പൊലീസുകാര്‍ ഹെല്‍മെറ്റിട്ടില്ലെങ്കില്‍ ഇനി എസ്‍പിമാര്‍ക്ക് പണികിട്ടും!

By Web TeamFirst Published Jul 1, 2019, 3:47 PM IST
Highlights

സംസ്ഥാനത്ത് ഹെല്‍മെറ്റില്ലാതെ യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്‍താല്‍ ഇനി ജില്ലാ പോലീസ് മേധാവിമാര്‍ ഉത്തരം പറയേണ്ടിവരും. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഹെല്‍മെറ്റില്ലാതെ യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്‍താല്‍ ഇനി ജില്ലാ പോലീസ് മേധാവിമാര്‍ ഉത്തരം പറയേണ്ടിവരും. കീഴുദ്യോഗസ്ഥര്‍ ഹെല്‍മറ്റ് ധരിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിന്‍റെ ഉത്തരവാദിത്വം എസ്‍പിമാര്‍ക്ക് നല്‍കുന്നതിനുള്ള ഉത്തരവ് കഴിഞ്ഞദിവസം പൊലീസ് ആസ്ഥാനത്തു നിന്നും ഇറങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഉത്തര്‍പ്ദേശില്‍ 305 പൊലീസുകാരും തമിഴ്‍നാട്ടില്‍ 102 പൊലീസുകാരും ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ച് പിടിയിലായതിനു തൊട്ടുപിന്നാലെയാണ് കേരളത്തിലെ മുന്‍കരുതല്‍ നടപടി. ഇരുസംസ്ഥാനങ്ങളിലും സബ് ഇന്‍സ്‍പെക്ടര്‍മാരും വനിതകളും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരായിരുന്നു പിടിയിലായത്. 

ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുകയും നിയമലംഘകരെ പിടികൂടാന്‍ പരിശോധന നടക്കുകയും ചെയ്യുമ്പോഴാണ് പൊലീസുകാരുടെ നിയമലംഘനം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയാകുന്നത്.  ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പോലീസുകാര്‍ ഹെല്‍മെറ്റ് ധരിക്കുന്നത് ഉറപ്പാക്കാന്‍ ശ്രമം തുടങ്ങിയത്. 

സംസ്ഥാനത്ത് യൂണിഫോമില്‍ ഇരുചക്രവാഹനം ഓടിക്കുന്ന എല്ലാ പൊലീസുകാരും ഹെല്‍മറ്റ് ധരിക്കുന്നുണ്ടെന്നാണ് പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഔദ്യോഗികമായും അല്ലാത്തപ്പോഴും പൊലീസുകാര്‍ ഇരുചക്ര വാഹനങ്ങളോടിക്കുമ്പോള്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ് ധരിക്കണമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നുമാണ് പോലീസ് ആസ്ഥാനത്തു നിന്നുള്ള നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് നടന്ന 40,181 വാഹനാപകടങ്ങളില്‍ 15,600 അപകടങ്ങളും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 1382 പേര്‍ മരിക്കുകയും 11,034 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‍തെന്നാണ് കണക്കുകള്‍. 

അടുത്തിടെ ചെന്നൈ കാമരാജ് ശാലൈയില്‍ ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചു വന്ന എസ് ഐയെ കമ്മീഷണര്‍ പരസ്യമായി ശാസിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 

click me!