പുതിയ നിറങ്ങളില്‍ എന്‍ഫീല്‍ഡ് ഇരട്ടകള്‍

By Web TeamFirst Published Mar 1, 2021, 8:32 AM IST
Highlights

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 ഇരട്ടകള്‍ക്ക് പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭിക്കും. 

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 ഇരട്ടകള്‍ക്ക് പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭിക്കും. പുതിയ നിറങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ പുറത്തുവന്നതായി റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരട്ട മോഡലുകളില്‍ താരതമ്യേന താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിന് പുതുതായി റാവിഷിംഗ് ബ്ലാക്ക്, ഗ്രേ ഗൂസ്, റോയല്‍ റെഡ്, വെഞ്ച്വറ ബ്ലൂ എന്നീ പെയിന്റ് സ്‌കീമുകള്‍ ലഭിക്കും. നിലവിലെ ബേക്കര്‍ എക്‌സ്പ്രസ്, ഗ്ലിറ്റര്‍ ആന്‍ഡ് ഡസ്റ്റ്, ഓറഞ്ച് ക്രഷ് എന്നീ ഓപ്ഷനുകള്‍ക്ക് പുറമേയാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഫേ റേസര്‍ മോഡലായ കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളിന് പുതുതായി മൂന്ന് ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളും രണ്ട് സിംഗിള്‍ ടോണ്‍ ഓപ്ഷനുകളും ലഭിക്കും. കുക്കീസ് ആന്‍ഡ് ക്രീം, വെഞ്ച്വറ ബ്ലാക്ക് ആന്‍ഡ് ബ്ലൂ, ബ്രിട്ടീഷ് റേസിംഗ് ലീന്‍ എന്നിവയാണ് ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകള്‍. മിസ്റ്റര്‍ ക്ലീന്‍, ജിടി റെഡ് എന്നിവയാണ് സിംഗിള്‍ ടോണ്‍ ഓപ്ഷനുകള്‍. പുതിയ കളര്‍ ഓപ്ഷനുകള്‍ നല്‍കുന്നതോടെ രണ്ട് മോഡലുകളുടെയും വില വര്‍ധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല, കമ്പനി തങ്ങളുടെ പുതിയ ‘ട്രിപ്പര്‍’ നാവിഗേഷന്‍ സംവിധാനം ഈ മോട്ടോര്‍സൈക്കിളുകളില്‍ നല്‍കാന്‍ തീരുമാനിച്ചാല്‍ വില പിന്നെയും വര്‍ധിക്കും. നിലവില്‍ ഏകദേശം 2.70 ലക്ഷം രൂപ മുതല്‍ 2.91 ലക്ഷം രൂപ വരെയാണ് ഇന്റര്‍സെപ്റ്റര്‍ 650 മോട്ടോര്‍സൈക്കിളിന്റെ വില. കോണ്ടിനെന്റല്‍ ജിടി 650 മോട്ടോര്‍സൈക്കിളിന് 2.85 ലക്ഷം രൂപയില്‍ ആരംഭിച്ച് 3.07 ലക്ഷം രൂപ വരെയാണ് വില. എല്ലാം ഡെല്‍ഹി എക്‌സ് ഷോറൂം വില.

2018 നവംബറിലാണ് കോണ്‍ടിനന്‍റല്‍ ജിടി, ഇന്‍റര്‍സെപ്റ്റര്‍ 650 മോഡലുകളെ  റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്നത്.   2017 നവംബറില്‍ ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഇരുബൈക്കുകളെയും കമ്പനി ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 648 സിസിയിൽ പാരലൽ ട്വിൻ എഞ്ചിൻ ഒരുങ്ങുന്നത്.

എൽഫീൽഡിന്‍റെ പാരമ്പര്യം പേറുന്ന മോഡലുകളാണ് ഇന്‍റർസെപ്റ്ററും കോണ്ടിനെന്‍റൽ ജിടിയും. 60കളിലെ തനിമ കൈവിടാതെ ഇന്‍റർസ്പെറ്റർ. കഫേ റേസർ ബൈക്കിന്‍റെ രൂപവും ഭാവവുമായി കോണ്ടിനെന്‍റൽ ജിടി. എയർ കൂൾഡ് എൻജിൻ 7100 ആർപിഎമ്മിൽ‌ 47 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 52 എൻഎം ടോർക്കും പ്രദാനം ചെയ്യും. ആറ് സ്പീഡാണ് ട്രാൻസ്മിഷന്‍. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വേഗമേറിയ മോഡലും ഇതാണ്. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ 650-ക്കും കോണ്ടിനെന്റില്‍ ജിടിക്കും സാധിക്കും. 

click me!