തകരാറില്‍ മനം മടുത്തു, പുതിയ ടാറ്റ സഫാരി മാലിന്യം കോരാന്‍ നാട്ടുകാര്‍ക്ക് നല്‍കി ഉടമ!

By Web TeamFirst Published Nov 15, 2021, 3:53 PM IST
Highlights

ടാറ്റ സഫാരിയുടെ ബ്രേക്കിന് ആവർത്തിച്ചുള്ള തകരാറുകള്‍ നേരിടുന്നതിനാലാണ് ഉടമ ഈ വിചിത്രമായ പ്രതിഷേധം നടത്തിയതെന്ന് ഹാര്‍ഷ് വ്‍ളോഗ്‍സ് എന്ന യൂട്യൂബ് ചാനലിനെ ഉദ്ദരിച്ചുള്ള റിപ്പോര്‍ട്ട്

പുതിയ വാഹനത്തിന്‍റെ തുടര്‍ച്ചയായ തകരാറുകളും സര്‍വ്വീസുകളിലെ (Vehicle Service) അതൃപ്‍തിയും നിമിത്തം ഉടമകള്‍ നടത്തുന്ന വേറിട്ട പ്രതിഷേധങ്ങള്‍ അടുത്തകാലത്ത് വ്യാപകമാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു ടാറ്റാ സഫാരിയാണ് (Tata Safari) വാര്‍ത്തകളില്‍ നിറയുന്നത്.  തകരാറ് മൂലം പൊറുതിമുട്ടിയ രാജസ്ഥാനിലെ (Rajasthan) ഒരു ടാറ്റ സഫാരി ഉടമ (Tata Safari Owner) തന്റെ എസ്‌യുവി (SUV) മാലിന്യം ശേഖരിക്കുന്ന വാഹനമായി മുനിസിപ്പൽ കോർപ്പറേഷന് നൽകി എന്നാണ് കാര് ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടാറ്റ സഫാരിയുടെ ബ്രേക്കിന് ആവർത്തിച്ചുള്ള തകരാറുകള്‍ നേരിടുന്നതിനാലാണ് ഉടമ ഈ വിചിത്രമായ പ്രതിഷേധം നടത്തിയതെന്ന് ഹാര്‍ഷ് വ്‍ളോഗ്‍സ് എന്ന യൂട്യൂബ് ചാനലിനെ ഉദ്ദരിച്ചുള്ള റിപ്പോര്‍ട്ട്. 

ഈ യൂട്യൂബ് വീഡിയോയിൽ, പ്രശ്‌നത്തിലായ ടാറ്റ സഫാരിയെക്കുറിച്ച് ഉടമ സംസാരിക്കുന്നത് കാണാം. തന്‍റെ ടാറ്റ സഫാരി എസ്‌യുവിക്ക് ബ്രേക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും രണ്ട് തവണ താന്‍ ബ്രേക്കുകൾ മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. എന്നിട്ടും എസ്‌യുവിയുടെ ബ്രേക്കുകൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ വീണ്ടും തകരാറിലാകുകയാണെന്നും ഇത് തന്നെ എസ്‌യുവിയുമായി സര്‍വ്വീസ് സെന്‍ററിലേക്ക് ആവർത്തിച്ച് പോകാൻ നിർബന്ധിതനാക്കിയെന്നും അദ്ദേഹം പറയുന്നു. 

എന്നാല്‍ ഈ പ്രശ്‍നത്തിന് ടാറ്റയുടെ അംഗീകൃത സർവീസ് സെന്ററിലെ സാങ്കേതിക വിദഗ്ദരിൽ നിന്ന് ശാശ്വത പരിഹാരം ലഭിക്കാതെ വരികയും ഇത് തുടർച്ചയാകുകയും ചെയ്‍തതോടെ, മാലിന്യം ശേഖരിക്കുന്ന വാഹനമായി സഫാരിയെ ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു താനെന്ന് ഉടമ പറയുന്നു. അപ്‌ലോഡ് ചെയ്‌ത വീഡിയോയിൽ, ഉടമ തന്റെ ടാറ്റ സഫാരിയിൽ മാലിന്യം വലിച്ചെറിയാൻ കടന്നുപോകുന്ന ആളുകളോട് അഭ്യർത്ഥിക്കുന്നതും കാണാം.

