വിന്‍റേജ് വാഹന രജിസ്ട്രേഷന് ഇനി പുതിയ സംവിധാനം

By Web TeamFirst Published Dec 4, 2020, 3:25 PM IST
Highlights

രാജ്യത്ത് വിന്റേജ് അഥവാ ക്ലാസിക് വാഹനങ്ങളുടെ രജിസട്രേഷന്‍ സംവിധാനത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു

രാജ്യത്ത് വിന്റേജ് അഥവാ ക്ലാസിക് വാഹനങ്ങളുടെ രജിസട്രേഷന്‍ സംവിധാനത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. വിന്റേജ് വാഹനങ്ങൾക്ക് ഇനി പ്രത്യേക രജിസ്ട്രേഷൻ സംവിധാനവും നമ്പർ പ്ലേറ്റും വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് റോഡ് ട്രാന്‍സ്‍പോര്‍ട്ട് മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിലവിൽ വിന്റേജ് വാഹനങ്ങളുടെ രജിസ്ട്രേഷൻ പ്രക്രിയ നിയന്ത്രിക്കുന്നതിന് നിയമങ്ങളൊന്നുമില്ല. ഈ നിയമങ്ങൾ‌ 1989ലെ സെൻ‌ട്രൽ‌ മോട്ടോർ‌ വെഹിക്കിൾ നിയമങ്ങളിൽ ഉൾപ്പെടുത്താൻ‌ നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ നിയമത്തിലൂടെ ഇന്ത്യയിലെ പഴയ വാഹനങ്ങളുടെ പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദ്യത്തെ രജിസ്ട്രേഷൻ തീയതി മുതൽ 50 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഇരുചക്ര, നാലുചക്ര വാഹനങ്ങളെയാണ് വിന്റേജ് മോട്ടോർ വെഹിക്കിൾസ് ആയി പരിഗണിക്കുക. ഇവ വാണിജ്യ ആ‌വശ്യത്തിന് ഉപയോഗിക്കാത്ത വാഹനങ്ങളും ആയിരിക്കണം. അന്നത്തെക്കാലത്ത് ഇറക്കുമതി ചെയ്ത വാഹനങ്ങൾക്കും ഈ നിയമം ബാധകമാണ്. ചേസിസ്/ ബോഡി ഷെൽ/ എഞ്ചിൻ എന്നിവയിൽ മാറ്റം വരുത്തുന്നത് ഉൾപ്പെടെ കാര്യമായ ഓവർഹോൾ ഇല്ലാത്ത വാഹനങ്ങൾ മാത്രമേ വിന്റേജ് ആയി പരിഗണിക്കുകയുള്ളൂവെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കി. 

രജിസ്ട്രേഷനായുള്ള എല്ലാ അപേക്ഷകളും PARIVAHAN വെബ്‍സൈറ്റിലൂടെ നല്‍കണം. രജിസ്ട്രേഷൻ നമ്പറിൽ VA എന്ന് കൂടി സംസ്ഥാന കോഡിന് ശേഷം ചേർക്കും. പുതിയ നിയമപ്രകാരം, പുതിയ സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്നതിന് ഉടമയ്ക്ക് ഒരു കാറിന് 20,000 രൂപ ചെലവാകും, സർട്ടിഫിക്കറ്റ് 10 വർഷത്തേക്ക് സാധുവായിരിക്കും. ഈ രജിസ്ട്രേഷൻ പുതുക്കുന്നതിന് 5,000 രൂപ നൽകണം. 

മാത്രമല്ല, ക്ലാസിക്, വിന്റേജ് വാഹനങ്ങൾക്ക് ഇപ്പോൾ ഇന്ത്യയിലെ എല്ലാ പുതിയ വാഹനങ്ങൾക്കും ലഭിക്കുന്ന 10 അക്ക ആൽഫ ന്യൂമെറിക് ഫോർമാറ്റിൽ പുതിയ രജിസ്ട്രേഷൻ പ്രദർശിപ്പിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. 

click me!