പഴയ വാഹനങ്ങൾ വീട്ടിൽ ഉണ്ടോ? എങ്കിൽ പുതിയ ഫിറ്റ്‌നസ് ഫീസ് നിങ്ങളെ ഞെട്ടിക്കും

Published : Nov 24, 2025, 02:44 PM IST
Vehicle Fitness Fee, Old Vehicles in India, New Vehicle Fitness Fee, Vehicle Fitness Fee Hike

Synopsis

കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം രാജ്യത്തുടനീളമുള്ള വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്കാണ് ഏറ്റവും ഉയർന്ന വർദ്ധനവ്, ചില സന്ദർഭങ്ങളിൽ ഇത് പത്തിരട്ടി വരെയാണ്. 

രാജ്യത്തുടനീളമുള്ള വാഹന ഫിറ്റ്‌നസ് പരിശോധനകൾക്കുള്ള ഫീസ് കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. ഇന്ത്യയിലുടനീളമുള്ള വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസിൽ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) ഒരു വലിയ പരിഷ്‌ക്കരണം പ്രഖ്യാപിച്ചു. പുതിയ ഫീസ് കുത്തനെ വർദ്ധിക്കുന്നു. ചില വാഹനങ്ങൾക്ക് ഇത് പത്തിരട്ടി വരെ കൂടുതലാണ്. കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ (അഞ്ചാം ഭേദഗതി) പ്രകാരം വിജ്ഞാപനം ചെയ്ത പരിഷ്‌കാരങ്ങൾ ഉടനടി പ്രാബല്യത്തിൽ വരും എന്നാണ് റിപ്പോർട്ടുകൾ. 

10 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള വാഹനങ്ങൾക്കാണ് ഏറ്റവും ഉയർന്ന ഫിറ്റ്‌നസ് പരിശോധനാ ഫീസ് വർദ്ധിപ്പിച്ചിരിക്കുന്നത്. മുമ്പ്, ഏറ്റവും ഉയർന്ന ഫിറ്റ്‌നസ് ഫീസ് 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്കായിരുന്നു. എന്നാൽ കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിലെ അഞ്ചാം ഭേദഗതിക്ക് ശേഷം, ഒരു പുതിയ ഫീസ് ഘടന അവതരിപ്പിച്ചു. 10-15 വർഷം, 15-20 വർഷം, 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ എന്നിങ്ങനെ ഫിറ്റ്‌നസ് പരിശോധനകളുടെ ചെലവ് വർദ്ധിപ്പിച്ചു.

10 മടങ്ങ് വർദ്ധിപ്പിച്ചു

പഴയ വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനാ ഫീസ് ഇന്ത്യൻ സർക്കാർ 10 മടങ്ങ് വർദ്ധിപ്പിച്ചു. ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, എൽഎംവികൾ, എച്ച്ജിവികൾ, എംജിവികൾ എന്നിവയുടെ ഫീസ് ഘടനയും പരിഷ്‍കരിച്ചു. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) അനുസരിച്ച്, വാഹന ഫിറ്റ്നസ് പരിശോധനാ ഫീസ് വർദ്ധനവ് ഇന്ത്യൻ റോഡുകളിൽ നിന്ന് സുരക്ഷിതമല്ലാത്തതും ഉയർന്ന മലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങൾ നീക്കം ചെയ്യുന്നതിനും കൂടുതൽ കാര്യക്ഷമമായ വാഹനങ്ങൾ മാറ്റിസ്ഥാപിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.

