പുത്തന്‍ സ്‍കോഡ ഒക്ടാവിയ അടുത്ത മാസം എത്തും

By Web TeamFirst Published Mar 23, 2021, 3:06 PM IST
Highlights

ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‍കോഡയുടെ ജനപ്രിയ എക്‌സിക്യൂട്ടീവ് സെഡാൻ ഒക്‌ടാവിയയുടെ നാലാം തലമുറ ഏപ്രില്‍ മാസം വിപണിയിലെത്തും

ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‍കോഡയുടെ ജനപ്രിയ എക്‌സിക്യൂട്ടീവ് സെഡാൻ ഒക്‌ടാവിയയുടെ നാലാം തലമുറ ഏപ്രില്‍ മാസം വിപണിയിലെത്തും. സ്‌കോഡ ഓട്ടോ ഇന്ത്യ വില്‍പ്പന, സര്‍വീസ്, വിപണന വിഭാഗം ഡയറക്റ്റര്‍ സാക്ക് ഹോളിസ് ഇക്കാര്യം സ്ഥിരീകരിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ഏപ്രില്‍ ഒന്നിന് ബിഎസ് 6 പ്രാബല്യത്തില്‍ വന്നതോടെ സ്‌കോഡ ഒക്ടാവിയ മോഡലിന്റെ ഇന്ത്യയിലെ വില്‍പ്പന അവസാനിപ്പിച്ചിരുന്നു. മുന്‍ തലമുറ ഒക്ടാവിയയ്ക്ക് ബിഎസ് 6 മലിനീകരണ മാനദണ്ഡങ്ങള്‍ക്കുള്ള അപ്‌ഡേറ്റുകള്‍ ലഭിച്ചില്ല, അതിനാല്‍ 2020-ന്റെ തുടക്കത്തില്‍ വാഹനം രാജ്യത്ത് വില്‍പ്പനയ്‌ക്കെത്താന്‍ സാധിച്ചിരുന്നില്ല.

2021 ഏപ്രില്‍ അവസാന വാരത്തില്‍ പുതു തലമുറ സ്‌കോഡ ഒക്ടാവിയ ഇന്ത്യയിലെത്തും. സ്‌കോഡ ഓട്ടോ ഇന്ത്യ വില്‍പ്പന, സര്‍വീസ്, വിപണന വിഭാഗം ഡയറക്റ്റര്‍ സാക്ക് ഹോളിസ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് മെയ് അവസാനത്തോടെ ഡെലിവറി ആരംഭിക്കും. പുതു തലമുറ സ്‌കോഡ ഒക്ടാവിയ സെഡാന്റെ വില 17 ലക്ഷം രൂപയില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായ് ഇലാന്‍ട്ര ആയിരിക്കും പ്രധാന എതിരാളി. പുതു തലമുറ സ്‌കോഡ ഒക്ടാവിയ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

ആഗോളതലത്തില്‍ അനാവരണം ചെയ്‍ത 2020 മോഡല്‍ ഒക്ടാവിയ ചെറിയ മാറ്റങ്ങളുമായാകും ഇന്ത്യന്‍ നിരത്തിൽ എത്തുക. നേരത്തെ പരീക്ഷണയോട്ടത്തിന് വിധേയമായ ഒക്‌ടാവിയയിൽ ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, ടെയിൽ ലൈറ്റുകൾ എന്നിവയുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ ഏറെ ആകർഷകമാണ്. കൂടാതെ 17 ഇഞ്ച് റോട്ടർ എയ്‌റോ അലോയ് വീലുകളും വശങ്ങളെ മനോഹരമാക്കുന്നു.

