ലൈസൻസ് പുതുക്കാൻ തത്ക്കാലം ഡ്രൈവിങ് ടെസ്റ്റ് വേണ്ട

By Web TeamFirst Published Feb 12, 2020, 10:15 AM IST
Highlights

കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ തത്ക്കാലം ഡ്രൈവിങ് ടെസ്റ്റ് ആവശ്യമില്ല

കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ തത്ക്കാലം ഡ്രൈവിങ് ടെസ്റ്റ് ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തിലെ ഇതു സംബന്ധിച്ച കര്‍ശന വ്യവസ്ഥകള്‍ക്ക് സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെത്തുടർന്ന് മാര്‍ച്ച് 31 വരെയാണ് കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കിയിരിക്കുന്നത്.

2019 ഒക്ടോബര്‍ മുതല്‍ കേന്ദ്ര നിയമഭേദഗതിയെത്തുടർന്ന് ലൈസൻസ് പുതുക്കുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കിയിരുന്നു. പുതിയ നിയമം അനുസരിച്ച് ലൈസൻസ് കാലാവധി കഴിഞ്ഞ് ഒരുവർഷത്തിനുള്ളിൽ അപേക്ഷ നൽകിയാൽ മാത്രമേ പിഴ നൽകി പുതുക്കാൻ കഴിയുകയുള്ളൂ. ഒരുവർഷം കഴിഞ്ഞാൽ റോഡ് ടെസ്റ്റ് നടത്തണം. അഞ്ചുവർഷം കഴിഞ്ഞാൽ ലേണേഴ്‌സ്, എട്ട് അഥവാ എച്ച്, റോഡ് ടെസ്റ്റ് എന്നിവ വീണ്ടും പാസാകണം തുടങ്ങിയവയായിരുന്നു വ്യവസ്ഥകൾ.

എന്നാല്‍ പുതിയ ഉത്തരവനുസരിച്ച് കാലാവധികഴിഞ്ഞ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ വാഹനം ഓടിച്ചു കാണിക്കേണ്ട. മാർച്ച് 31 വരെയാണ് ഇളവ്. കാലാവധി കഴിഞ്ഞ് അഞ്ചുവർഷം പിന്നിടുന്നതിനു മുമ്പേ പുതുക്കൽ അപേക്ഷ നൽകുന്നവർക്കാണ് റോഡ് ടെസ്റ്റ് ഒഴിവാകുക.

നിർദേശം പെട്ടെന്ന് നടപ്പാക്കുക ബുദ്ധിമുട്ടാണെന്ന് മന്ത്രി എ കെ. ശശീന്ദ്രൻ, കേന്ദ്രമന്ത്രി നിഥിൻ ഗഡ്കരിക്ക് കത്തെഴുതിയിരുന്നു. സംസ്ഥാനത്ത് പ്രവാസികൾ ഏറെയുള്ളത് ഉള്‍പ്പെടെ മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രം മാർച്ചുവരെ ഇളവ് നൽകിയത്. ലൈസൻസ് കാലാവധി കഴിഞ്ഞ് അഞ്ചുവർഷത്തിനുള്ളിലാണെങ്കിൽ അപേക്ഷാഫീസും പിഴയും അടച്ചാൽ ലൈസൻസ് പുതുക്കി നൽകും. ഇതു സംബന്ധിച്ച് വ്യവസ്ഥകൾ ഏർപ്പെടുത്താൻ ഗതാഗത സെക്രട്ടറി ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് നിർദേശംനൽകി എന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!