പരീക്ഷണയോട്ടത്തിനിടെ ക്യാമറയില്‍ കുടുങ്ങി 'ന്യൂജന്‍ ട്രാവലര്‍'

By Web TeamFirst Published Aug 4, 2020, 12:40 PM IST
Highlights

ഇപ്പോഴിതാ പരീക്ഷണയോട്ടത്തിനിടെ ഫോഴ്‌സ് ടി1എന്‍ പീപ്പിള്‍ മൂവറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നു. കറുത്ത നിറത്തില്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന ബമ്പറുകള്‍ വാഹനം എന്‍ട്രി ലെവല്‍ പതിപ്പാണെന്ന് സൂചിപ്പിക്കുന്നു
 

ടെംപോ ട്രാവലര്‍ എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന ജനപ്രിയ വാഹനമാണ് ഇന്ന് ഫോഴ്‌സ് മോട്ടോഴ്‌സിന്റെ കൈകളിലുള്ള ഫോഴ്‌സ് ട്രാവലര്‍. ഒരുപതിറ്റാണ്ട് മുന്‍പേ ബജാജ് ടെംപോ ലിമിറ്റഡ് പേരുമാറ്റം നടത്തി ഫോഴ്‌സ് മോട്ടോഴ്‌സ് ആയെങ്കിലും ജനമനസുകളില്‍ ഇപ്പോഴും ട്രാവലര്‍ എന്നാല്‍ ടെംപോ തന്നെയാണ്. വിനോദയാത്രകള്‍ക്കും കല്ല്യാണ ട്രിപ്പുകള്‍ക്കും ജീവന്‍ രക്ഷിക്കുന്ന ആംബുലന്‍സിന്റെ രൂപത്തിലുമൊക്കെ 'ടെംപോ' ട്രാവലറുകള്‍ നമ്മുടെ നിരത്തുകളില്‍ നിറഞ്ഞോടുന്നു.

ഈ ട്രാവലറിന് അടുത്ത തലമുറ മൊബിലിറ്റി പ്ലാറ്റ് ഫോമുമായി എത്തുകയാണ് ഫോഴ്‌സ് മോട്ടോഴ്‌സ് എന്ന് കുറച്ചുനാളുകളായി കേട്ടുതുടങ്ങിയിട്ട്. ഫോഴ്‌സ് ട്രാവലറിന്റെ അടുത്ത തലമുറ വാഹനമായ ടി1എന്‍ ആണ് പുതിയ മോബിലിറ്റി പ്ലാറ്റ്‌ഫോമില്‍ കമ്പനി വികസിപ്പിക്കുന്ന ആദ്യ വാഹനം.

ഇപ്പോഴിതാ പരീക്ഷണയോട്ടത്തിനിടെ ഫോഴ്‌സ് ടി1എന്‍ പീപ്പിള്‍ മൂവറിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നു. കറുത്ത നിറത്തില്‍ പൂര്‍ത്തിയാക്കിയിരിക്കുന്ന ബമ്പറുകള്‍ വാഹനം എന്‍ട്രി ലെവല്‍ പതിപ്പാണെന്ന് സൂചിപ്പിക്കുന്നു. ഫോഴ്‌സ് ടി1എന്നിന്റെ സ്‌പൈ ചിത്രങ്ങള്‍ ഒരു ഡാഷ്‌ബോര്‍ഡ് മൗണ്ട് ചെയ്ത ഗിയര്‍ ലിവര്‍, ഒരു അനന്തര വിപണന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകള്‍, രണ്ട് വരികളുള്ള ബട്ടണുകള്‍ എന്നിവ വെളിപ്പെടുത്തുന്നു.

ഉപയോഗയോഗ്യമായ മൂന്ന് സീറ്റുകള്‍ മാത്രമേ വാഹനത്തിന്റെ പിന്നില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. 112 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.6 ലിറ്റര്‍ നാല് സിലിണ്ടര്‍ എഞ്ചിന്‍ വരുന്ന 14 സീറ്റര്‍ ഡീസല്‍ വേരിയന്റാണ് ടെസ്റ്റിംഗിനെത്തിയത്. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ യോജിക്കുന്നു. സിംഗിള്‍ സ്പീഡ് പ്ലാനറ്ററി ട്രാന്‍സ്മിഷനുമായി ഇണങ്ങിയ 120 കിലോവാട്ട് (161 bhp) മോട്ടോറുമായി വരുന്ന ഇലക്ട്രിക് പതിപ്പും ഫോഴ്‌സ് ടി1എന്നിന് ലഭ്യമാകും. ഇരു വേരിയന്റുകളും നാല് വീലുകളിലേക്കും പവര്‍ അയയ്ക്കുന്നു. ഡ്യുവല്‍ എയര്‍ബാഗുകള്‍, എബിഎസ് + ഇബിഡി, എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍, മൂന്ന് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ അനുയോജ്യമായ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയുമായാണ് വാഹനം എത്തുകയെന്നാണ് പ്രതീക്ഷ.

ടി1എന്‍ എന്ന് കോഡ്‌നാമത്തില്‍ നാലു വര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിക്കാണ് ഇപ്പോള്‍ വാഹന രൂപം കൈവന്നിരിക്കുന്നത്. ഇലക്ട്രിക് വാഹനമായും ഉപയോഗിക്കാവുന്ന രീതിയിലാണ് പ്ലാറ്റ് ഫോമിന്റെയും വാഹനത്തിന്റയും ഡിസൈന്‍. ബിഎസ് 6 നിലവാരത്തിലുള്ള ഡീസല്‍ എന്‍ജിനാണ് ടി1എന്നിന്റെ ഹൃദയം.

സെഗ്‌മെന്റില്‍ തന്നെ ആദ്യമെന്ന് പറയാവുന്ന നിരവധി ഫീച്ചറുകളും സുരക്ഷ സംവിധാനങ്ങളുമായിട്ടാണ് പുതിയ വാഹനം എത്തുകയെന്നും യാത്രക്കാരുടെ സുഖത്തിലും സൗകര്യത്തിലും സുരക്ഷയിലും രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന പൂര്‍ണമായും ലോകോത്തര നിലവാരത്തിലുള്ള വാഹനമായിരിക്കും ഇതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. രാജ്യാന്തര വിപണിയേയും ലക്ഷ്യം വെച്ച് വികസിപ്പിക്കുന്ന ടി1എന്നിനെ ആഫ്രിക്ക, പശ്ചിമേഷ്യ, ആസിയാന്‍, സൗത്ത് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

click me!