പഴയ സെലേരിയോ അല്ല പുതിയ സെലേരിയോ!

By Web TeamFirst Published Aug 24, 2020, 2:09 PM IST
Highlights

വെറുമൊരു ഫെയ്സ്ലിഫ്റ്റ് മാത്രമായിരിക്കില്ല പുതുതലമുറ സെലേറിയോ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് സെലേറിയോയുടെ പുത്തന്‍ പതിപ്പ് വിപണിയില്‍ എത്താനൊരുങ്ങുകയാണ്. ഈ ഒക്ടോബറില്‍, ഉത്സവകാലത്ത് വാഹനം വിപണിയില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. 

വെറുമൊരു ഫെയ്സ്ലിഫ്റ്റ് മാത്രമായിരിക്കില്ല പുതുതലമുറ സെലേറിയോ എന്നാണ് റിപ്പോര്‍ട്ടുകള്‍. പൂര്‍ണമായും ഒരു അഴിച്ചുപണി വാഹനത്തില്‍ പ്രതീക്ഷിക്കാം. YNC എന്ന് കോഡ്‌നാമം നല്‍കിയിട്ടുള്ള പുത്തന്‍ സെലേറിയോ നിലവിലെ വാഗൻ ആറിന് അടിത്തറയാവുന്ന ഭാരം കുറഞ്ഞ അഞ്ചാം തലമുറ ഹാര്‍ടെക്റ്റ് പ്ലാറ്റ്ഫോമിനെയാകും അടിസ്ഥാനമാക്കുക. 

നിലവിൽ ഒരു ലീറ്റർ പെട്രോൾ എൻജിനോടെയാണു സെലേറിയൊ വിൽപ്പനയ്ക്കെത്തുന്നത്. എന്നാൽ പുതുതലമുറ സെലേറിയൊയിൽ വാഗൻ ആറിലെ പോലെ രണ്ട് എൻജിൻ സാധ്യതകൾ ലഭ്യമാവുമെന്നാണു സൂചന.  K10B 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാകും പുതിയ സെലേറിയോയുടെയും ഹൃദയമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ബിഎസ്6 എഞ്ചിന്‍ 67 bhp കരുത്തില്‍ 90 Nm ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും. സ്റ്റാന്‍ഡേര്‍ഡ് അഞ്ച് സ്പീഡ് മാനുവല്‍, ഓപ്ഷണല്‍ അഞ്ച് സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് എന്നിവയുമാകും ട്രാന്‍സ്‍മിഷന്‍.

എല്‍ഇഡി ഡിആര്‍എല്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, സ്‌റ്റൈലിഷ് അലോയികള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, റിയര്‍ വൈപ്പര്‍, മസ്‌കുലര്‍ ബമ്പറുകള്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള ഒആര്‍വിഎം തുടങ്ങിയ സവിശേഷതകളോടെയാകും സെലേറിയോ വിപണിയില്‍ എത്തുക.

ഡാഷ്ബോര്‍ഡ് മൗണ്ട് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണയും ലഭിക്കും. ഫാബ്രിക് സീറ്റുകള്‍, കപ്പ് ഹോള്‍ഡറുകള്‍, ഓട്ടോമാറ്റിക് എസി, സ്റ്റിയറിംഗ് മൗണ്ട്ഡ് കണ്‍ട്രോളുകള്‍ തുടങ്ങിയ സവിശേഷതകളും വാഹനത്തിലുണ്ടാകും.

ഫ്രണ്ട് എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് ക്യാമറ അസിസ്റ്റ്, സ്പീഡ് സെന്‍സര്‍, സീറ്റ് ബെല്‍റ്റുകള്‍, എബിഎസ്, ഇബിഡി മുതലായ സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ ഉണ്ടായിരിക്കും.

2014 ഓട്ടോ എക്സ്പോയിലാണ് ആദ്യമായി മാരുതി സുസുക്കി സെലേരിയോയെ അവതരിപ്പിക്കുന്നത്. നിലവില്‍ ഇന്ത്യൻ വിപണിയിൽ ടാറ്റ ടിയാഗൊയും ഹ്യുണ്ടായി സാൻട്രോയുമായിരുന്നു സെലേറിയൊയുടെ മുഖ്യ എതിരാളികൾ. എന്നാല്‍ രണ്ടാം തലമുറ സെലേറിയോയ്ക്ക് ഹ്യുണ്ടേയ് ഗ്രാൻഡ് ഐ 10നോടും ഏറ്റുമുട്ടാൻ കഴിഞ്ഞേക്കും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.

click me!