പരീക്ഷണയോട്ടത്തിനിടെ ക്യാമറയില്‍ കുടുങ്ങി പുത്തന്‍ ഹോണ്ട സിറ്റി

By Web TeamFirst Published Mar 16, 2020, 3:39 PM IST
Highlights

മൂടിക്കെട്ടലുകളില്ലാതെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന പുതിയ സിറ്റിയുടെ ചിത്രങ്ങള്‍ പുറത്തുവന്നു.

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ ഹോണ്ടയുടെ  പ്രീമിയം സെഡാനായ സിറ്റി അടിമുടി മാറ്റങ്ങളോടെ ഉടന്‍ ഇന്ത്യയിലേക്ക്. മൂടിക്കെട്ടലുകളില്ലാതെ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന പുതിയ സിറ്റിയുടെ ചിത്രങ്ങള്‍ പുറത്തുവന്നു.

വാഹനത്തിന്‍റെ പിന്നില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വലിയ മാറ്റങ്ങളാണ് പിന്‍ഭാഗത്ത് നല്‍കിയിട്ടുള്ളത്. പുതിയ ഡിസൈനിലുള്ള സ്ലീക്കര്‍ എല്‍ഇഡി ടെയ്ല്‍ലാമ്പ്, പുതുക്കിയ ബൂട്ട് ലിഡ്, പൂര്‍ണമായും രൂപമാറ്റം വരുത്തിയ ബമ്പര്‍, ബമ്പറില്‍ നല്‍കിയിട്ടുള്ള റിഫ്‌ളക്ടര്‍, ഡയമണ്ട് കട്ട് ഡ്യുവല്‍ ടോണ്‍ അലോയി എന്നിവയാണ് പിന്‍വശത്ത് വരുത്തിയിട്ടുള്ള പുതുമ.

ഹോണ്ടയുടെ മറ്റ് സെഡാന്‍ മോഡലുകളായ സിവിക്, അക്കോഡ് മോഡലുകളോട് സമാനമായ ഡിസൈനാണ് പുതുതലമുറ സിറ്റിയുടെ മുന്‍വശത്തിനെന്നാണ് സൂചന. ബംമ്പറിന്റെയും ഗ്രില്ലിന്റെയും വലിപ്പം കൂടി. എല്‍.ഇ.ഡി ഹെഡ്ലാമ്പ്, എല്‍.ഇ.ഡി ഡേടൈംറണ്ണിങ് ലൈറ്റ്, എല്‍.ഇ.ഡി ഫ്രണ്ട് ഫോഗ് ലാമ്പ് എന്നിവ മുന്‍വശത്തിന് അലങ്കാരമാകുമെന്നാണ് റിപ്പോര്‍ട്ട്.

പുതുതലമുറ സിറ്റിയുടെ മെക്കാനിക്കല്‍ വിവരങ്ങളുടെ രേഖയും പുറത്തുവന്നിട്ടുണ്ട്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പുതുതലമുറ സിറ്റിയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. 1498 സിസിയില്‍119 ബിഎച്ച്പി പവറാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. മുന്‍ മോഡലിനെക്കാള്‍ രണ്ട് ബിഎച്ച്പി അധിക കരുത്ത് ഈ മോഡലിനുണ്ട്.

4569 എംഎം നീളവും 1748 എംഎം വീതിയും 1489 എംഎം ഉയരവും 2600 എംഎം വീല്‍ബേസുമാണ് പുതിയ സിറ്റിക്കുള്ളത്. മുന്‍ മോഡലിനെക്കാള്‍ 109 എംഎം നീളവും 53 എംഎം വീതിയും പുതിയ മോഡലിന് അധികമുണ്ട്. എന്നാല്‍, ഉയരം ആറ് എംഎം കുറവാണെന്നാണ് പുറത്തുവന്നിട്ടുള്ള രേഖയിലുള്ളത്. വീല്‍ബേസില്‍ മാറ്റം വരുത്തിയിട്ടില്ല.

1998 ജനുവരിയിലാണ് ഹോണ്ടയുടെ ഉപസ്ഥാപനമായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) ആഭ്യന്തര വിപണിയിൽ സിറ്റി വിൽപ്പനയ്ക്കു തുടക്കമിടുന്നത്. വിപണിയിലെത്തിയ ശേഷം 2003ല്‍ രണ്ടാം തലമുറയും 2008ല്‍ മൂന്നാംതലമുറയും 2014ല്‍ നാലാം തലമുറയും ഇന്ത്യന്‍ നിരത്തുകളിലെത്തി. ഈ നാലാം തലമുറയാണ് ഇപ്പോള്‍ നിരത്തുകളിലുള്ളത്.

ഇന്ത്യൻ വിപണിയിൽ ഏഴു ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടം കൈവരിക്കുന്ന ആദ്യ പ്രീമിയം സെഡാനെന്ന നേട്ടം 2017 ഒക്ടോബറില്‍ സിറ്റി സ്വന്തമാക്കിയിരുന്നു. നിലവിൽ സിറ്റിയുടെ മൊത്തം വിൽപ്പനയിൽ 25 ശതമാനത്തിലേറെ ഇന്ത്യയുടെ സംഭാവനയെന്നതാണ് ശ്രദ്ധേയം.

മാരുതി സുസുക്കി സിയാസ്, ടൊയോട്ട യാരിസ്, വരാനിരിക്കുന്ന പുതിയ ഹ്യുണ്ടായ് വെര്‍ണ, സ്‌കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നിവരാണ് പുതിയ സിറ്റിയുടെ പ്രധാന എതിരാളികള്‍. 

click me!