കുത്തനെ വീണ മരക്കൊമ്പ് സീറ്റില്‍ കുത്തിക്കയറി, ഓടിക്കൊണ്ടിരുന്ന കാറിന് സംഭവിച്ചത്!

By Web TeamFirst Published Mar 18, 2020, 3:34 PM IST
Highlights

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് ഒടിഞ്ഞു വീണ മരക്കൊമ്പ് മുന്നിലെ ഗ്ലാസ് തുളച്ച് സീറ്റില്‍ കുത്തിക്കയറി. 

ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് ഒടിഞ്ഞു വീണ മരക്കൊമ്പ് മുന്നിലെ ഗ്ലാസ് തുളച്ച് സീറ്റില്‍ കുത്തിക്കയറി. സംഭവത്തില്‍ കാറുടമ രക്ഷപ്പെട്ടത് തലനാരിഴക്ക്. പത്തനംതിട്ട ജില്ലിയിലെ കലഞ്ഞൂരിനു സമീപമാണ് ഞെട്ടിക്കുന്ന അപകടം. 

മുറിഞ്ഞകൽ താന്നിവിളയിൽ ജോണി ഗീവർഗീസ് (65) ആണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30ന് സംസ്ഥാന പാതയിൽ കൂടൽ വലിയ പാലത്തിനു സമീപമായിരുന്നു അപകടം. 

കലഞ്ഞൂർ വലിയ പള്ളിയിലെ ട്രസ്റ്റി ആയ ജോണി ഗീവർഗീസ് വീട്ടിൽനിന്നും കാറില്‍ പള്ളിയിലേക്ക് പോകുകയായിരുന്നു.  കാര്‍ കൂടൽ വലിയ പാലം കഴിഞ്ഞുള്ള വളവിൽ എത്തിയപ്പോള്‍ റോഡിലേക്ക് വളർന്നു നിൽക്കുന്ന വലിയ വാകമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു. കാറിന്റെ മുന്നിലെ ചില്ലിലേക്കായിരുന്നു കൊമ്പ് വീണത്.

കുത്തനെ വീണ ശിഖരം ചില്ല് തുളഞ്ഞ് സീറ്റിലേക്ക് കുത്തിനിന്നു. അൽപം മാറിയിരുന്നെങ്കിൽ ഗീവർഗീസിന്‍റെ ശരീരം തുളഞ്ഞു പോകുമായിരുന്നു. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. 

കൊമ്പ് വീണതോടെ നിയന്ത്രണം വിട്ട കാർ റോഡിനു വലതു വശത്തേക്കു പാഞ്ഞു. തുടര്‍ന്ന് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ്  നിന്നത്. ഈ സമയം എതിരെ വാഹനങ്ങൾ ഒന്നും വരാതിരുന്നതും വലിയ ദുരന്തം ഒഴിവാകുന്നതിനു കാരണമായി. 

തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ജോണി ഗീവർഗീസിനെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിശദമായ പരിശോധനയ്ക്കായി പത്തനംതിട്ടയിലേക്കും കൊണ്ടുപോയി. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.  

click me!