ഡ്രൈവര്‍ പൂസായി അപകടം, വണ്ടിക്കമ്പനിക്കെതിരെയും ബാറിനെതിരെയും കേസെടുത്ത് പൊലീസ്!

By Web TeamFirst Published Oct 1, 2021, 5:08 PM IST
Highlights

ഡ്രൈവറിന് അമിതമായി മദ്യം നല്‍കിയതിനാണ് ഹോട്ടലിനെതിരേ കേസെടുത്തിരിക്കുന്നത്. ഹോട്ടല്‍ ഉടമയില്‍ നിന്നും വണ്ടിക്കമ്പനിയില്‍ നിന്നുമായി നഷ്‍ടപരിഹാരം ലഭിക്കണമെന്നാണ് പൊലീസിന്‍റെ ആവശ്യം

മേരിക്കന്‍ ഇലക്ട്രിക് വാഹന ഭീമന്‍ ടെസ്‍ലയുടെ (Tesla) ഓട്ടോ പൈലറ്റ് സംവിധാനത്തിനെതിരെ (Tesla Autopilot advanced driver assistance system) അടുത്തകാലത്തായി നിരവധി പരാതികളാണ് ഉയരുന്നത്. ഓട്ടോപൈലറ്റ് മോഡില്‍ (Autopilot) സഞ്ചരിക്കുന്ന വാഹനങ്ങള്‍ പലപ്പോഴും അപകടമുണ്ടാക്കുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുന്നത്.  ടെസ്‌ലയുടെ ഓട്ടോപൈലറ്റ് (Tesla Autopilot) എന്നറിയപ്പെടുന്ന ഈ ഡ്രൈവർ-അസിസ്റ്റന്റ് സംവിധാനത്തെക്കുറിച്ച് അമേരിക്കന്‍ സർക്കാർ അന്വേഷണം ആരംഭിച്ചതും അടുത്തിടെയാണ്. 

ഇപ്പോഴിതാ ടെസ്‍ലയ്ക്കെതിരെ ഏറ്റവുമൊടുവില്‍ രംഗത്തെത്തിയിരിക്കുന്നത് അമേരിക്കന്‍ പൊലീസ് തന്നെയാണെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. ഡ്രൈവര്‍ അമിതമായി മദ്യപിച്ച ശേഷം ടെസ്‌ലയുടെ മോഡല്‍ X എന്ന വാഹനം ഓട്ടോപൈലറ്റ് മോഡില്‍ ഓടിച്ചുണ്ടായ അപകടത്തിലാണ് പൊലീസ് ടെസ്‌ലയ്ക്ക് എതിരേ കേസെടുത്തിരിക്കുന്നത്. ടെക്‌സസിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരാണ് ടെസ്‌ലയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇതിനുപുറമെ ഹോട്ടല്‍ ഉടമയ്‌ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. കാറിന്റെ ഡ്രൈവറിന് അമിതമായി മദ്യം നല്‍കിയതിനാണ് ഹോട്ടല്‍ ഉടമയ്ക്കെതിരെയുള്ള നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍.  

2021 ഫെബ്രുവരി 27-നാണ് സംഭവം. ടെക്‌സസിലെ ഈസ്റ്റെക്‌സ് ഫ്രീവേയില്‍ ട്രാഫിക് നിയന്ത്രണത്തിലുണ്ടായിരുന്ന അഞ്ച് പോലീസ് ഉദ്യോഗസ്ഥരെയാണ് ടെസ്‌ലയുടെ മോഡല്‍ X ഇടിച്ചിട്ടത്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നയാള്‍ അമിതമായി മദ്യപിച്ചിരുന്നെന്നും ഇതിനൊപ്പം വാഹനം ഓട്ടോപൈലറ്റ് മോഡില്‍ ആയിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. അപകടത്തില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സാരമായി പരിക്കേറ്റിരുന്നു.

ഡ്രൈവറിന് അമിതമായി മദ്യം നല്‍കിയതിനാണ് ഹോട്ടലിനെതിരേ കേസെടുത്തിരിക്കുന്നത്. അപകടമുണ്ടായ സമയം ഡ്രൈവര്‍ മദ്യലഹരിയില്‍ ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടല്‍ ഉടമയില്‍ നിന്നും ടെസ്‌ലയില്‍ നിന്നുമായി 20 മില്ല്യണ്‍ ഡോളറിന്റെ നഷ്‍ടപരിഹാരം ലഭിക്കണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ടെസ്‌ല ഒരുക്കിയിട്ടുള്ള സുരക്ഷ സംവിധാനമായാണ് ഓട്ടോപൈലറ്റ് സംവിധാനത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, എമര്‍ജന്‍സി വാഹനങ്ങള്‍ തിരിച്ചറിയുന്നതില്‍ ഓട്ടോപൈലറ്റ് സംവിധാനം പരാജയമാണെന്നാണ് പൊലീസിന്റെ വിമര്‍ശനം. പക്ഷേ ഓട്ടോപൈലറ്റ് മോഡിലും ഡ്രൈവറിന്റെ കൈ സ്റ്റിയറിങ്ങില്‍ വേണമെന്നാണ് ടെസ്‌ല നിര്‍ദേശിക്കുന്നത്. അതുകൊണ്ട് തന്നെ ഈ അപകടം ടെസ്‌ലയുടെ സംവിധാനത്തിന്റെ വീഴ്ചയായി കണക്കാക്കാന്‍ സാധിക്കില്ലെന്നും കമ്പനി പറയുന്നു എന്നാല്‍ ഓട്ടോപൈലറ്റ് മോഡല്‍ ടെസ്‌ലയുടെ വാഹനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള എല്ലാ അപകടങ്ങളും അന്വേഷിക്കണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യം. 