ഫീസ് വർദ്ധന കണക്കുകൾ

മോട്ടോർ വാഹന നിയമത്തിലെ പുതിയ നിയമങ്ങൾ അനുസരിച്ച്, 15 വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസും പരിഷ്‍കരിച്ചു. ഇരുചക്ര വാഹനങ്ങൾ 400 രൂപ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ 600 രൂപ, മീഡിയം, ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾ 1,000 രൂപ എന്നിങ്ങനെ നൽകണം. ഫിറ്റ്നസ് ടെസ്റ്റിനും ഫിറ്റ്നസ് സർട്ടിഫിക്കറ്റിനുമുള്ള ഫീസുകളിലും വർധനയുണ്ട്. 20 വർഷം പിന്നിട്ട ഓട്ടോറിക്ഷകൾക്കും കാറുകൾക്കും ഫിറ്റ്നസ് ടെസ്റ്റ് നടത്തുന്നതിന് 600 രൂപ ആയിരുന്നത് 2000 രൂപ ആയി. 

15–20 വർഷം പഴക്കമുള്ള ഓട്ടോറിക്ഷകൾക്ക് 600 രൂപയായിരുന്നത് 1000 ആയി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് 20 വർഷം കഴിഞ്ഞ ഓട്ടോയ്ക്ക് 200 രൂപയിൽനിന്ന് 7,000 രൂപയാക്കി. 15–20 വർഷം പഴക്കമുള്ള ഓട്ടോറിക്ഷയ്ക്ക് 200 രൂപയെന്നത് 3500 രൂപയായി. 20 വർഷം കഴിഞ്ഞ ടാക്സി കാറുകൾക്ക് 200 രൂപയെന്നത് 15,000 രൂപയായി. 15–20 വർഷം പഴക്കമുള്ള ടാക്സി കാറുകൾക്ക് ഫീസ് 200 ൽ നിന്ന് 7500 രൂപയായി. ഹെവി വാഹനങ്ങൾക്ക് മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് ടെസ്റ്റ് നടത്തുന്നതിനു 1000 രൂപയും ഓട്ടമാറ്റിക് ടെസ്റ്റിങ് കേന്ദ്രം വഴിയുള്ളത് 1500 രൂപയുമായിരുന്നു ഫീസ്. ഇതു രണ്ടും 3000 രൂപയാക്കി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിന് 20 വർഷം കഴിഞ്ഞ ഹെവി വാഹനങ്ങൾക്ക് 200 രൂപ എന്നത് 25000 രൂപയാകും.

15–20 വർഷം പഴക്കമുള്ളവയ്ക്ക് ഇനി 12500 രൂപ അടയ്ക്കണം. പഴക്കം 13–15വർഷമാണെങ്കിൽ 200 എന്നത് 5000 രൂപയാകും. 10 നും 13നും ഇടയിലുള്ള ഹെവി വാഹനങ്ങൾക്ക് 200 രൂപയിൽ നിന്ന് 1000 രൂപയാകും. മീഡിയം വാഹനങ്ങളുടെ ടെസ്റ്റ് നടത്തുന്നതിന് 1000 എന്നത് 2600 രൂപയായി. 20 വർഷം കഴിഞ്ഞ മീഡിയം ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ 20,000 രൂപയടയ്ക്കണം. നേരത്തേ 200 രൂപയായിരുന്നു. 15–20 വർഷം പഴക്കമുള്ളവയ്ക്ക് 200ൽ നിന്ന് 10,000 രൂപയായി. 13–15 വർഷക്കാർക്ക് 200ൽ നിന്ന് 5000 രൂപയായി. 10–15 വർഷം പഴക്കമുള്ളവയ്ക്ക് ഫീസ് 200ൽ നിന്ന് 1000 രൂപയാക്കി ഉയർത്തി എന്നാണ് റിപ്പോർട്ടുകൾ.

ലക്ഷ്യം

വാഹന മാനദണ്ഡങ്ങൾ കർശനമാക്കുക, പഴയ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുക, പഴകിയ വാഹനങ്ങൾ ക്രമേണ ഒഴിവാക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്കുള്ള വിശാലമായ സർക്കാർ നീക്കത്തിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ.

 

PREV
Read more Articles on
click me!

Recommended Stories

സഞ്ചരിക്കുന്ന കോട്ട ഇന്ത്യയിലേക്ക്?! വൈറലായി മോദിയും പുടിനും ഒരുമിച്ച് സഞ്ചരിച്ച ആ കാ‍ർ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