ഇന്ത്യയില്‍ എത്തുമ്പോല്‍ വാഹനത്തിന്‍റെ ഗൗണ്ട് ക്ലിയറൻസും കൂടുതലായിരിക്കും. ബ്രാൻഡിന്റെ MQB പ്ലാറ്റ്‌ഫോമിലെ പുനർനിർമിച്ച പതിപ്പിനെ അടിസ്ഥാനമാക്കി പുതിയ സ്‌കോഡ ഒക്ടാവിയ അതിന്റെ മുൻഗാമിയേക്കാൾ 19 മില്ലീമീറ്റർ നീളവും 15 മില്ലീമീറ്റർ വീതിയും കൂടുതലുള്ള കാറായിരിക്കും. വാഹനത്തിൽ 2.0 ലിറ്റർ ടിഎസ്‌ഐ പെട്രോൾ എഞ്ചിൻ മാത്രമായിരിക്കും വാഗ്ദാനം ചെയ്യുക. ഇത് 187 bhp കരുത്തും 320 Nm ടോർക്കും ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡി‌എസ്‌ജി ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭിക്കും.

പുതിയ ഒക‌്ടാവിയ ഈ ഡിസംബറില്‍ വിപണിയില്‍ എത്തേണ്ടതായിരുന്നു. എന്നാൽ കൊവിഡ്-19 ന്റെ സാഹചര്യത്തിലാണ് കമ്പനിയുടെ പിന്നോട്ടുപോകല്‍. വിപണിയിൽ എത്തുമ്പോൾ 20 മുതൽ 25 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്സ് ഷോറൂം വില. ഹോണ്ട സിവിക്, ഹ്യുണ്ടായി എലാൻട്ര എന്നീ മോഡലുകളുമായാകും സ്കോഡ ഒക്‌ടാവിയ ഇന്ത്യയിൽ മത്സരിക്കുക.

രാജ്യത്തെ മിഡ് പ്രീമിയം ശ്രേണിയില്‍ സ്‌കോഡ ഒക്ടാവിയ അതിവേഗം വളര്‍ന്നു വരുന്നുണ്ടെങ്കിലും മികച്ചൊരു വില്‍പ്പന സംഖ്യ നേടിക്കൊടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പുതിയ സ്‌കോഡ ഒക്ടാവിയയില്‍ അത്യാധുനികവും നവീനവുമായ സ്റ്റൈലിംഗ് സവിശേഷതയാകും ഇടംപിടിക്കുക. ഇത് മുന്‍ഗാമിയേക്കാള്‍ നീളവും വീതിയും ഉള്ളതിനാല്‍ വലിയ ക്യാബിനും ട്രങ്കും വാഗ്ദാനം ചെയ്യുന്നുണ്ട്. വെര്‍ച്വല്‍ കോക്ക്പിറ്റ്, ഒരു പൂര്‍ണ്ണ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഒന്നിലധികം എയര്‍ബാഗുകള്‍, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മറ്റ് നിരവധി പ്രീമിയം സവിശേഷതകള്‍ പുതിയ മോഡലില്‍ അടങ്ങിയിരിക്കുന്നു.

സ്‍കോഡ ഇതുവരെ നിര്‍മിച്ചത് എഴുപത് ലക്ഷം യൂണിറ്റ് ഒക്ടാവിയകള്‍ ആണെന്ന കണക്കുകളും അടുത്തിടെ പുറത്തുവന്നിരുന്നു. 70 ലക്ഷമെന്ന എണ്ണം തികച്ച ഒക്ടാവിയയെ സ്‌കോഡയുടെ  മ്ലാഡ ബോലെസ്ലാവ് പ്ലാന്റില്‍നിന്നും 2020 ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്.  1959 മുതല്‍ 1971 വരെയാണ് സ്‌കോഡ ഒക്ടാവിയ ആദ്യം നിര്‍മിച്ചിരുന്നത്. പിന്നീട് ആധുനിക കാലത്തെ ആദ്യ തലമുറ സ്‌കോഡ ഒക്ടാവിയ 1996 ല്‍ വിപണിയിലെത്തി. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിനുകീഴില്‍ വികസിപ്പിച്ച ആദ്യ സ്‌കോഡ ആയിരുന്നു ഒക്ടാവിയ.

click me!