
ഒഡീഷയിലെ ഗതാഗത വകുപ്പ് സംസ്ഥാനത്തെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർടിഒ) ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സ്റ്റേഷനുകൾ (എഡിടിഎസ്) അവതരിപ്പിച്ചു, ഗഞ്ചം, ചന്ദിഖോലെ, റൂർക്കേല, അംഗുൽ, സുന്ദർഗഡ്, കിയോഞ്ജർ എന്നിവിടങ്ങളിൽ ആരംഭിച്ച ഈ സ്റ്റേഷനുകൾ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിംഗ് പ്രക്രിയയിൽ സുതാര്യത വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഉടൻ തന്നെ സംസ്ഥാനത്തെ എല്ലാ 38 ആർടിഒകളിലേക്കും ഇത് വ്യാപിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകൾ.
കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിൻ്റെ പിന്തുണയോടെ സംസ്ഥാനത്തെ മോട്ടോർവാഹന വകുപ്പ്, ഡ്രൈവിംഗ് ടെസ്റ്റ് നടപടിക്രമങ്ങൾ മുഴുവൻ ഓട്ടോമേറ്റ് ചെയ്യുന്നതിനായി ഒരു അത്യാധുനിക സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ടെസ്റ്റ് സമയത്ത് അപേക്ഷകരുടെ പ്രകടനങ്ങൾ സൂക്ഷ്മമായി റെക്കോർഡ് ചെയ്യാൻ ഈ സോഫ്റ്റ്‌വെയർ നൂതന ക്യാമറകൾ ഉപയോഗിക്കുന്നു, ഇത് അവരുടെ ഡ്രൈവിംഗ് കഴിവുകളെ വസ്തുനിഷ്ഠമായി വിലയിരുത്താൻ അനുവദിക്കുന്നു. കൃത്യവും വേഗത്തിലുള്ളതുമായ ഫലങ്ങൾ ഉറപ്പാക്കിക്കൊണ്ട് മനുഷ്യഇടപെടൽ ഒഴിവാക്കുക എന്നതാണ് എഐ പവർ സിസ്റ്റം ലക്ഷ്യമിടുന്നത്.
പരമ്പരാഗത സംവിധാനത്തിന് കീഴിൽ, വിവിധ ട്രാക്കുകളിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ (എംവിഐകൾ) അപേക്ഷകരെ വിലയിരുത്തുകയാണ് ചെയ്യുന്നത്. അതേസമയം പുതിയ പ്രക്രിയ വിപ്ലവം സൃഷ്ടിക്കും. ഇത് കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കും.
കൂടാതെ, റോഡരികിലെ പാർക്കിങ്ങുമായി ബന്ധപ്പെട്ട അപകടങ്ങൾ പരിഹരിക്കുന്നതിനായി, 23 സ്ഥലങ്ങളിൽ ട്രക്ക് ടെർമിനലുകൾ സ്ഥാപിക്കാൻ സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മീഷണർ അമിതാഭ് താക്കൂർ പദ്ധതിയിട്ടിട്ടുണ്ട്. ഈ ടെർമിനലുകൾ ഡ്രൈവർമാർക്കും ട്രാൻസ്‌പോർട്ടർമാർക്കും വിവിധ സൗകര്യങ്ങൾ പ്രദാനം ചെയ്യും കൂടാതെ 100-300 ട്രക്കുകൾ വീതം ഉൾക്കൊള്ളാനുള്ള ശേഷിയും ഉണ്ടായിരിക്കും. ഈ ടെർമിനലുകളുടെ നിർമാണം 12 മുതൽ 18 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.