അടുത്തകാലത്ത് ഇത്തരം സംഭവങ്ങള്‍ പതിവാണെന്നതാണ് കൌതുകകരം. ആവർത്തിച്ചുള്ള മെക്കാനിക്കൽ തകരാർ മൂലം ബുദ്ധിമുട്ടുന്ന ഇത്തരം പ്രശ്‌നങ്ങളുള്ള കാറുടമകള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണെന്നതാണ് അമ്പരപ്പിക്കുന്നത്. കാർ നിർമ്മാണ കമ്പനികളുടെ ഉന്നത അധികാരികളുടെയും വാഹനം വാങ്ങാന്‍ സാധ്യതയുള്ള ഉടമകളുടെയും ശ്രദ്ധ നേടുന്നതിനായി നിരവധി കാർ ഉടമകൾ അടുത്തകാലത്തായി ഇത്തരം പ്രതിഷേധങ്ങളുമായി തെരുവില്‍ ഇറങ്ങിയിട്ടുണ്ട്. ടാറ്റ സഫാരി മാത്രമല്ല അടുത്തകാലത്ത് എംജി ഹെക്ടർ, സ്‌കോഡ ഒക്ടാവിയ, ഫോർഡ് എൻഡവർ തുടങ്ങിയ കാറുകളും ഇത്തരം പ്രതിഷേധങ്ങള്‍ നേരിട്ടിട്ടുണ്ട്.

വികസിത രാജ്യങ്ങളിലെ നിയമം അനുസരിച്ച് തകരാറുള്ള കാർ വിറ്റാല്‍ ഉടമയ്‍ക്ക് കമ്പനി ഒന്നുകിൽ പുതിയ വാഹനം മാറ്റി നല്‍കണം അല്ലെങ്കിൽ വാഹനം വാങ്ങാൻ ചെലവഴിച്ച തുകയ്ക്ക് ഉടമയ്ക്ക് ഉചിതമായ നഷ്‍ടപരിഹാരം നൽകണം. എന്നാൽ, ഇന്ത്യയിൽ അങ്ങനെയൊരു നിയമം നിലവിലില്ല. എന്നിരുന്നാലും, അടുത്ത കാലത്തായി, കാർ നിർമ്മാതാക്കൾ ഗുണനിലവാരം പരിശോധിക്കുന്നതിൽ കൂടുതൽ ബോധവാന്മാരാണ്. കൂടാതെ വാറന്റി കാലയളവിന് കീഴിൽ തിരിച്ചുവിളിക്കുക, തകരാറുള്ള ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുക തുടങ്ങിയ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നുണ്ട്.

ഇപ്പോള്‍ പരാതിക്കിടയാക്കിയ ഈ ടാറ്റ സഫാരിയുടെ കാര്യത്തിൽ, ഇത് എസ്‌യുവിയുടെ ബ്രേക്കിംഗ് സിസ്റ്റത്തിന്റെ വ്യക്തമായ പരാജയമാണെന്നാണ് കാര്‍ ടോഖ് റിപ്പോര്‍ട്ട്. നിർമ്മാണ വൈകല്യം കാരണമായിരിക്കാം ഇതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇത്തരം സംഭവങ്ങൾ കാറിന്‍റെയും കാർ നിർമ്മാതാവിന്‍റെയും പ്രതിച്ഛായ നശിപ്പിക്കുക മാത്രമല്ല, ഭീമമായ പണം ചെലവാക്കി സ്വപ്‍ന വാഹനം സ്വന്തമാക്കിയ കാർ ഉടമകള്‍ക്ക് അനവാശ്യ മനപ്രയാസവും ഉപദ്രവവുമാണ് സമ്മാനിക്കുന്നത് എന്ന കാര്യത്തിലും സംശയമില്ല. 

അതേസമയം ടാറ്റാ സഫാരിയപ്പറ്റി പറയുകയാണെങ്കില്‍ ഐക്കണിക് മോഡലായ സഫാരിയുടെ പുതിയ പതിപ്പിനെ ടാറ്റാ മോട്ടോഴ്‍സ് അടുത്തിടെയാണ് വിപണിയില്‍ ഇറക്കിയത്. മികച്ച പ്രതികരണമാണ് ടാറ്റ സഫാരിക്ക് വിപണിയില്‍.  2021 ഫെബ്രുവരിയിലാണ് പുതിയ സഫാരിയെ കമ്പനി അവതരിപ്പിക്കുന്നത്. പൂനെയ്ക്കടുത്തുള്ള ടാറ്റ മോട്ടോര്‍സിന്റെ പിംപ്രി പ്ലാന്റിലാണ് സഫാരി നിര്‍മ്മിക്കുന്നത്. ഈ ഫാക്ടറിയില്‍ തന്നെയാണ് ഹാരിയര്‍, ആള്‍ട്രോസ് എന്നിവയും നിര്‍മ്മിച്ചിരിക്കുന്നത്.

