ഒരുമാസം ആകെ വിറ്റത് 39 വാഹനങ്ങള്‍; തകര്‍ന്നടിഞ്ഞ് പാക്ക് വാഹനവിപണി!

Web Desk   | Asianet News
Published : Jun 01, 2020, 10:28 AM IST
ഒരുമാസം ആകെ വിറ്റത് 39 വാഹനങ്ങള്‍; തകര്‍ന്നടിഞ്ഞ് പാക്ക് വാഹനവിപണി!

Synopsis

ഒരുമാസം പാക്കിസ്ഥാനിലെ വാഹന വിപണിയില്‍ ആകെ വിറ്റത് വെറും 39 വാഹനങ്ങള്‍ മാത്രം

ഒരുമാസം പാക്കിസ്ഥാനിലെ വാഹന വിപണിയില്‍ ആകെ വിറ്റത് വെറും 39 വാഹനങ്ങള്‍ മാത്രം. 2020 ഏപ്രിൽ മാസത്തിലാണ് വെറും 39 യൂണിറ്റ് വാഹനങ്ങള്‍ രാജ്യത്ത് വിറ്റത്. പാക്കിസ്ഥാൻ ഓട്ടോമോട്ടീവ് മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ (PAMA) കണക്കനുസരിച്ച് ആകെ വിറ്റ 39 യൂണിറ്റുകളും ട്രക്കുകളോ ബസുകളോ ആണെന്നും ഒരു പാസഞ്ചർ വാഹനം പോലും വിറ്റിട്ടില്ലെന്നും ആണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കാന്‍ മറ്റു പല രാജ്യങ്ങളിലെയും പോലെ, പാകിസ്ഥാനിലെ നിരവധി പ്രവിശ്യകൾ ലോക്ക് ഡൗണില്‍ ആയിരുന്നു.  ഈ ലോക്ക്ഡൗണിന്റെ ഫലമായി ഉൽപാദനവും ചില്ലറ വിൽപ്പനയും നിർത്തലാക്കപ്പെട്ടിരുന്നു. മെയ് 11 മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങി. പക്ഷേ ഒരു തിരിച്ചുവരവ് ഇതുവരെ കാണാനായില്ല.

2021 വരെ മേഖലയിൽ ഒരു വീണ്ടെടുക്കൽ സാധ്യമാകില്ലെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. ഒപ്പം ഇൻഡസ് മോട്ടോർ, ഹോണ്ട കാർ പാകിസ്ഥാൻ തുടങ്ങിയ കമ്പനികൾ വില വർധിപ്പിക്കുന്നതും ജനങ്ങളെ വാഹന വിപണിയില്‍ നിന്നും അകറ്റുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് -19 മഹാമാരി വ്യാപിച്ചതോടെ ആളുകൾ വീട്ടിൽ തന്നെ തുടരാൻ നിർദ്ദേശിച്ചതിനാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും വാഹന വിൽപ്പന ഗണ്യമായി കുറഞ്ഞിരുന്നു.  ഇന്ത്യയിൽ നിരവധി പ്രമുഖ വാഹന നിർമാതാക്കൾ ഏപ്രിലിൽ പൂജ്യം വിൽപ്പനയാണ് റിപ്പോർട്ട് ചെയ്‍തത്.

2020 ലോകത്തെ വിവിധ വാഹന വിപണികളെ സംബന്ധിച്ചിടത്ത് വളരെ ഇരുണ്ടതാണെങ്കിലും, പാകിസ്ഥാന്റെ വാഹനമേഖലക്ക് വന്‍ തിരിച്ചടിയാകുകയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.  രാജ്യത്ത് പുതിയ വാഹന ലോഞ്ചുകൾ നടന്നിട്ട് നാളുകളായി. നടക്കാനിരുന്ന പല ലോഞ്ചുകളും നീട്ടിവച്ചു. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയിൽ നിന്നുള്ള യാരിസിന്‍റെ ലോഞ്ച് ആയിരുന്നു ഇവയിൽ ഏറ്റവും വലുത്. പുതിയ വാഹനങ്ങൾക്കുള്ള ഡിമാൻഡും കുത്തനെ കുറഞ്ഞു. പ്രാദേശിക വാഹന ഘടക നിർമ്മാണ മേഖല കനത്ത പ്രതിസന്ധിയിലാണ്.  ഇതും ഉല്‍പ്പാദന മേഖലയെ ബാധിച്ചു. 

2019 മുതൽ പാക്കിസ്ഥാനിലെ വാഹന വിൽപ്പന കുത്തനെ ഇടിഞ്ഞിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 240,335 യൂണിറ്റ് കാറുകളും ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾസും (എൽസിവി) വിറ്റഴിച്ചതായിട്ടാണ് പാക്കിസ്ഥാന്റെ ദി ന്യൂസ് റിപ്പോർ. അന്നും ചില കമ്പനികൾ ഉൽ‌പാദനം താൽ‌ക്കാലികമായി നിർത്തിവച്ചിരുന്നു. ഇതിനു പിന്നാലെ കൊറോണ കൂടി വന്നതോടെ വാഹന മേഖല പൂര്‍ണമായും സ്‍തംഭിച്ചു. ഇനി ലോക്ക് ഡൗൺ രാജ്യ വ്യാപകമായി പ്രഖ്യാപിച്ചാല്‍ കമ്പനികളുടെ പ്രവർത്തനം നിർബന്ധിതമായും നിർത്തി വയ്ക്കേണ്ടി വരും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ വാഹന മേഖലയിലെ സ്ഥിതി കൂടുതല്‍ വഷളാകും. 2019നെ അപേക്ഷിച്ച് ഈ വര്‍ഷം പകുതിക്ക് താഴെ ആയെക്കും വില്‍പ്പന കണക്കുകള്‍ എന്നാണ് പലരും ഭയപ്പെടുന്നത്. 

പാക്കിസ്ഥാനിലെ വാഹന വ്യവസായം പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ കുറച്ചുകാലമായി ഇതു പതിവുമാണ്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ മറ്റേത് ലോക രാജ്യങ്ങളേക്കാളും പരുങ്ങലിലാണ് പാക്കിസ്ഥാന്‍റെ വാഹന വിപണി എന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.  

PREV
click me!

Recommended Stories

കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