സര്‍വീസ്, വാറന്‍റി കാലാവധികള്‍ നീട്ടി നിസാന്‍

By Web TeamFirst Published May 24, 2021, 8:41 PM IST
Highlights

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാൻ സര്‍വീസിനും വാറന്‍റിക്കും കൂടുതല്‍ സമയം നീട്ടി നല്‍കി. 

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാൻ സര്‍വീസിനും വാറന്‍റിക്കും കൂടുതല്‍ സമയം നീട്ടി നല്‍കി. കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തുടനീളം നിയന്ത്രണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് നടപടിയെന്ന് ഡ്രൈവ് സ്‍പാര്‍ക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക്ക് ഡൌണ്‍ കാലഘട്ടത്തില്‍ നഷ്‍ടപ്പെടുന്ന സൗജന്യ സര്‍വീസുകളും കാലാവധി അവസാനിക്കുന്ന വാറന്‍റിയും രണ്ട് മാസത്തേക്ക് നീട്ടി നല്‍കാനാണ് നിസാന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  സോഷ്യല്‍ മീഡിയയിലൂടെയാണ് നിസാന്‍ സര്‍വീസിന് സമയം നീട്ടി നല്‍കിയതായി അറിയിച്ചത്.  ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ഇപ്പോള്‍ വീട്ടിലിരിക്കുക എന്നത് നാടിന്റെ സുരക്ഷയ്ക്ക് തന്നെ അനിവാര്യമാണെന്നും നിസാന്റെ ട്വീറ്റില്‍ പറയുന്നു.  ഈ പ്രതിസന്ധി സാഹചര്യങ്ങള്‍ മാറുന്നതോടെ കമ്പനി വീണ്ടും ഉപഭോക്താക്കളിലേക്ക് എത്തുമെന്ന് ഉറപ്പുനല്‍കുന്നതായും നിസാന്‍ ഇന്ത്യ ട്വിറ്ററില്‍ കുറിക്കുന്നു.

സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഇത് വീണ്ടും നീട്ടി നല്‍കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.  കിക്‌സ്, മാഗ്‌നൈറ്റ് എന്നീ മോഡലുകളാണ് നിസാന്‍ ഇന്ത്യയില്‍ എത്തിക്കുന്ന വാഹനങ്ങള്‍. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാൻ 2020 ഡിസംബര്‍ ആദ്യവാരമാണ് മാഗ്നൈറ്റ് സബ് കോംപാക്റ്റ് എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. വളരെപ്പെട്ടെന്നാണ് വാഹനം മികച്ച ബുക്കിംഗ് നേടിയത്. വിപണിയിലും നിരത്തിലും മാഗ്‌നൈറ്റിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. 

അതേസമയം ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിലെ മറ്റ് വാഹന നിര്‍മാതാക്കളും വാഹനങ്ങളുടെ സര്‍വീസിനും വാറന്‍റിക്കും സമയം നീട്ടി നല്‍കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!