ഓടിച്ചിട്ടു പിടിക്കാന്‍ ടാറ്റ; കുതിച്ചോടി മാരുതി!

By Web TeamFirst Published Jan 4, 2021, 10:35 AM IST
Highlights

അമ്പരപ്പിക്കും പ്രകടനവുമായി ടാറ്റ. മികച്ച വളര്‍ച്ചയുമായി മാരുതി സുസുക്കി

2020 ഡിസംബറിലെ വാഹനവില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ വമ്പന്‍ നേട്ടവുമായി രാജ്യത്തെ വാഹന നിര്‍മ്മാതാക്കള്‍. യാത്രാവാഹന വില്‍പ്പനയില്‍ മൂന്നാംസ്ഥാനത്താണെങ്കിലും അമ്പരപ്പിക്കുന്ന പ്രകടനമാണ് ടാറ്റ മോട്ടോഴ്‍സ് കാഴ്‍ചവച്ചതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  2019 ഡിസംബറിനെ അപേക്ഷിച്ച് 84 ശതമാനം വില്‍പ്പന വളര്‍ച്ച ടാറ്റ സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 ഡിസംബറിലെ 12,785 എണ്ണത്തില്‍നിന്ന് 23,546 എണ്ണമായാണ് വില്‍പ്പന ഉയര്‍ന്നത്. നവംബറില്‍ വില്‍പ്പന 21,640 യൂണിറ്റായിരുന്നു. 8.5 ശതമാനമാണ് ഇപ്പോള്‍ ടാറ്റയുടെ വിപണി വിഹിതം.

അതേസമയം ഒന്നാസ്ഥാനത്തുള്ള രാജ്യത്തെ ഒന്നാംനിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി2020 ഡിസംബര്‍ മാസത്തിൽ മൊത്തം വിൽപ്പനയിൽ 20% വർദ്ധനവാണ് രേഖപ്പെടുത്തിയത്.  2020 ഡിസംബറിൽ മൊത്തം 160,226 യൂണിറ്റ് വിൽപ്പനയാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് രേഖപ്പെടുത്തിയത്.  ന‌ടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ 495,897 യൂണിറ്റ് വിൽപ്പന നടത്തിയപ്പോൾ കമ്പനി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13.4 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്. മൊത്തം വിൽപ്പനയിൽ 146,480 യൂണിറ്റിന്റെ ആഭ്യന്തര വിൽപ്പനയും മറ്റ് ഒഇഎമ്മുകൾക്ക് 3,808 യൂണിറ്റുകളും വിൽപ്പന നടത്തി. 2020 ഡിസംബറിൽ കമ്പനി 9,938 യൂണിറ്റുകൾ കയറ്റുമതി ചെയ്തതായി എംഎസ്ഐ പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തെ രണ്ടാമത്തെ വലിയ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ഡിസംബറില്‍ 33.14 ശതമാനം വില്‍പ്പന വളര്‍ച്ച നേടി. മുന്‍വര്‍ഷത്തെ 50,135 യൂണിറ്റുകളില്‍നിന്ന് 66,750 എണ്ണമായാണ് വില്‍പ്പന ഉയര്‍ന്നത്. ആഭ്യന്തര വില്‍പ്പനയില്‍ 24.89 ശതമാനം വര്‍ധനയോടെ 47,400 യൂണിറ്റായി. കമ്പനിയുടെ ഒരു മാസത്തെ എക്കാലത്തെയും ഉയര്‍ന്ന നിലവാരമാണിത്. കയറ്റുമതി 58.84 ശതമാനം വര്‍ധിച്ച് 12,182 എണ്ണത്തില്‍നിന്ന് 19,350 എണ്ണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

താരതമ്യേന പുതുമുഖങ്ങളായ കിയ മോട്ടോഴ്‌സ് 154 ശതമാനം വില്‍പ്പന വളര്‍ച്ച സ്വന്തമാക്കി. മൂന്നു മോഡലുകളിലായി 11,818 വാഹനങ്ങളാണ് കിയ വിറ്റത്. മുന്‍വര്‍ഷം ഡിസംബറിലിത് 4,645 എണ്ണം മാത്രമായിരുന്നു. അതേസമയം, നവംബറില്‍ 21,022 എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 43.78 ശതമാനം കുറവാണ് വില്‍പ്പന.

ഹോണ്ട കാര്‍സ് ഇന്ത്യ 2.68 ശതമാനം വില്‍പ്പന വളര്‍ച്ചയോടെ 8,638 കാറുകളാണ് ഡിസംബറില്‍ വിറ്റഴിച്ചത്. 8412 എണ്ണമായിരുന്നു കഴിഞ്ഞ വര്‍ഷം. ടൊയോട്ട കിര്‍ലോസ്‌കര്‍ 7,487 യൂണിറ്റുകളാണ് ഡിസംബറില്‍ വിറ്റത്.  മുന്‍വര്‍ഷം 6,544 എണ്ണമായിരുന്നു. 14 ശതമാനം നേട്ടം. 4,010 യൂണിറ്റുകളുമായി എം.ജി. മോട്ടോഴ്‌സ് 33 ശതമാനം വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി.

അതേസമയം മഹീന്ദ്രയുടെ വില്‍പ്പനയില്‍ 10.3 ശതമാനം ഇടിവു നേരിട്ടു. വാണിജ്യ വാഹനങ്ങളടക്കം മുന്‍വര്‍ഷത്തെ 39,230 എണ്ണത്തില്‍നിന്നും 35,187 ആയിട്ടാണ് കുറഞ്ഞത്. വാണിജ്യവാഹന വിഭാഗത്തില്‍ മുന്‍വര്‍ഷത്തെ 21,390 എണ്ണത്തില്‍നിന്ന് 16,795 വാഹനങ്ങളായും കുറഞ്ഞു. എന്നാല്‍  യാത്രാ വാഹന വില്‍പ്പന 2019 ഡിസംബറിലെ 15,691 എണ്ണത്തില്‍നിന്ന് 16,182 എണ്ണമായി ഉയര്‍ന്നിട്ടുണ്ട്. മൂന്നു ശതമാനം വളര്‍ച്ച. 

click me!