പരീക്ഷണയോട്ടം തുടങ്ങി നിസാന്‍ മാഗ്നൈറ്റ്

By Web TeamFirst Published Jul 9, 2020, 4:10 PM IST
Highlights

ഇത് ആദ്യമായിട്ടാണ് വാഹനം പരീക്ഷണയോട്ടത്തിന് ഇറങ്ങുന്നതെന്നാണ് സൂചന. 
 

ജാപ്പനീസ് വാഹനനിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് എത്തിക്കുന്ന മാഗ്‌നൈറ്റിന്റെ കണ്‍സെപ്റ്റ് മോഡല്‍ ജൂലൈ 16-ന് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇപ്പോഴിതാ പരീക്ഷണയോട്ടം നടത്തുന്ന ഈ വാഹനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പൂര്‍ണമായും മൂടികെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. ഇത് ആദ്യമായിട്ടാണ് വാഹനം പരീക്ഷണയോട്ടത്തിന് ഇറങ്ങുന്നതെന്നാണ് സൂചന. 

ബംഗളൂരുവിലാണ് വാഹനം പരീക്ഷണയോട്ടത്തിന് ഇറങ്ങിയതെന്നും പ്രൊഡക്ഷന്‍ പതിപ്പാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും, ക്രോം ആവരണത്തോടെയുള്ള ഗ്രില്ലും, L-ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകളും കമ്പനി വെളിപ്പെടുത്തിയിരുന്നു.

റെനോയുടെ എച്ച്‌ബിസി കൺസെപ്റ്റിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ പുതിയ വാഹനം ഒരുക്കുന്നത്. റെനോയുടെ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന സിഎംഎഫ്എ പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെയും നിര്‍മ്മാണം. ഫീച്ചര്‍ സമ്പന്നമാവും നാലുമീറ്ററിൽ താഴെ വലിപ്പമുള്ള ഈ അഞ്ച് സീറ്റര്‍ വാഹനം.  

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്സ്‌യുവി 300, ടാറ്റ നെക്‌സോണ്‍, വരാനിരിക്കുന്ന കിയ സോണറ്റ് തുടങ്ങിയവരായിരിക്കും നിസാന്‍ മാഗ്‌നൈറ്റിന്റെ മുഖ്യ എതിരാളികൾ. ഏകദേശം 5.25 ലക്ഷം ആയിരിക്കും നിസാൻ മാഗ്‌നൈറ്റിന്‍റെ അടിസ്ഥാന മോഡലിന്റെ വില ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. 

നേരത്തെ, ഈ വർഷം വരാനിരിക്കുന്ന ഫെസ്റ്റിവല്‍ സീസണിന്റെ ഭാഗമായി മാഗ്‌നെറ്റ് കോംപാക്ട് എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത് ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലേക്ക് മാറ്റിയെന്നാണ് സൂചന.

അഞ്ച് സ്‌പോക്ക് ഡ്യുവല്‍ ടോണ്‍ അലോയി വീലുകള്‍, ബ്ലാക്ക് വീല്‍ ആര്‍ച്ച്, സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലാമ്പ്, ബംമ്പറില്‍ നിന്ന് ഹെഡ്‌ലൈറ്റിലേക്ക് നീളുന്ന എല്‍ഇഡി ഡിആര്‍എല്‍, സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയുള്ള മസ്‌കുലര്‍ ബംമ്പര്‍ തുടങ്ങിയവയായിരിക്കും ഈ വാഹനത്തിന് ലഭിക്കുക. നിസാന്‍ ഇന്റലിജന്റ് മൊബിലിറ്റിയുടെ ഭാഗമായി ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഇതില്‍ അവതരിപ്പിക്കുന്നത്.

കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ ആവശ്യക്കാര്‍ ഏറിയതോടെയാണ് പുത്തന്‍ വാഹനത്തെ നിസാന്‍ അവതരിപ്പിക്കുന്നത്. ഇതേ ശ്രേണിയിലേക്ക് നേരത്തെ കിക്ക്സിനെ അവതരിപ്പിച്ചെങ്കിലും കാര്യമായ വില്‍പ്പന വാഹനത്തിന് ലഭിക്കാത്തതും പുതിയ വാഹനത്തെപ്പറ്റി ചിന്തിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

click me!