ക്രൂസറുമായി ഒഖിനാവ

By Web TeamFirst Published Feb 13, 2020, 11:05 AM IST
Highlights

ദില്ലി ഓട്ടോ എക്സ്‍പോയില്‍ ‘ക്രൂസര്‍’ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ച് ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായ വൈദ്യുത ഇരുചക്രവാഹന നിർമാതാക്കളായ ഒഖിനാവ.

2020 ദില്ലി ഓട്ടോ എക്സ്‍പോയില്‍ ‘ക്രൂസര്‍’ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ച് ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായ വൈദ്യുത ഇരുചക്രവാഹന നിർമാതാക്കളായ ഒഖിനാവ. ഒഖിനാവയുടെ മാക്‌സി സ്‌കൂട്ടറാണ് പുതിയ മോഡല്‍. വലിയ അലോയ് വീലുകള്‍, വീതിയേറിയ ബോഡി ഷെല്‍, വമ്പന്‍ ഹെഡ്‌ലാംപ് എന്നിവ നല്‍കിയിരിക്കുന്നു. 

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്രൂസര്‍ സ്‌റ്റൈല്‍ ഹാന്‍ഡില്‍ബാര്‍, പ്രത്യേക ടെയ്ല്‍ലൈറ്റുകള്‍ എന്നിവ ഉണ്ടായിരിക്കും. ഇരു ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്ക് നല്‍കിയാണ് ഓട്ടോ എക്‌സ്‌പോയില്‍ പ്രോട്ടോടൈപ്പ് പ്രദര്‍ശിപ്പിച്ചത്.

നാല് കിലോവാട്ട് അവര്‍ ലിഥിയം അയണ്‍ ബാറ്ററി പാക്കാണ് ഒക്കിനാവ ക്രൂസര്‍ ഉപയോഗിക്കുന്നത്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കാം. അതിവേഗ ചാര്‍ജര്‍ ഉപയോഗിച്ചാല്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് 2-3 മണിക്കൂര്‍ മതി. മണിക്കൂറില്‍ നൂറ് കിലോമീറ്ററായിരിക്കും ഏറ്റവും ഉയര്‍ന്ന വേഗത. ഇലക്ട്രിക് മോട്ടോര്‍ എത്രമാത്രം കരുത്ത് പുറപ്പെടുവിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയില്ല.

2021 ആദ്യ പകുതിയില്‍ പ്രീമിയം സ്‌കൂട്ടര്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ജനുവരി ഒടുവിലാണ് ഒഖിനാവയുടെ പുതിയ മോഡലായ ഐ പ്രെയ്‌സ് വിപണിയിലെത്തിയത്. 1.15 ലക്ഷം രൂപയാണ് കമ്പനി ഇന്‍റലിജന്റ് സ്‌കൂട്ടറെന്ന് വിശേഷിപ്പിക്കുന്ന ഐ പ്രെയിസിന്‍റെ വില.

2017 ല്‍ ഒഖിനാവ അവതരിപ്പിച്ച പ്രെയ്‌സ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ വകഭേദമാണ് ഐ-പ്രെയ്‌സ്. 1970 എംഎം നീളവും 745 എംഎം വീതിയും 1145 എംഎം ഉയരവും 170 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും സ്‌കൂട്ടറിനുണ്ട്. 774 എംഎം ആണ് സീറ്റ് ഹൈറ്റ്.  ഇന്‍റലിജെന്റ് സ്‌കൂട്ടര്‍ എന്ന വിശേഷണത്തോടെ കമ്പനി അവതരിപ്പിക്കുന്ന സ്കൂട്ടറില്‍ എടുത്തുമാറ്റാവുന്ന ലിഥിയം അയേണ്‍ ബാറ്ററിയാണ് ഹൃദയം. 2-3 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. പുതിയ ലിഥിയം അയേണ്‍ ബാറ്ററി നല്‍കിയതിലൂടെ നേരത്തെയുള്ള ബാറ്ററിയെക്കാള്‍ 40 ശതമാനത്തോളം ഭാരം കുറയ്ക്കാന്‍ സാധിച്ചതായി കമ്പനി വ്യക്തമാക്കി. 

ഒറ്റചാര്‍ജില്‍ 180 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഐ-പ്രെയ്‌സിന് സാധിക്കും. മണിക്കൂറില്‍ 75 കിലോമീറ്ററാണ് പരമാവധി വേഗം. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, മൊബൈല്‍ ചാര്‍ജിങ് യുഎസ്ബി പോര്‍ട്ട്, ആന്റി തെഫ്റ്റ് അലാറം, എന്നിവയാണ് ഐ പ്രെയ്‌സിന്റെ മറ്റു പ്രത്യേകതകള്‍. സുരക്ഷയ്ക്കായി മുന്നില്‍ ഡബിള്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്കും ഒപ്പം ഇലക്ട്രേണിക് അസിസ്റ്റഡ് ബ്രേക്കിങ് സുരക്ഷ ഒരുക്കുന്നു. പ്രെയ്സിനെ കൂടാതെ റി‍ഡ്‍ജ്, റിഡ്‍ജ് പ്ലസ് എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകളും ഒഖിനാവ നിരയിലുണ്ട്. 

click me!