സൗജന്യമായി ഓക്‌സിജന്‍ എത്തിക്കാന്‍ ഓല

By Web TeamFirst Published May 14, 2021, 10:43 AM IST
Highlights

ഓക്സിജന്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്‍തുക്കളുടെ ക്ഷാമം പരിഹരിക്കുന്നതിന് സഹായഹസ്‍തവുമായി എത്തിയിരിക്കുകയാണ് ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഓല 

രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുകയാണ്.  ഈ സാഹചര്യത്തില്‍ രോഗികള്‍ നേരിടുന്ന ഓക്സിജന്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്‍തുക്കളുടെ ക്ഷാമം പരിഹരിക്കുന്നതിന് സഹായഹസ്‍തവുമായി എത്തിയിരിക്കുകയാണ് ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഓല എന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ കോണ്‍സന്റ്രേറ്ററുകളും, മരുന്നുകളും സൗജന്യമായി എത്തിച്ചു നല്‍കുമെന്ന് ഓല പ്രഖ്യാപിച്ചതായി ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആവശ്യക്കാര്‍ക്ക് ഓല ആപ്പ് വഴി തന്നെ കോണ്‍സന്റ്രേറ്ററുകള്‍ ആവശ്യപ്പെടാവുന്നതാണ്. കമ്പനി അത് സൗജന്യമായി വീടുകളില്‍ എത്തിച്ചുതരും. 

ഇതിന്റെ ഭാഗമായി ഡൊണേഷന്‍ പ്ലാറ്റ്‌ഫോമായ ‘ഗിവ് ഇന്ത്യ’യുമായി ചേര്‍ന്ന് ഓറ്റു ഫോര്‍ ഇന്ത്യ പദ്ധതി ആരംഭിച്ചതായും, രാജ്യത്തെവിടേക്കും സൗജന്യമായി ഓക്‌സിജന്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചു. രോഗം ഭേദമായവരുടെ പക്കല്‍ മരുന്നുകള്‍ മിച്ചമുണ്ടങ്കില്‍ അത് പാഴാക്കാതെ തിരിച്ചെടുക്കുവാനും പദ്ധതിയുണ്ടെന്ന് ഓല അറിയിച്ചു. ബംഗളൂരുവിലാണ് പദ്ധതി ആരംഭിക്കുന്നത്. തുടര്‍ന്നുള്ള ഘട്ടത്തില്‍ മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പ്രതിസന്ധിഘട്ടങ്ങളില്‍ നമുക്ക് ഒന്നിച്ച് നിന്ന് പരസ്പരം കൈത്താങ്ങാകാം എന്നും ഓല സിഇഒ ഭവിശ് അഗര്‍വാള്‍ ട്വിറ്ററില്‍ കുറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!