110 കിമീ മൈലേജ്, കിടിലന്‍ സ്‍കൂട്ടറുമായി ഒരിന്ത്യന്‍ കമ്പനി

By Web TeamFirst Published Jul 27, 2020, 2:21 PM IST
Highlights

ഇന്ത്യന്‍ വിപണിയില്‍ 79,277 രൂപയാണ് ഈ സ്‍കൂട്ടറിന്‍റെ വില.

പ്രെയ്‍സ് പ്രോ എന്ന പുതിയ മോഡലുമായി ഇന്ത്യൻ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ നിർമാതാക്കളായ ഒഖിനാവ സ്‍കൂട്ടേഴ്‍സ്. ഇന്ത്യന്‍ വിപണിയില്‍ 79,277 രൂപയാണ് ഈ സ്‍കൂട്ടറിന്‍റെ വില. 2-3 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 1000 വാട്ട് ബ്രെഷ് ലെസ് വാട്ടര്‍പ്രൂഫ് ഡിസി മോട്ടോറും എടുത്തുമാറ്റാവുന്ന 2kW ലിഥിയം അയേണ്‍ ബാറ്ററിയുമാണ് വാഹനത്തിലുള്ളത്. ഒരൊറ്റ ചാർജിൽ 100 മുതല്‍ 110 കിലോമീറ്റർ വരെ സഞ്ചരിക്കാം എന്നാണ് കമ്പനിയുടെ അവകാശവാദം.

ഗ്ലോസി റെഡ് ബ്ലാക്ക്, ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക്, ഗ്ലോസി ബ്ലൂ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ പ്രെയ്‍സ് പ്രോ ലഭ്യമാണ്. ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍ ഫങ്ഷന്‍, ആന്റി തെഫ്റ്റ് അലാറം, കീലെസ് എന്‍ട്രി, മൊബൈല്‍ ചാര്‍ജിങ് യുഎസ്ബി പോര്‍ട്ട് തുടങ്ങിയ ഫീച്ചേഴ്‍സും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. എക്കണോമി, സ്പോര്‍ട്ട്, ടര്‍ബോ എന്നീ മൂന്ന് റൈഡിങ് മോഡലുകള്‍ പ്രെയ്സ്പോയിലുണ്ട്. സ്കൂട്ടറിന്റെ ബാറ്ററിക്കും മോട്ടോറിനും മൂന്ന് വർഷത്തെ വാറന്റി നൽകുന്നുണ്ട്.

ഇന്ത്യയിലെ ഡീലര്‍ഷിപ്പുകളുടെ എണ്ണം കൂട്ടാന്‍ ഒരുങ്ങുകയാണ് ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായ ഒഖിനാവ എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2015-ലാണ് ഒഖിനാവ വിപണിയില്‍ എത്തുന്നത്. നിലവില്‍ ഇന്ത്യയില്‍ 350-ഓളം ഡീലര്‍ഷിപ്പുകള്‍ കമ്പനിക്ക് ഉണ്ട്. 150 ഡീലര്‍ഷിപ്പുകള്‍ കൂടി ഈ ശ്രേണിയിലേക്ക് ചേര്‍ക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. 2020 അവസാനത്തോടെ 500-ല്‍ അധികം ഡീലര്‍ഷിപ്പുകളായി ശൃംഖല ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി.

ഡീലര്‍ഷിപ്പിനൊപ്പം ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ ഉത്പാദനവും വര്‍ധിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി 200 കോടി രൂപ വിപണിയില്‍ നിക്ഷേപിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. നിലവില്‍ പ്രതിവര്‍ഷം 40,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടക്കുന്നത്. ഇത് 75,000 യൂണിറ്റ് മുതല്‍ ഒരു ലക്ഷം യൂണിറ്റ് വരെ ആക്കി ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇതുവരെ 90 കോടി രൂപയാണ് കമ്പനി വിപണിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. പുതിയ നിക്ഷേപം നടത്തുന്നതിനൊപ്പം രാജസ്ഥാനില്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ പ്ലാന്റ് തുടങ്ങുമെന്നും കമ്പനി അടുത്തിടെ വ്യക്തമാക്കിയിരുന്നു.

പുതിയ പ്ലാന്റിനൊപ്പം തന്നെ രാജ്യത്ത് ഡീലര്‍ഷിപ്പുകളുടെ എണ്ണവും വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഡീലര്‍ഷിപ്പ് മാര്‍ജിന്‍ എട്ട് ശതമാനത്തില്‍ നിന്ന് 11 ശതമാനമായി ഉയര്‍ത്തുമെന്നും കമ്പനി അറിയിച്ചു.  പ്രെയ്‍സ്, റി‍ഡ്‍ജ്, റിഡ്‍ജ് പ്ലസ് എന്നീ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉള്‍പ്പെടുന്നതാണ് ഒഖിനാവയുടെ വാഹന നിര. 

click me!