കൊവിഡ് 19; എട്ടുകോടി നല്‍കി ഒലാ കാബ്‍സ്

By Web TeamFirst Published Apr 11, 2020, 4:28 PM IST
Highlights

പ്രധാനമന്ത്രിയുടെ സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ് (PM CARES) ഫണ്ടിലേക്ക് അഞ്ച് കോടി രൂപയാണ് കമ്പനി വാഗ്ദാനം ചെയ്‍തത്.

ദേശീയ തലത്തിൽ കൊവിഡ് -19 ദുരിതാശ്വാസ നടപടികളെ പിന്തുണയ്ക്കുന്നതിനായി സഹായ വാഗ്‍ദാനവുമായി ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഒലാ കാബ്‍സ്. പ്രധാനമന്ത്രിയുടെ സിറ്റിസൺ അസിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ് (PM CARES) ഫണ്ടിലേക്ക് അഞ്ച് കോടി രൂപയാണ് കമ്പനി വാഗ്ദാനം ചെയ്‍തത്. അതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടിനായി 3 കോടി രൂപയും കമ്പനി നൽകിയിട്ടുണ്ട്.

ആരോഗ്യസംരക്ഷണ പ്രവർത്തകർ മുതൽ അവശ്യ വിതരണ ദാതാക്കൾ വരെ, നിയമപാലകർ, വിവിധ മുൻ നിര സിവിൽ സർവീസ് തൊഴിലാളികൾ എന്നിങ്ങനെ ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരുടെ കഴിവിനപ്പുറമുള്ള സേവനങ്ങളേയും രാജ്യത്തെ ജനങ്ങളെ സഹായിക്കാനുള്ള അവരുടെ മനോഭാവത്തേയും തങ്ങൾ ആദരിക്കുന്നു എന്ന് ഓല ഗ്രൂപ്പിന്റെ സഹസ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞു. സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും സമൂഹത്തെ തങ്ങളാൽ സാധ്യമായ എല്ലാ വിധത്തിലും സഹായിക്കുന്നതിനുമായി ഓല നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കമ്പനിയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ഓല ഫൗണ്ടേഷൻ അടുത്തിടെ 'ഡ്രൈവ് ദി ഡ്രൈവർ ഫണ്ട്' സമാരംഭിച്ചിരുന്നു. ഓല ഗ്രൂപ്പിന്റെ സംഭാവനകളിലൂടെയും പൗരന്മാർക്കും സ്ഥാപനങ്ങൾക്കുമായി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോം വഴിയും രാജ്യത്തുടനീളമുള്ള ക്യാബ്, ഓട്ടോറിക്ഷ ഡ്രൈവർമാരെ പിന്തുണയ്ക്കുകയാണ് ഫണ്ട് ലക്ഷ്യമിടുന്നത്.

കമ്പനിയും അതിന്റെ ജീവനക്കാരും ഇതിനായി ഇതിനകം 20 കോടി രൂപ സംഭാവന നൽകിയിട്ടുണ്ട്. കമ്പനി സിഇഒ ഭവിഷ് അഗർവാൾ ഫണ്ടിനായി തന്റെ ഒരു വർഷത്തെ ശമ്പളം നിക്ഷേപിച്ചിട്ടുണ്ടെന്നും ഓല പറയുന്നു. മെഡിക്കൽ എമർജൻസിക്ക് സാമ്പത്തിക സഹായം, അവശ്യ സാധനങ്ങളുടെ വിതരണം എന്നിവയുൾപ്പെടെ വിവിധ സംരംഭങ്ങളിലൂടെ ഈ ദീർഘകാല ഫണ്ട് ഡ്രൈവർമാരെയും അവരുടെ കുടുംബങ്ങളെയും ഈ മഹാമാരിയിലൂടെയും അതിനപ്പുറവും സഹായിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

നേരത്തെ കൊവിഡ് 19 വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിന് ഓല കാബ്‍സ് തങ്ങളുടെ 500 വാഹനങ്ങൾ നല്‍കിയിരുന്നു.  ഓലയുടെ സേവനങ്ങൾ ബാംഗ്ലൂർ, മൈസൂർ, മംഗലാപുരം, ഹുബ്ലി-ധാർവാഡ്, ബെലഗാവി എന്നീ ജില്ലകളിൽ ലഭ്യമാകും. കൂടാതെ ആവശ്യാനുസരണം ഈ പ്രദേശങ്ങളിൽ ക്യാബുകളെ വിന്യസിക്കാൻ സർക്കാരിന് കഴിയും. മരുന്നുകളും മറ്റ് അവശ്യ ആരോഗ്യ ഉപകരണങ്ങൾ എന്നിവ എത്തിക്കുന്നതിനും, ആരോഗ്യ പ്രവർത്തകർക്ക് യാത്ര ചെയ്യുന്നതിനും ക്യാബുകൾ ഉപയോഗിക്കും. അടിയന്തിര സാഹചര്യങ്ങളിലും ഇവയുടെ സേവനം ലഭ്യമാകും. 

click me!