
ദില്ലി: വാഹന നിർമ്മാതാക്കളായ ടാറ്റ തങ്ങളുടെ അഭിമാന ഉൽപ്പന്നം എന്ന നിലയിൽ വിപണിയിലിറക്കിയ നാനോ കാറിന്റെ ഉൽപ്പാദനം നിർത്തിയതായി സൂചന. ഈ വർഷം ജനുവരിക്ക് ശേഷം ഒരൊറ്റ നാനോ കാർ പോലും നിർമ്മിച്ചിട്ടില്ലെന്ന് കമ്പനിയുടെ ഔദ്യോഗിക രേഖകളിൽ പറയുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരിക്ക് ശേഷം ഒരൊറ്റ നാനോ കാർ പോലും വിൽക്കപ്പെട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ ഔദ്യോഗികമായി നാനോ കാറിന്റെ ഉൽപ്പാദനം നിർത്തിയിട്ടില്ലെന്ന് കമ്പനി പറയുന്നുണ്ട്. രേഖകൾ പ്രകാരം 2018 ഡിസംബറിലാണ് അവസാനമായി നാനോ കാർ നിർമ്മിച്ചത്. സാനന്ദിലെ പ്ലാന്റിൽ നിന്ന് 82 യൂണിറ്റുകളാണ് അന്ന് വിപണിയിലിറക്കിയത്.
പിന്നീടിങ്ങോട്ട് ഒരൊറ്റ വാഹനം പോലും നിർമ്മിച്ചില്ല. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം ആകെ ഒരു നാനോ കാർ മാത്രമാണ് വിൽക്കാൻ കഴിഞ്ഞത്. അതും ജനുവരിയിലാണ്. ഫെബ്രുവരിക്ക് ശേഷം ഒരെണ്ണം പോലും വിറ്റിട്ടില്ല.
ആവശ്യത്തിനനുസരിച്ചാണ് നാനോ കാർ വിൽക്കുന്നതെന്നാണ് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിരിക്കുന്നത്. 2008 ജനുവരിയിൽ ടാറ്റ കമ്പനി അവതരിപ്പിച്ച ബജറ്റ് കാറായിരുന്നു ഇത്. ഒരു ലക്ഷം രൂപയ്ക്ക് അടിസ്ഥാന സൗകര്യങ്ങളെല്ലാമുള്ള കാർ എന്നതായിരുന്നു അന്നത്തെ പ്രഖ്യാപനം.