സ്‌പ്ലെൻഡറുമായി മത്സരിക്കാൻ 'ഹംഗേറിയൻ ഹീറോ', അമ്പരപ്പിക്കും വിലയും ഫീച്ചറുകളും!

By Web TeamFirst Published Oct 17, 2022, 10:19 AM IST
Highlights

ഈ സെഗ്‌മെന്റിലെ ഏറ്റവും ജനപ്രിയ ബൈക്കായ ഹീറോ സ്‌പ്ലെൻഡറിനെ നേരിടാനാണ് പുതിയ കീവേ ബൈക്ക് എത്തുന്നത്.

ഹംഗേറിയൻ ഇരുചക്ര വാഹനബ്രാൻഡായ കീവേ ഇന്ത്യ തങ്ങളുടെ പുതിയ ബൈക്ക് SR125 പുറത്തിറക്കി. 1.19 ലക്ഷം രൂപയാണ് റെട്രോ ശൈലിയിൽ എത്തുന്ന ഈ ബൈക്കിന്റെ എക്‌സ് ഷോറൂം വില. 125 സിസി സെഗ്‌മെന്റിലെ ഏറ്റവും വിലകൂടിയ ബൈക്കുകളില്‍ ഒന്നാണിത്. വെള്ള, കറുപ്പ്, ചുവപ്പ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഈ ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. ബൈക്കിനുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഈ സെഗ്‌മെന്റിലെ ഏറ്റവും ജനപ്രിയ ബൈക്കായ ഹീറോ സ്‌പ്ലെൻഡറിനെ നേരിടാനാണ് പുതിയ കീവേ ബൈക്ക് എത്തുന്നത്.

കീവേ SR 125 ന്റെ രൂപകൽപ്പനയെക്കുറിച്ച് പറയുകയാണെങ്കില്‍ ഇത് വളരെ ലളിതമാണ്. ടിയർ ഡ്രോപ്പ് ആകൃതിയിലുള്ള 14.5 ലിറ്റർ ഇന്ധന ടാങ്കാണ് ഇതിന് ലഭിക്കുന്നത്. സിംഗിൾ പോഡ് കളർ ഡിജിറ്റൽ ഡിസ്‌പ്ലേയുള്ള ചെറിയ ഹാലൊജൻ ഹെഡ്‌ലൈറ്റും ഉണ്ട്. ചെറിയ ഫെൻഡറും വൃത്താകൃതിയിലുള്ള ടെയിൽ ലൈറ്റുകളുമുള്ള ടെയിൽ വിഭാഗം വളരെ ചുരുങ്ങിയതാണ്. ഇത് ഗ്ലോസി വൈറ്റ്, ഗ്ലോസി ബ്ലാക്ക്, ഗ്ലോസി റെഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. എല്ലാ കളർ ഓപ്ഷനുകളും ഒരേ വിലയായ 1,19,000 രൂപയിൽ ലഭ്യമാണ്.

പള്ളിവേട്ടയ്ക്ക് റെഡിയായി ഇന്ത്യൻ യുവരാജൻ വിദേശത്തും!

ഇന്ധന ടാങ്കിൽ നിറവും സൈഡ് പാനലിൽ ഗ്രാഫിക്സും കാണാം. ഇന്ധന ടാങ്കിന് കീവേ ബാഡ്ജും ഉണ്ട്, സൈഡ് പാനലിൽ SR125 ലോഗോ ഉണ്ട്. എല്ലാ കളർ ഓപ്ഷനുകളും ബ്രൗൺ സീറ്റ് കവർ ഫീച്ചർ ചെയ്യുന്നു. കൂടാതെ, ഡിസൈനിന്റെ കാര്യത്തിൽ, വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, വൃത്താകൃതിയിലുള്ള സിംഗിൾ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രോം ഫ്യൂവൽ-ഫില്ലർ ക്യാപ്, 14.5 ലിറ്റർ ഇന്ധന ടാങ്ക്, സീറ്റ് കവറിന് റിബഡ് പാറ്റേൺ എന്നിവ ഉൾപ്പെടുന്ന ഒരു റെട്രോ സ്റ്റൈലിംഗ് SR125-ന് ലഭിക്കുന്നു. ഫീച്ചർ ലിസ്റ്റിൽ എൽഇഡി ലൈറ്റിംഗ്, കളർ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സംയുക്ത ബ്രേക്കിംഗ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു.

എഞ്ചിൻ കിൽ സ്വിച്ച്, ഡിജിറ്റൽ റൗണ്ട് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സിംഗിൾ പീസ് സീറ്റ് സെറ്റപ്പ്, ക്രോം ഫിനിഷ്, ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെൻഷൻ, ഡ്യുവൽ ഷോക്ക് റിയർ അബ്സോർബർ തുടങ്ങിയ ഫീച്ചറുകളാണ് കിവേ 125 സിസി ബൈക്കിന്റെ മറ്റ് സവിശേഷതകള്‍. ഇതുകൂടാതെ, ഈ ബൈക്കിൽ ഇരട്ട പർപ്പസ് ടയറുകൾ, കറുത്ത ഫിനിഷ്‍ഡ് സ്‌പോക്ക് വീലുകൾ എന്നിവയുണ്ട്.

125 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ് കിവേയിൽ നിന്നുള്ള പുതിയ ബൈക്കിന് കരുത്തേകുന്നത്. 10.05 bhp കരുത്തും 8.9 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് കഴിയും. അഞ്ച് ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് ഈ ബൈക്ക് എത്തുന്നത്. 17 ഇഞ്ച് വയർ സ്‌പോക്ക് വീലുകളാണ് ഇതിനുള്ളത്. 125 സിസി വിപണിയിൽ കെടിഎം ഡ്യൂക്ക് 125, ബജാജ് പൾസർ 125 തുടങ്ങിയ ബൈക്കുകൾക്കെതിരെയും ഇത് മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

"മൈലേജൊണ്ട്.. കരുത്തൊണ്ട്.. ഫീച്ചറൊണ്ട്.." ഇതാ ആദ്യ ഹീറോ വിദ, അറിയേണ്ടതെല്ലാം!

കീവേ 125 സിസിയുടെ ബ്രേക്കിംഗ് സിസ്റ്റത്തെക്കുറിച്ച് പറയുകയാണെങ്കിൽ, മുന്നിൽ 300 എംഎം ഡിസ്‌ക് ബ്രേക്കുകളും പിന്നിൽ 210 എംഎം ഡിസ്‌ക് ബ്രേക്കുകളും ലഭ്യമാണ്. ഏകദേശം 120 കിലോയാണ് ബൈക്കിന്റെ ഭാരം. ഇതിനുപുറമെ, ബൈക്കിന്റെ പിൻഭാഗത്ത് ഡ്യുവൽ ഷോക്ക് അബ്സോർബറുകളും മുൻവശത്ത് പരമ്പരാഗത ഫോർക്കുകളും കമ്പനി ചേർത്തിട്ടുണ്ട്.
 

click me!