വേഗപരിശോധന, കേന്ദ്രമന്ത്രിയുമായി ഇന്നോവയുടെ എതിരാളി പാഞ്ഞത് 170 കിമീ വേഗതയില്‍!

By Web TeamFirst Published Sep 20, 2021, 3:57 PM IST
Highlights

യു- ടേണ്‍ എടുത്തതിന് ശേഷം അതിവേഗത്തിലാണ് ഡ്രൈവര്‍ കാര്‍ ഓടിക്കുന്നത്. മണിക്കൂറില്‍ 170 കിലോമീറ്റര്‍ സ്‍പഡിലാണ് കാര്‍ പോകുന്നത്. 

ദില്ലി - മുംബൈ എക്‌സ്പ്രസ് വേയില്‍ വേഗപരിശോധനയ്ക്ക് നേരിട്ടെത്തിയ കേന്ദ്രമന്ത്രിക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ. കേന്ദ്ര റോഡ് ഉപരിതലാ ഗാതഗത വകുപ്പ് മന്ത്രി മന്ത്രി നിതിൻ ഗഡ്​കരിയാണ്​ കിയ കാർണിവലിൽ 170 കിലോമീറ്റർ വേഗതയിൽ ഹൈവേയിലൂടെ പാഞ്ഞ് പരിശോധന നടത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെയുള്ള ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അതിവേഗപാത ദില്ലി-മുംബൈ എക്‌സ്പ്രസ് വേയുടെ പുരോഗതി പരിശോധിക്കാനാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്‍കരി വേഗപരിശോധന നടത്തിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിൽ, എക്സ്പ്രസ് വേയുടെ പുരോഗതി ഗഡ്​കരി നേരിട്ട് അവലോകനം ചെയ്​തു.

മന്ത്രിയുടെ ടെസ്​റ്റ്​ ഡ്രൈവ്​ സോഷ്യല്‍ മീഡിയയല് വൈറലായി. മന്ത്രിയുടെ കിയ കാർണിവല്‍ കാറിലായിരുന്നു വേഗപരിശോധന.  മന്ത്രി പാസഞ്ചർ സീറ്റിൽ ഇരിക്കുന്നതും വീഡിയോയിൽ കാണാം. മന്ത്രിയോടൊപ്പം എക്‌സ്പ്രസ് വേയുടെ ഉദ്യോഗസ്ഥരും കാറിലുണ്ടായിരുന്നു. മുന്‍സീറ്റിലിരിക്കുന്ന മന്ത്രി എക്‌സ്പ്രസ് വേയുടെ പ്രയോജനങ്ങള്‍ വിശദീകരിക്കുന്നുണ്ട്. യു- ടേണ്‍ എടുത്തതിന് ശേഷം അതിവേഗത്തിലാണ് ഡ്രൈവര്‍ കാര്‍ ഓടിക്കുന്നത്. മണിക്കൂറില്‍ 170 കിലോമീറ്റര്‍ സ്‍പഡിലാണ് കാര്‍ പോകുന്നത്. പാത വാഹനങ്ങള്‍ക്കായി തുറന്നുകൊടുക്കാത്ത സാഹചര്യത്തിലാണ് ഇത്തരം ഉയര്‍ന്ന സ്‍പീഡില്‍ വേഗപരിശോധന സാധ്യമായത്.  ഹൈവേ നിലവിൽ തുറന്നിട്ടില്ലാത്തതിനാൽ, ഗഡ്​കരിയുടെ വാഹനവ്യൂഹം മാത്രമാണ് ഈ ഭാഗത്തുണ്ടായിരുന്നത്​. അതിനാൽതന്നെ വേഗ പരിശോധന നടത്തുന്നത് സുരക്ഷിതമായിരുന്നു. 

കേന്ദ്ര സർക്കാർ നിർമിക്കുന്ന ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ഹൈവേ 2023 മാർച്ച് മാസത്തോടെ തയ്യാറാകുമെന്നും ഗഡ്​കരി പ്രഖ്യാപിച്ചു. 98,000 കോടി രൂപ ചെലവിൽ വികസിപ്പിച്ച ഹൈവേ ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ രണ്ട്​ നഗരങ്ങൾ തമ്മിലുള്ള യാത്രാ സമയം ഏകദേശം 12 മണിക്കൂർ ആയി കുറയ്ക്കും. 

ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2023ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2018 മാര്‍ച്ച് 9ന് തറക്കല്ലിട്ട് നിര്‍മാണം തുടങ്ങിയ പദ്ധതിയുടെ 1200ലധികം കിലോമീറ്റര്‍ നിര്‍മിക്കാനുള്ള കരാറുകള്‍ ഇതിനോടകം തന്നെ നല്‍കിക്കഴിഞ്ഞു. ഇതിന്‍റെ പണി പുരോഗമിക്കുകയാണ്.  1,380 കിലോമീറ്റർ ആണ്​ ദൂരം. അതിവേഗ പാതയിൽ 12 വരികൾ വരെ വികസിപ്പിക്കാവുന്ന എട്ട് പാതകളുണ്ടാകും. എട്ട് പാതകളിൽ നാലെണ്ണം ഇലക്ട്രിക് വാഹനങ്ങൾക്കായി നീക്കിവയ്ക്കും. 1,380 കിലോമീറ്ററിൽ, 1200 കിലോമീറ്ററിലധികം ഭാഗങ്ങൾക്ക്​ കരാറുകൾ ഇതിനകം നൽകിയിട്ടുണ്ട്.

പുതിയ എക്‌സ്പ്രസ് വേ ഡല്‍ഹി -മുംബൈ യാത്രാ സമയം 24 മണിക്കൂറില്‍ നിന്ന് ഏകദേശം 12 മണിക്കൂറായി കുറയ്ക്കുകയും 130 കിലോമീറ്റര്‍ ലാഭിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇത് പ്രതിവര്‍ഷം 320 ദശലക്ഷം ലിറ്ററിലധികം ഇന്ധനം ലാഭിക്കുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് ഏകദേശം 850 ദശലക്ഷം കിലോഗ്രാം കുറയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ കാര്‍ണിവല്‍ എംപിവിയെയാണ് വേഗപരിശോധനയ്ക്ക് മന്ത്രി തെരെഞ്ഞെടുത്തതെന്നും ശ്രദ്ധേയമായി. ഇന്ത്യൻ എംപിവി വിപണിയിലെ രാജാവ് ടൊയോട്ട ഇന്നോവയ്ക്ക് ഇരുട്ടടിയുമായിട്ടാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ കാര്‍ണിവല്‍ എത്തിയത്.  2020 ഫെബ്രുവരിയിൽ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് ഇന്ത്യയിലെ തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നമായ കാർണിവൽ  പ്രീമിയം എംപിവിയെ കമ്പനി പുറത്തിറക്കിയത്. വിപണിയില്‍ മികച്ച പ്രതികരണവുമായി മുന്നേറിയ വാഹനത്തിന്‍റെ  പുതിയ തലമുറയെ 2020 ഓഗസ്റ്റിൽ കമ്പനി വെളിപ്പെടുത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!