
മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെയുള്ള അന്താരാഷ്‍ട്ര സമ്മര്‍ദ്ദങ്ങള്‍ക്കിടെ വീണ്ടും മിസൈല്‍ പരീക്ഷണവുമായി ഉത്തര കൊറിയ. ആദ്യമായി ട്രെയിനിൽ നിന്ന് ബാലിസ്റ്റിക് മിസൈൽ ഉത്തര കൊറിയ വിക്ഷേപിച്ചതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രെയിനിൽനിന്ന് മിസൈൽ പരീക്ഷിക്കാൻ രൂപീകരിച്ച പ്രത്യേക റജിമെന്റാണ് പരീക്ഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മിസൈലാണ് ട്രെയിൻ കംപാർട്ട്‌മെന്റിൽ സ്ഥാപിച്ച പാഡിൽനിന്ന് വിക്ഷേപിച്ചത്. ഇവ 800 കിലോമീറ്റർ അകലെ കടലിലെ ലക്ഷ്യസ്ഥാനത്ത് വിജയകരമായി പതിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇടതൂർന്ന വനത്താൽ ചുറ്റപ്പെട്ട ട്രാക്കുകളിലൂടെ സഞ്ചരിക്കുന്ന റെയിൽ-കാർ ലോഞ്ചറുകളിൽ നിന്ന് ഓറഞ്ച് ജ്വാലകളാൽ ചുറ്റപ്പെട്ട രണ്ട് വ്യത്യസ്‍ത മിസൈലുകൾ പറന്നുയരുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.
റെയിൽ അധിഷ്ഠിത ബാലിസ്റ്റിക് സംവിധാനം ഉത്തര കൊറിയയുടെ വിക്ഷേപണ ഓപ്ഷനുകൾ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതായും അതിൽ ഇപ്പോൾ വിവിധ വാഹനങ്ങളും ഗ്രൗണ്ട് ലോഞ്ച് പാഡുകളും ഉൾപ്പെടുന്നതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ അന്തർവാഹിനികളും ഉൾപ്പെട്ടേക്കാം എന്നും ട്രെയിനിൽ നിന്ന് മിസൈൽ വെടിവയ്ക്കുന്നത് ചലനശേഷി വർദ്ധിപ്പിക്കും എന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
വടക്കൻ കൊറിയയുടെ ആണവായുധ പദ്ധതി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള യുഎസ് നേതൃത്വത്തിലുള്ള ചർച്ചകള്‍ നടന്നിരുന്നു. ഈ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് പുതിയ മിസൈല്‍ പരീക്ഷണമെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസങ്ങളിലും ഉത്തരകൊറിയ പുതിയ മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു. മധ്യ ഉത്തര കൊറിയയിൽ നിന്ന് വിക്ഷേപിച്ച മിസൈലുകൾ കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയിലുള്ള വെള്ളത്തിൽ ലാൻഡ് ചെയ്യുന്നതിന് മുൻപ് ഏകദേശം 500 മൈൽ ഉയരുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ ആഴ്‍ച മാത്രം ഇത് മൂന്നാം തവണയാണ് കൊറിയ പരീക്ഷണ വിക്ഷേപണ മിസൈലുകൾ നടത്തുന്നത്. ഉത്തര കൊറിയയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി യുഎസ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ടോക്കിയോയിൽ യോഗം ചേരുന്നതിനു തൊട്ടു മുൻപാണ് മിസൈൽ പരീക്ഷണം.
ഏകദേശം 1500 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ ആണവപോർമുന വഹിക്കാൻ ശേഷിയുള്ളതാണെന്നു കരുതുന്നു. ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉൻ ആവശ്യപ്പെട്ട പ്രകാരമുള്ള ശേഷി വികസിപ്പിച്ചെടുക്കാനായി 2 വർഷമെടുത്തെന്നാണു വാർത്തകൾ.
"ഉത്തര കൊറിയ വിവിധ മൊബൈൽ വിക്ഷേപണ ഉപകരണങ്ങൾ തുടർച്ചയായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞങ്ങളുടെ സൈന്യം വിലയിരുത്തുന്നു," ദക്ഷിണ കൊറിയയുടെ സംയുക്ത മേധാവികളുടെ വക്താവ് കേണൽ കിം ജുൻ-റാക്ക് പറഞ്ഞു. ദക്ഷിണ കൊറിയൻ, യുഎസ് സൈനികർ നോർത്തിന്റെ വിക്ഷേപണങ്ങൾ പരിശോധിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞതായും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona