വിടവിനു വിട, ലോവര്‍ ബര്‍ത്തിന് പുതിയ ഡിസൈനുമായി റെയില്‍വേ!

Web Desk   | Asianet News
Published : Dec 14, 2020, 01:38 PM ISTUpdated : Dec 14, 2020, 02:34 PM IST
വിടവിനു വിട,  ലോവര്‍ ബര്‍ത്തിന് പുതിയ ഡിസൈനുമായി റെയില്‍വേ!

Synopsis

നിലവില്‍ കിടക്കയാക്കാൻ സീറ്റുകൾ മടക്കുമ്പോൾ നടുവിലെ അസമമായ വിടവ് പലർക്കും നടുവേദനയ്ക്ക് കാരണമാകുന്നു. 

ട്രെയിന്‍ യാത്ര കൂടുതല്‍ സുഖകരമാക്കുന്നതിന് പുതിയ നീക്കവുമായി ഇന്ത്യന്‍ റെയില്‍വേ. ഇതിനായി ട്രെയിനുകളിലെ സൈഡ് ലോവർ ബെർത്തുകളുടെ ഡിസൈൻ പുതുക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയിൽവേ എന്ന് ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൈഡ് ലോവർ ബെർത്തുകൾക്കായി പുതിയതും നൂതനവുമായ ഒരു ഡിസൈൻ‌ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽ‌വേ. ഇനിമുതല്‍ ‌ ട്രെയിനുകളിൽ ലോവര്‍ ബര്‍ത്തില്‍‌ യാത്ര ചെയ്യുന്നത് കൂടുതൽ‌ സുഖകരമാകും.

നിലവില്‍ സൈഡ് ലോവർ ബെർത്ത് ലഭിക്കുന്ന ട്രെയിൻ യാത്രക്കാർക്ക് അവരുടെ യാത്രയിൽ ഉറങ്ങാനോ വിശ്രമിക്കാനോ അസ്വസ്ഥതയുണ്ടാകാറുണ്ട്.  കിടക്കയാക്കാൻ സീറ്റുകൾ മടക്കുമ്പോൾ നടുവിലെ അസമമായ വിടവ് പലർക്കും നടുവേദനയ്ക്ക് കാരണമാകുന്നു. ഇരുഭാഗത്തുമുള്ള സീറ്റുകൾ ചേർത്തു വയ്ക്കുമ്പോൾ നടുഭാഗം താഴ്ന്നും ഇടയ്ക്കുള്ള വിടവു കാരണവും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്. അതിനാൽ, സ്ലീപ്പർ-ക്ലാസ് യാത്രക്കാർക്ക് ട്രെയിൻ യാത്ര കൂടുതൽ സുഖകരമാക്കുന്നതിന് പുതിയതും മെച്ചപ്പെട്ടതുമായ ഡിസൈൻ നവീകരണം സൈഡ് ലോവർ ബെർത്തുകളിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.

ലോവര്‍ ബര്‍ത്തിന്‍റെ വശത്തായി പുതുതായി മുഴുവൻ സൈസ് കിടക്ക ഘടിപ്പിക്കാനാണ് നീക്കം. ഈ കിടക്ക വലിച്ചു സീറ്റുകൾക്കു മുകളിലിടുമ്പോൾ സുഖകരമായ കിടപ്പ് ഉറപ്പാക്കാം. സ്ലീപ്പർ കോച്ചുകളിൽ വൈകാതെ ഇതു ക്രമീകരിക്കും. 

പുതിയ ഡിസൈന്റെ വിഡിയോ മന്ത്രി പീയൂഷ് ഗോയലാണു ട്വിറ്ററിൽ പങ്കുവച്ചത്. ഈ സീറ്റുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് വീഡിയോയില്‍.  ഒരു പൂർണ്ണ വലുപ്പത്തിലുള്ള ബെഡ് ഈ വീഡിയോയില്‍ കാണാൻ കഴിയും. അതിൽ ഒരു വിടവില്ല. ഇത് വിൻഡോയുടെ അടിയിൽ നിന്നും മുകളിലേക്ക് വലിച്ചെടുത്ത് സീറ്റിന്റെ മുകളിൽ സ്ഥാപിക്കാം. യാത്രക്കാരുടെ സൗകര്യപ്രദമായ യാത്രയ്ക്കായി ഇന്ത്യൻ റെയിൽ‌വേ ശ്രമിക്കുന്നതിന് ഉദാഹരണമാണ് ഇതെന്നും സീറ്റുകളിൽ വരുത്തിയ ചില മാറ്റങ്ങൾ യാത്രക്കാരുടെ യാത്ര കൂടുതൽ സുഖകരമാക്കും എന്നും ഗോയൽ ട്വീറ്റിൽ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം തടയാന്‍ മാർച്ച് 25 മുതൽ രാജ്യവ്യാപകമായി ലോക്ക് ഡൌൺ ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യൻ റെയിൽ‌വേ എല്ലാ പാസഞ്ചർ ട്രെയിനുകളും നിർത്തിവച്ചിരുന്നു. മെയ് 1 മുതൽ സർവീസ് പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് ശ്രാമിക് സ്പെഷ്യൽ ട്രെയിനുകൾ അവതരിപ്പിച്ചത്. കൂടാതെ, രാജ്യത്തുടനീളം 230 പ്രത്യേക ട്രെയിനുകളും ആരംഭിച്ചിരുന്നു. 

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
മെക്സിക്കൻ തീരുവ: ഇന്ത്യൻ കാർ കയറ്റുമതി പ്രതിസന്ധിയിൽ?