Latest Videos

ഈ സംസ്ഥാനത്ത് 150 കോടിയുടെ നിക്ഷേപവുമായി ഒരു സ്‍കൂട്ടര്‍ കമ്പനി!

By Web TeamFirst Published Jan 27, 2021, 8:40 AM IST
Highlights

പുതിയ ഉത്പാദന കേന്ദ്രത്തിനായി 150 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങി സ്‍കൂട്ടര്‍ കമ്പനി

ഇന്ത്യൻ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ നിർമാതാക്കളായ ഒഖിനാവ സ്‍കൂട്ടേഴ്‍സ് രാജ്യത്തെ ജനപ്രിയ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ നിര്‍മ്മാതാക്കളില്‍ ഒരാളാണ്. ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായ ഒഖിനാവ  ഇന്ത്യയില്‍ പുതിയ ഉത്പാദന കേന്ദ്രത്തിനായി 150 കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. രാജസ്ഥാനില്‍ പുതിയ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായിട്ടാണ് ഈ നിക്ഷേപം എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാജസ്ഥാനിലെ നിലവിലുള്ള പ്ലാന്റിനടുത്താണ് പുതിയ നിര്‍മാണ യൂണിറ്റ് തുടങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഉത്പ്പന്നങ്ങള്‍ക്കൊപ്പം B2B, B2C വിഭാഗങ്ങളെയും കമ്പനി ലക്ഷ്യമിടുന്നു. ഇരുചക്ര വാഹന കമ്പനി ഈ വര്‍ഷം ആദ്യ പകുതിയില്‍ Oki100 എന്ന രഹസ്യനാമമുള്ള ഹൈ സ്പീഡ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കും. കഴിഞ്ഞ വര്‍ഷം നടന്ന ഓട്ടോ എക്സ്പോയിലാണ് ബൈക്കിനെ കമ്പനി അവതരിപ്പിക്കുന്നത്. പിന്നീട് വൈകാതെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യം പദ്ധതികളെല്ലാം തകിടം മറിച്ചു.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം യൂണിറ്റ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ പുതിയ യൂണിറ്റുകള്‍ പുറത്തിറക്കുന്നതിനും രാജസ്ഥാനിലെ ഇതേ യൂണിറ്റ് കമ്പനി ഉപയോഗിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 58,998 രൂപ എക്സഷോറൂം വിലയുള്ള ഒഖിനാവ ഡ്യുവല്‍ B2B ഇലക്ട്രിക് ഇരുചക്ര വാഹനം കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു.

ഈ വിഭാഗത്തില്‍ നിന്നുള്ള മൊത്തം വില്‍പ്പനയുടെ 20 ശതമാനത്തോളം വില്‍പ്പനയാണ് കമ്പനി പുതിയ നിക്ഷേപത്തിലൂടെ പ്രതീക്ഷിക്കുന്നത്. 250 വാട്ട് ഇലക്ട്രിക് മോട്ടോറാണ് പുതിയ ഒഖിനാവ ഡ്യുവലിന്‍റെ ഹൃദയം. 48W 55Ah വേര്‍പെടുത്താവുന്ന ലിഥിയം അയണ്‍ ബാറ്ററിയാണ് മോഡലില്‍  ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരൊറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. 25 കിലോമീറ്ററാണ് പരമാവധി വേഗത.

തങ്ങള്‍ ഒരു പുതിയ പ്ലാന്റും പുതിയ ഉത്പ്പന്നങ്ങളും കൊണ്ടുവരുന്നതായും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം നിക്ഷേപം 150 കോടി രൂപ വരുമെന്ന് ഒഖിനാവ അധികൃതര്‍ പറയുന്നു. ആദ്യ ഘട്ടത്തില്‍ പുതിയ പ്ലാന്റിന് 5-6 ലക്ഷം യൂണിറ്റ് ശേഷി ഉണ്ടായിരിക്കും. പിന്നീട് ഭാവിയില്‍ 10 ലക്ഷം യൂണിറ്റ് വരെ അത് ഉയര്‍ത്തുമെന്നും കമ്പനി വ്യക്തമാക്കുന്നു. 

2015-ലാണ് ഒഖിനാവ വിപണിയില്‍ എത്തുന്നത്. നിലവില്‍ ഇന്ത്യയില്‍ 350-ഓളം ഡീലര്‍ഷിപ്പുകള്‍ കമ്പനിക്ക് ഉണ്ട്. 150 ഡീലര്‍ഷിപ്പുകള്‍ കൂടി ഈ ശ്രേണിയിലേക്ക് ചേര്‍ക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

click me!