പുതുവര്‍ഷത്തില്‍ വില കൂട്ടാനൊരുങ്ങി ഈ കമ്പനിയും

By Web TeamFirst Published Dec 12, 2019, 4:17 PM IST
Highlights

ഈ വാഹന കമ്പനിയും വില കൂട്ടുന്നു

2020 ജനുവരി മുതല്‍ ജാപ്പനീസ് വാഹനനിര്‍മാതാക്കളായ നിസാന്റെയും ഡാറ്റ്സണിന്റെയും എല്ലാ മോഡലുകളുടെയും വില ഉയര്‍ത്തും. വില അഞ്ച് ശതമാനം ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മാണ ചെലവും പാര്‍ട്സിന്റെ വിലയും ഉയര്‍ന്നതിനെ തുടര്‍ന്നാണ് വാഹനങ്ങളുടെ വില ഉയര്‍ത്തുന്നതെന്നാണ് കമ്പനി പറയുന്നത്. 

മോഡലുകള്‍ക്കനുസരിച്ച് 5000 രൂപ മുതല്‍ 10, 000 രൂപ വരെ ഉയരുമെന്നാണ് സൂചന. മൈക്രയാണ് നിസാന്‍ നിരയിലെ ഏറ്റവും ചെറിയ വാഹനം. കിക്സാണ് നിസാന്റെ വലിയ വാഹനം. റെഡി-ഗോ, ഗോ എന്നീ വാഹനങ്ങളാണ് ഡാറ്റ്സണ്‍ ഇന്ത്യയിലെത്തിക്കുന്ന മോഡലുകള്‍.

5.29 ലക്ഷം രൂപ മുതല്‍ 9.55 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങള്‍ നിസാന്‍ ഇന്ത്യയില്‍ എത്തിക്കുന്നുണ്ട്. നിസാന്‍ റെഡ് വീക്കന്‍ഡ് ഓഫറുകളുടെ ഭാഗമായി എസ്യുവി മോഡലായ കിക്സിന് 40,000 രൂപ ഡിസ്‌കൗണ്ടും 40,000 രൂപ എക്സ്ചേഞ്ച് ബോണസും 10,000 രൂപ കോര്‍പറേറ്റ് ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. ഡാറ്റ്സണ്‍ വാഹനനിരയിലെ റെഡി-ഗോയ്ക്ക് 65,000 രൂപ വരെയും ആനുകൂല്യങ്ങളുണ്ട്. 

രാജ്യത്തെ മറ്റു വാഹന നിര്‍മാതാക്കളും വില ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഹ്യുണ്ടായിയും മാരുതി സുസുക്കിയും ടാറ്റ മോട്ടോഴ്‍സും വില വര്‍ധന പ്രഖ്യാപിച്ചിരുന്നു. വിവിധ ഉൽപ്പാദന ചെലവുകൾ വർദ്ധിക്കുകയും അതിന് ആനുപാതികമായി ലാഭം ഉണ്ടാവാതിരിക്കുകയും ചെയ്‍ത സാഹചര്യത്തിലാണ് വിവിധ മോഡലുകളുടെ വില വർദ്ധിപ്പിക്കാൻ  തീരുമാനിച്ചതെന്ന് മാരുതി അധികൃതർ റെഗുലേറ്ററി ഫയലിങ്ങിൽ വ്യക്തമാക്കിയിരുന്നു.

വാഹനങ്ങള്‍ ബിഎസ്6 എഡിഷനിലേക്ക് മാറുന്നതോടെ ജനുവരി മുതല്‍ കാറുകള്‍ക്ക് വില കൂടുമെന്നാണ് ടാറ്റ മോട്ടോഴ്‌സിന്റെ യാത്രാ വാഹന ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീഖാണ് വ്യക്തമാക്കിയത്. വര്‍ധിക്കുന്ന നിരക്ക് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരിയാണെന്നും ഏകദേശം 10,000 മുതല്‍ 15,000 രൂപ വരെ വില ഉയരാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരിയില്‍ വാഹനങ്ങളുടെ വില ഉയര്‍ത്തുമെന്ന് കിയ മോട്ടോഴ്‍സ് മുമ്പുതന്നെ അറിയിച്ചിരുന്നു. ഇനി വരും ദിവസങ്ങളില്‍ കൂടുതല്‍ വാഹന നിര്‍മാതാക്കള്‍ വില വര്‍ധനവ് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!