഥിരത എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. മോട്ടോർസൈക്കിളുകൾക്ക് ഒരേ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ കാണിക്കുന്നതിനായി ഇത് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഡിസ്പ്ലേ കൺസോളിൽ ഇപ്പോൾ ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഡിസ്റ്റൻറ് ടു എംപ്റ്റി റീഡൗട്ട്, തൽക്ഷണ ഇന്ധനക്ഷമത, ശരാശരി ഇന്ധനക്ഷമത എന്നിവയുണ്ട്.
സുരക്ഷയുടെ കാര്യത്തിൽ, രണ്ട് ബൈക്കുകളിലും ഇപ്പോൾ ഡ്യുവൽ-ചാനൽ എബിഎസ് സജ്ജീകരിച്ചിരിക്കുന്നു. മുൻവശത്ത് 300 എംഎം ഡിസ്‌കും പിന്നിൽ 230 എംഎം ഡിസ്‌കും ഉണ്ട്. NS160 ന് ഇപ്പോൾ വിശാലമായ ഫ്രണ്ട്, റിയർ ടയറുകൾ ലഭിക്കുന്നു. അവ 100/80-17, 130/70-17 എന്നിവയാണ് അളവുകള്‍.
അതേ ട്രിപ്പിൾ സ്പാർക്ക് DTS-i 4V, ലിക്വിഡ്-കൂൾഡ് യൂണിറ്റാണ് NS200-ലെ എഞ്ചിൻ. ഇത് 24.16 bhp കരുത്തും 18.74 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എന്നാൽ, ഇപ്പോൾ മോട്ടോർസൈക്കിളിൽ നിന്ന് 1.5 കിലോ കുറച്ചിട്ടുണ്ട്. പൾസർ NS160 ഓയിൽ കൂൾഡ് ആണ്, ഇത് 16.96 bhp കരുത്തും 14.6 Nm ന്റെ പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.
ലാറ്റിനമേരിക്കയിലെയും ഏഷ്യയിലെയും പല രാജ്യങ്ങളിലെയും സ്‌പോർട്‌സ് മോട്ടോർസൈക്ലിംഗ് പ്രേമികൾക്ക് എൻഎസ് സീരീസ് പ്രിയപ്പെട്ടതാണെന്ന് അപ്‌ഗ്രേഡുകളെക്കുറിച്ച് സംസാരിച്ച ബജാജ് ഓട്ടോ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ്മ പറഞ്ഞു.