80 ശതമാനം വളര്‍ച്ചയുമായി ക്രെറ്റ, കണ്ണുനിറഞ്ഞ് ഹ്യുണ്ടായി!

By Web TeamFirst Published Dec 5, 2020, 3:32 PM IST
Highlights

രണ്ടാംതലമുറ ഹ്യുണ്ടായി ക്രെറ്റയ്‍ക്ക് വിപണിയില്‍ മികച്ച മുന്നേറ്റം

രണ്ടാംതലമുറ ഹ്യുണ്ടായി ക്രെറ്റയ്‍ക്ക് വിപണിയില്‍ മികച്ച മുന്നേറ്റം. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന വാഹനത്തിന്‍റെ 12,000 യൂണിറ്റുകളാണ് 2020 നവംബറില്‍ നിരത്തിലെത്തിയതെന്നും 12,017 യൂണിറ്റുകള്‍ നിര്‍മ്മാതാക്കള്‍ കയറ്റുമതി ചെയ്‍തു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

2019 നവംബറില്‍ ക്രെറ്റയുടെ 6,684 യൂണിറ്റുകള്‍ മാത്രമാണ് ഹ്യുണ്ടായി വിറ്റത്. പ്രതിമാസ വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 80 ശതമാനത്തിന്റെ വന്‍ വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയതെന്ന് ഗാഡിവാഡി റിപ്പോര്‍ട്ട് ചെയ്യുന്നു. 

2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്സ്‍പോയില്‍ ആണ് പുതിയ മോഡൽ ക്രെറ്റയെ കമ്പനി അവതരിപ്പിക്കുന്നത്. മാര്‍ച്ച് 17ന് ആയിരുന്നു വാഹനത്തിന്‍റെ വിപണിപ്രവേശനം. .9.81 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്സ്ഷോറൂം വില. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 17.31 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നല്‍കണം.

ഹ്യുണ്ടായി അടുത്തിടെ ചൈനയില്‍ പുറത്തിറക്കിയ ഐഎക്സ്25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ രണ്ടാം തലമുറ ആയി എത്തുന്നത്. ഏറെ ന്യൂജൻ ഫീച്ചറുകളുമായാണ് പുതിയ ക്രെറ്റ വിപണിയിലെത്തുന്നത്. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എന്നീ മൂന്ന് വ്യത്യസ്‍ത ഹൃദയങ്ങളുമായാണ് 2020 മോഡലിൻറെ വരവ്. ആദ്യ തലമുറയിൽനിന്ന് ഏറെ വ്യത്യസ്‍തമായ ഡിസൈനിങ്ങിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഇക്കോ, കംഫർട്ട്, സ്പോർട്ട് എന്നീ മൂന്ന് മോഡുകളിൽ ക്രെറ്റ ലഭ്യമാകും. 6 സ്പീഡ് ഓട്ടോമാറ്റിക് ഇൻറലിജൻറ് വാരിയബിൾ ട്രാൻസ്മിഷൻ, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസിമിഷൻ, 6 സ്പീഡ് മാനുവൽ ട്രാൻസിമിഷൻ എന്നീ ഗിയർ സംവിധാനവും ക്രേറ്റയിലിണ്ട്. 1.5 ലിറ്റർ ഡീസൽ എൻജിൻ പരമാവധി 115 പി.എസ് പവറും 25.5 കെ.ജി.എം ടോർക്കും ഉൽപ്പാദിപ്പിക്കും.

പരമാവധി 140 പി.എസ് പവറും 24.7 കെ.ജി.എം ടോർക്കുമാണ് 1.4 ലിറ്റർ ടർബോ പെട്രോൾ എൻജിൻ നൽകുക. 1.5 ലിറ്റർ പെട്രോൾ എൻജിനിൽനിന്ന് പരമാവധി 115 പി.എസ് പവറും 14.7 കെ.ജി.എം ടോർക്കും ലഭിക്കുമെന്ന് കമ്പനി ഉറപ്പുനൽകുന്നു. ഡീസൽ മാനുവലിൽ 21.4 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 18.5 കിലോമീറ്ററും മൈലേജ് ലഭിക്കും. പെട്രോൾ എൻജിൻ മാനുവലിൽ 16.8 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 16.9 കിലോമീറ്ററുമാണ് പ്രതീക്ഷിക്കുന്ന മൈലേജ്. ടർബോ പെട്രോൾ എൻജിനിൽ ഡി.സി.ടി ഗിയർ സംവിധാനമാണുള്ളത്. ഇതിൽനിന്ന് 16.8 കിലോമീറ്റർ മൈലേജ് വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

click me!