"ഡീസൽ വളരെ അപകടകാരി, പക്ഷേ ഞാൻ ഡീസലിന് എതിരല്ല, കമ്പനികള്‍ ശ്രദ്ധിക്കുക" നിലപാട് വ്യക്തമാക്കി ഗഡ്‍കരി

Published : Sep 15, 2023, 04:43 PM IST
"ഡീസൽ വളരെ അപകടകാരി, പക്ഷേ ഞാൻ ഡീസലിന് എതിരല്ല, കമ്പനികള്‍ ശ്രദ്ധിക്കുക" നിലപാട് വ്യക്തമാക്കി ഗഡ്‍കരി

Synopsis

ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ അധിക നികുതിയെക്കുറിച്ചുള്ള തന്റെ പരാമർശം വ്യക്തമാക്കാൻ ശ്രമിച്ച ഗഡ്‍കരി, മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ വാഹന നിർമ്മാതാക്കളെ അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു

ഡീസൽ ഇന്ധനത്തിന് എതിരല്ലെന്ന് വ്യക്തമാക്കി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ അധിക നികുതിയെക്കുറിച്ചുള്ള തന്റെ പരാമർശം വ്യക്തമാക്കാൻ ശ്രമിച്ച ഗഡ്‍കരി, മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ വാഹന നിർമ്മാതാക്കളെ അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡീസൽ വാഹനങ്ങൾക്ക് നികുതി ചുമത്താൻ നിർദേശമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്നതിന് ഡീസൽ എഞ്ചിൻ വാഹനങ്ങൾക്ക് 10 ശതമാനം അധിക നികുതി ചുമത്തുന്നത് സംബന്ധിച്ച് നിതിൻ ഗഡ്‍കരി കഴിഞ്ഞ ദിവസം നടത്തിയ പരാമർശം ഏറെ വിവാദങ്ങൾ സൃഷ്‍ടിച്ചിരുന്നു. സെപ്തംബർ 12 ന്, ഓട്ടോമൊബൈൽ നിർമ്മാതാക്കളുടെ സംഘടനയായ സിയാമിന്റെ വാർഷിക കൺവെൻഷനിൽ സംസാരിക്കുന്നതിനിടെയാണ് മലിനീകരണ തോത് ഉയരുന്നത് ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണെന്നും ഡീസൽ വാഹനങ്ങളുടെ വിൽപ്പന തടയാൻ നികുതി വർധിപ്പിക്കുന്ന സാഹചര്യമുണ്ടെന്ന് മന്ത്രി പറഞ്ഞത്. എന്നാല്‍ തൊട്ടുപിന്നാലെ മന്ത്രി ഇത് തിരുത്തിയിരുന്നു. ഇത്തരമൊരു നിർദ്ദേശം സർക്കാരിന്റെ സജീവ പരിഗണനയിലില്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി . താൻ ഡീസൽ ഇന്ധനത്തിന് എതിരല്ലെന്നും ഡീസൽ വാഹനങ്ങൾക്ക് സർക്കാർ ഒരു നികുതിയും ഈടാക്കാൻ പോകുന്നില്ലെന്നും പറഞ്ഞാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

"കാശുള്ളവൻ ഹമ്മർ വാങ്ങുമ്പോള്‍, പാവങ്ങളോ ഇടികൊണ്ടുമരിക്കുന്നു"കൊടുംക്രൂരത ഓര്‍മ്മിപ്പിച്ച് വീണ്ടും ആ ഹമ്മർ!

മലിനീകരണത്തിന്റെ വീക്ഷണകോണിൽ ഡീസൽ വളരെ അപകടകാരിയാണെന്നും ഇത് ഇന്ത്യയിൽ ആരോഗ്യപ്രശ്‍നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഗഡ്‍കരി ചൂണ്ടിക്കാട്ടി. ഇക്കാര്യം തിരിച്ചറിഞ്ഞ് ഓട്ടോമൊബൈൽ വ്യവസായം അതത് വാഹനങ്ങളിൽ ബദൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഗഡ്‍കരി നിർദ്ദേശിച്ചു. മലിനീകരണം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗം ഇതര ഇന്ധനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് വ്യവസായത്തോടുള്ള തന്റെ നിർദ്ദേശമെന്നും ഗഡ്‍കരി പറഞ്ഞു. താൻ ഒരു വ്യവസായത്തിനും എതിരല്ലെന്നും ഇന്ത്യൻ സർക്കാർ ഇതിനകം തന്നെ ഇലക്ട്രിക് കാറുകൾക്ക് പ്രോത്സാഹനം നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിൽ ഇന്ത്യയിലെ വാഹനങ്ങൾക്ക് 28 ശതമാനം ജിഎസ്ടിയാണ് നികുതി. കൂടാതെ, വാഹനത്തിന്റെ തരം അനുസരിച്ച് ഒരു ശതമാനം മുതൽ 22 ശതമാനം വരെ സെസ് ബാധകമാണ്. എസ്‌യുവികളും എംപിവികളും 28 ശതമാനം നിരക്കിൽ ഏറ്റവും ഉയർന്ന ജിഎസ്ടിയും 22 ശതമാനം സെസും നല്‍കുന്നു.

PREV
Read more Articles on
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?