Latest Videos

നൂറില്‍ പത്തും ഇ- വണ്ടിയാകണം, പുതിയ നീക്കവുമായി ഈ സംസ്ഥാനം!

By Web TeamFirst Published Jun 1, 2021, 10:31 AM IST
Highlights

ഇതനുസരിച്ച് 100 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കുറഞ്ഞത് പത്ത് എണ്ണമെങ്കിലും ഇലക്ട്രിക് വാഹനമായിരിക്കും

വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പുതിയ നയവുമായി മഹാരാഷ്‍ട്ര സര്‍ക്കാര്‍.  2025 ഓടെ മുംബൈയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ 10 ശതമാനം ഇലക്ട്രിക് വാഹനമാണെന്ന്‌ ഉറപ്പാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഇക്കണോമിക്ക് ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.  മഹാരാഷ്ട്ര സംസ്ഥാനത്തിനായി ഒരുക്കിയിട്ടുള്ള ഇലക്ട്രിക് വാഹന നയത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്.  100 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കുറഞ്ഞത് പത്ത് എണ്ണമെങ്കിലും ഇലക്ട്രിക് വാഹനമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

2025-ല്‍ 10 ശതമാനം ഇലക്ട്രിക് ടൂ വീലറുകളും 20 ശതമാനം ഓട്ടോറിക്ഷകളും അഞ്ച് ശതമാനം കാറുകളും ഇലക്ട്രിക് ആക്കി മാറ്റാന്‍ സാധിക്കുമെന്നാണ് ഈ സംസ്ഥാനത്തിന്റെ പ്രതീക്ഷ. 2025 ആകുന്നതോടെ നിരത്തുകളിലെ വാഹനത്തിന്റെ പ്രധാന പങ്കും ഇലക്ട്രിക് വാഹനമാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. 

മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാനും ഇലക്ട്രിക് വാഹന നയത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എം.എസ്.ആര്‍.ടി.സിയുടെ ബസുകളുടെ 15 ശതമാനം ഇലക്ട്രിക്കിലേക്ക് മാറ്റാനും വകുപ്പ് ആലോചിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇപ്പോള്‍ പ്രതിവര്‍ഷം 32000 ഇലക്ട്രിക് വാഹനമാണ് ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നത്.

വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി  കൂടുതല്‍ ചാര്‍ജിങ്ങ് സ്‌റ്റേഷനുകളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കും. മുംബൈ നഗരത്തില്‍ 1500, പൂനെയില്‍ 500, നാഗ്പുര്‍ 150, നാസിക് 100, ഔറംഗാബാദില്‍ 75 എന്നിങ്ങനെയാണ് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നത്. ഇതിനുപുറമെ, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മിക്കുന്നതിനായി നിര്‍മാണ ഫാക്ടറിയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!