ഒടുവില്‍ വഞ്ചകന്‍ വലയിലായി, ഓട്ടോ ഡ്രൈവറുടെ കണ്ണീരൊപ്പി പൊലീസ്!

By Web TeamFirst Published Aug 9, 2020, 10:24 AM IST
Highlights

തൃശൂരിൽ നിന്നു തിരുവനന്തപുരം വരെ ഓട്ടോറിക്ഷയില്‍ യാത്ര നടത്തിയ ശേഷം പണം നൽകാതെ മുങ്ങിയ ആള്‍ പിടിയില്‍. കടന്നുകളഞ്ഞത് ഓട്ടോ ഡ്രൈവര്‍ വാങ്ങി നല്‍കിയ ഭക്ഷണം ഉള്‍പ്പെടെ കഴിച്ച ശേഷം

തിരുവനന്തപുരം: തൃശൂരിൽ നിന്നു തിരുവനന്തപുരം വരെ ഓട്ടോറിക്ഷയില്‍ യാത്ര നടത്തിയ ശേഷം പണം നൽകാതെ ഓട്ടോ ഡ്രൈവറെ കബളിപ്പിച്ചു കടന്നുകളഞ്ഞ യാത്രക്കാരനെ ഒടുവില്‍ പൊലീസ് പിടികൂടി. ഓട്ടോക്കൂലിയും ഡ്രൈവറോട് കടം വാങ്ങിയ പണവും ഉൾപ്പെടെ 7500 രൂപ നൽകാതെയാണ് തിരുവനന്തപുരം സ്വദേശിയായ യാത്രക്കാരന്‍ മുങ്ങിയത്.

നെയ്യാറ്റിൻകര ബഥേൽ ഹൗസിൽ നിഷാദ് (27) ആണ് തമ്പാനൂർ പൊലീസിന്‍റെ പിടിയിലായത്. തൃശൂര്‍ ചാലക്കുടി സ്വദേശിയായ ഓട്ടോ ഡ്രൈവർ  രേവതിനെയാണ് ഇയാള്‍ കബളിപ്പിച്ചത്. ദിവസങ്ങളോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് നിഷാദ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.

കഴിഞ്ഞ മാസം 28 നായിരുന്നു സംഭവം. തൃശൂരില്‍ നിന്നും രാത്രി പത്തരയോടെയാണ് രേവതിനെ നിഷാദ് ഓട്ടം പോകാൻ വിളിച്ചത്. അമ്മ മരിച്ചെന്നും തിരുവനന്തപുരം വരെ കൊണ്ടു വിടാമോ എന്നുമായിരുന്നു ചോദ്യം. രാത്രിയില്‍ ബസ് ഇല്ലാത്തതിനാല്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കണമെന്നായിരുന്നു കരഞ്ഞുകൊണ്ടുള്ള യുവാവിന്റെ അപേക്ഷ. മാത്രമല്ല കയ്യിൽ പണമില്ലെന്നും സ്ഥലത്ത് എത്തിയിട്ട് പണം തരാമെന്നും പറഞ്ഞു. 

ഇതിനിടെ നിഷാദ് ബന്ധുവാണെന്നു ഫോണിലൂടെ പരിചയപ്പെടുത്തിയ ആളും തിരുവനന്തപുരം എത്തിയാലുടന്‍ പണം നൽകാമെന്ന് രേവതിനെ അറിയിച്ചു. യുവാവിന്‍റെ കരിച്ചിലിനൊപ്പം ഈ ഉറപ്പുകൂടി ലഭിച്ചതോടെ രേവത് ഇയാളെയും കൂട്ടി തലസ്ഥാനത്തേക്ക് പുറപ്പെട്ടു. കടം വാങ്ങിച്ച പണം കൊണ്ട് ഓട്ടോയില്‍ ഡീസല്‍ അടിച്ചാണ് രേവത് യാത്ര തിരിച്ചത്. യാത്രാമധ്യേ നിഷാദിനു ഭക്ഷണവും വാങ്ങി നൽകി. 

ഇതിനിടെ വഴിമധ്യേ പരിചയക്കാരനില്‍ നിന്നും രേവത് ആയിരം രൂപ കൂടി കടം വാങ്ങിയിരുന്നു.  തിരുവനന്തപുരം നഗരത്തിലേക്ക് പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് ഈ ആയിരം രൂപയും നിഷാദ് രേവതിനോട് ചോദിച്ചു വാങ്ങി. ആശുപത്രിയില്‍ എത്തിയാലുടന്‍ ബന്ധുവിനോട് വാങ്ങി തിരികെ നല്‍കാമെന്നായിരുന്നു പറഞ്ഞത്. തലസ്ഥാനത്ത് എത്തിയതോടെ ജനറൽ ആശുപത്രിയിലേക്കു പോകാമെന്നും അമ്മ അവിടെയാണ് ഉള്ളതെന്നും പറഞ്ഞു. അവിടെ എത്തിയ ശേഷം അകത്തേക്കു പോയ നിഷാദ് ഒരു മണിക്കൂർ കഴിഞ്ഞിട്ടും തിരികെ വന്നില്ല. 

കാത്തിരുന്ന് കാത്തിരുന്ന് സംശയമായപ്പോഴാണ് രേവത് പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. കണ്ണുനീര്‍ ചാലിച്ച് രേവത് എഴുതിയ പരാതി പൊലീസ് കേട്ടു. ആശുപത്രിയുടെ സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്ന് തട്ടിപ്പുകാരന്റെ ചിത്രം കിട്ടി. ഈ ചിത്രം പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഒടുവില്‍ പ്രതിയെ കുടുക്കിയത്.  

click me!