പുത്തൻ സഫാരി 7 സീറ്റർ, 6 സീറ്റർ എന്നിങ്ങനെ 2 സീറ്റിംഗ്‌ കോൺഫിഗറേഷനിൽ ലഭ്യമാണ്. XZ+, XZA+ എന്നീ വേരിയന്റുകളിൽ ലഭ്യമായ 6 സീറ്റർ പതിപ്പിൽ രണ്ടാം നിരയിൽ ബക്കറ്റ് സീറ്റുകളാണ്. XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ 6 വേരിയന്റുകളിലാണ് 2021 ടാറ്റ സഫാരി വാങ്ങാവുന്നത്. റോയൽ ബ്ലൂ, ഡേറ്റോണാ ഗ്രെ, ഓർക്കസ് വൈറ്റ്, ട്രോപ്പിക്കൽ മിസ്റ്റ് എന്നിങ്ങനെ 4 നിറങ്ങളിലാണ് 2021 സഫാരി വാങ്ങാൻ സാധിക്കുക.

ഹാരിയറിനെക്കാള്‍ 70 എം.എം. നീളം കൂടിയിട്ടുണ്ടെങ്കിലും വീല്‍ബേസില്‍ മാറ്റം വരുത്തിയിട്ടില്ല. അകത്തളം ബ്ലാക്ക്-ഐവറി ഫിനീഷിങ്ങിലാണ് ഒരുങ്ങിയിട്ടുള്ളത്. ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, 8.8 ഇഞ്ച് ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയവ സഫാരിയിൽ നൽകിയിരിക്കുന്നു. ഫിയറ്റ് വികസിപ്പിച്ച 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് സഫാരിയുടെ കരുത്ത്. ഇത് 168 ബി.എച്ച്.പി.പവറും 350 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

അങ്ങേയറ്റം ബഹുമുഖമായാണ് സഫാരി തയ്യാറാക്കിയിരിക്കുന്നതെന്നും നഗരത്തിന് അകത്തുള്ള യാത്രകൾ, എക്സ് പ്രസ് വേയിലൂടെയും അതിവേഗ യാത്ര, ഉൾ പ്രദേശങ്ങളിലൂടെയുള്ള അപരിചിത യാത്രകൾ എന്നിവയിലെല്ലാം തന്നെ സുഖകരവും അനായാസവുമായി അനുഭവം ഉറപ്പ് നൽകുന്നു പുതിയ സഫാരി എന്നും കമ്പനി അവകാശപ്പെടുന്നു. 2.0 ലിറ്റർ  ടർബോ ചാർജ്ഡ്  കെയ്റോടെക് എഞ്ചിൻ, അതിൻറെ 2741 വീൽ ബേസ്, മുഖമുദ്രയായി മാറുന്ന ഓയിസ്റ്റർ വൈറ്റ് ഇൻറീരിയർ അതോടൊപ്പമുള്ള ആഷ് വുഡ് ഫിനിഷ് ഡാഷ് ബോർഡ്, രാജകീയമായ പനോരമിക് സൺ റൂഫ് - വിശാലവും ഈ വിഭാഗത്തിലെ തന്നെ മികച്ചതുമായ പനോരമിക് സൺ റൂഫ്, 6,7 സീറ്റ് ഓപ്ഷൻ,  8.8 ഇഞ്ച് ഫ്ലോട്ടിങ് ഐലൻറ് ഇൻഫോടെയ്മെൻറ് സിസ്റ്റം എന്നിവ മുഖ്യ സവിശേഷതകളാണ്. എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായ് ക്രെറ്റ, തുടങ്ങിയവരാണ് സഫാരിയുടെ നിരത്തിലെയും വിപണിയിലെയും മുഖ്യ എതിരാളികള്‍. 

click me!