പുത്തന്‍ അമേസ് ഉടനെത്തും

By Web TeamFirst Published Jul 28, 2021, 11:00 AM IST
Highlights

വാഹനത്തിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായും 5,000 രൂപയ്ക്കാണ് ചില ഹോണ്ട ഡീലർഷിപ്പുകൾ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഇന്ത്യയിലെ ജനപ്രിയ കോംപാക്ട് സെഡാന്‍ അമേസിന്‍റെ പരിഷ്‍കരിച്ച പതിപ്പ് എത്തിക്കാനുള്ള നീക്കത്തിലാണ് കമ്പനി എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തിന്റെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായും 5,000 രൂപയ്ക്കാണ് ചില ഹോണ്ട ഡീലർഷിപ്പുകൾ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

എന്നാൽ, ഹോണ്ട കാർസ് ഇന്ത്യ പുത്തൻ അമേസിന്‍റെ ലോഞ്ച് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം തലമുറ ബ്രിയോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് അമേസിന്റെ പുതിയ പതിപ്പ് ഒരുങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍. റീഡിസൈൻ ചെയ്‍ത ഗ്രില്ലും ബമ്പറും, പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ അലോയ് വീലുകൾ എന്നിങ്ങനെയുള്ള ചില മാറ്റങ്ങൾ വാഹനത്തിലുണ്ടാകും. 

അമേസ് ഫേസ്-ലിഫ്റ്റിൽ ഹോണ്ട പുത്തൻ നിറങ്ങളും ഉൾപ്പെടുത്തും. റീഡിസൈൻ ചെയ്‍ത ഡാഷ്ബോർഡ്, പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പരിഷ്‍കരിച്ച അപ്ഹോൾസ്റ്ററി, ഇലക്ട്രിക് സൺറൂഫ് എന്നിവയാണ് ഇന്റീരിയറിൽ പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ. പുത്തന്‍ അമേസിന്‍റെ ഉയർന്ന വേരിയന്റുകളിൽ സിറ്റി സെഡാനിൽ ഹോണ്ട അവതരിപ്പിച്ച ചില ഫീച്ചറുകളും ഉണ്ടായേക്കും.

2013-ല്‍ എത്തിയ അമേസിന്‍റെ രണ്ടാം തലമുറ 2018ലാണ് എത്തുന്നത്. ഈ മോഡലാണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്. കോംപാക്ട് സെഡാന്‍ ശ്രേണിലെ മികച്ച വില്‍പ്പനയുള്ള മോഡലിനൊപ്പം, ഹോണ്ടയുടെ ടോപ്പ് സെല്ലിങ്ങ് കാറുകളുടെ പട്ടികയിലേക്കും അമേസ് എത്തിയിട്ടുണ്ട്. 2013 ഏപ്രിലില്‍ അവതരിപ്പിച്ച ശേഷം 2018 മാര്‍ച്ച് വരെ ഈ മോഡലിന്റെ 2.6 ലക്ഷം യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റഴിച്ചെന്നാണ് കണക്കുകള്‍. തുടര്‍ന്ന് 2018 മേയ് മാസത്തില്‍ അവതരിപ്പിച്ച രണ്ടാം തലമുറയുടെ 1.4 ലക്ഷം യൂണിറ്റുകളും ഇതുവരെ വിറ്റഴിച്ചുവെന്ന് കമ്പനി പറയുന്നു. ഇതിലെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് മികച്ച വില്‍പ്പന. അമേസ് വിൽപനയിൽ 44 ശതമാനത്തോളം വൻനഗരങ്ങളുടെ സംഭാവനയാണെന്നാണു ഹോണ്ടയുടെ കണക്ക്. അവശേഷിക്കുന്ന 56% രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിൽ നിന്നു ലഭിച്ചതാണ്. ഒപ്പം അമേയ്സിന്റെ ഓട്ടമാറ്റിക് പതിപ്പിനോടുള്ള പ്രിയമേറുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ആദ്യ തലമുറ അമേയ്സ് വിൽപനയിൽ 10 ശതമാനത്തിൽ താഴെ മാത്രമായിരുന്നു സി വി ടി പതിപ്പിന്റെ വിഹിതം. എന്നാൽ പുതിയ മോഡലിന്റെ വിൽപനയിൽ 20 ശതമാനത്തോളം ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള കാറുകളാണ്. 

2020 ഫെബ്രുവരിയിലാണ് വാഹനത്തിന്‍റെ ബിഎസ്6 പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. ബിഎസ് 6 പാലിച്ചപ്പോഴും വാഹനത്തിന്‍റെ എന്‍ജിന്‍ സ്‌പെസിഫിക്കേഷനുകളില്‍ മാറ്റം വന്നില്ല. 1.2 ലിറ്റര്‍ ഐ-വിടെക് പെട്രോള്‍, 1.5 ലിറ്റര്‍ ഐ-ഡിടെക് ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. 5 സ്പീഡ് മാന്വല്‍, സിവിടി എന്നിവ രണ്ട് എന്‍ജിനുകളുടെയും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ്. പെട്രോള്‍ എന്‍ജിന്‍ 89 ബിഎച്ച്പി, 110 എന്‍എം ഉല്‍പ്പാദിപ്പിക്കും. മാന്വല്‍ ട്രാന്‍സ്മിഷനുമായി ചേര്‍ത്തുവെച്ച ഡീസല്‍ എന്‍ജിന്‍ 99 ബിഎച്ച്പി, 200 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. സിവിടി ഘടിപ്പിക്കുമ്പോള്‍ 79 ബിഎച്ച്പി, 160 എന്‍എം ഉല്‍പ്പാദിപ്പിക്കും. കോംപാക്ട് സെഡാന്‍ ശ്രേണിയില്‍ മാരുതി സുസുക്കി ഡിസയര്‍, ഹ്യുണ്ടായി ഓറ, ഫോര്‍ഡ് ആസ്പയര്‍, ടാറ്റ ടിഗോര്‍ എന്നിവരാണ് അമേസിന്റെ എതിരാളികള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!