നേരത്തെ 11 ഓളം അപകടങ്ങള്‍ ചൂണ്ടിക്കാട്ടി യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‍മിനിസ്‌ട്രേഷൻ ടെസ്‍ലയ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പടെ നിര്‍ത്തിയിട്ട അടിയന്തിര സേവന വാഹനങ്ങള്‍ക്കുമേല്‍ ഇടിച്ചുകയറിയ സംഭവത്തെ തുടർന്നായിരുന്നു ഈ അന്വേഷണം.  

2014 ന്‍റെ തുടക്കം മുതൽ ടെസ്ല അമേരിക്കയിൽ വിറ്റഴിച്ച 765,000 വാഹനങ്ങൾ ഉൾപ്പെടുന്നതാണ് അന്വേഷണം.  ടെസ്‍ല വാഹനങ്ങൾ കാരണം 2018 ജനുവരി മുതല്‍ 2021 ജൂലായ് വരെ നടന്ന 11 അപകടങ്ങളിലായി 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്‍തട്ടുണ്ടെന്നാണ് കണക്കുകള്‍. അതുകൊണ്ടു തന്നെ ഇന്ന് ടെസ്ല വിപണിയില്‍ ഇറക്കിയിട്ടുള്ള വിവിധ മോഡലുകളില്‍ പെടുന്ന 7.65 ലക്ഷം കാറുകള്‍ അന്വേഷണ വിധേയമാവുമെന്നാണ് റിപ്പോർട്ടുകള്‍. 2014 മുതൽ 2021 മോഡൽ വർഷങ്ങൾ വരെയുള്ള ടെസ്ലയുടെ നിലവിലെ മോഡൽ ലൈനപ്പ്, മോഡലുകൾ Y, X, S, 3 എന്നിവ അന്വേഷണം ഉൾക്കൊള്ളുന്നു.

നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ 2016ലുണ്ടായ ഒരപകടവുമായി ബന്ധപ്പെട്ട് 2017 ലും കമ്പനിയ്‌ക്കെതിരെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ, ആ അന്വേഷണത്തില്‍ ടെസ്ല കമ്പനി നിരപരാധിയാണെന്ന് കണ്ടെത്തിയിരുന്നു.

ഓട്ടോ പൈലറ്റ് അഥവാ ട്രാഫിക് അവെയര്‍ ക്രൂസ് കണ്‍ട്രോള്‍ ഫീച്ചര്‍ അപകടത്തില്‍ പെട്ട ടെസ്ല കാറുകളില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ചു ഭൂരിഭാഗം അപകടങ്ങളും ഉണ്ടായത് രാത്രികാലങ്ങളിലാണ്. വാഹനങ്ങളുടെ ഗതിമാറ്റുന്നതിനായി ഡ്രൈവര്‍മാര്‍ക്ക് അറിയിപ്പ് നല്‍കുന്ന എമര്‍ജന്‍സി വെഹിക്കിള്‍ ലൈറ്റുകള്‍, ഇലുമിനേറ്റഡ് ആരോ ബോര്‍ഡുകള്‍, റോഡ് കോണുകള്‍ പോലുള്ളവ സംവിധാനങ്ങൾ ഉണ്ടായിട്ടും അപകടം ഉണ്ടായതാണ് അമ്പരപ്പിക്കുന്നത്. 

ടെസ്‌ല ഡ്രൈവർമാർ ഓട്ടോപൈലറ്റിനെ പതിവായി ദുരുപയോഗം ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കാലിഫോർണിയ ഹൈവേയിൽ കാർ ഓടുന്നതിനിടയില്‍ മദ്യപിക്കുകയോ, ഓടുന്ന കാറിന്‍റെ പിൻസീറ്റിൽ ഇരുന്ന നിലയിലോ ഡ്രൈവര്‍മാര്‍ പിടിക്കപ്പെട്ട സംഭവങ്ങളും പതിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാങ്കേതിക സൌകര്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഡ്രൈവർമാർ എപ്പോഴും ഇടപെടാൻ തയ്യാറായിരിക്കണമെന്ന് ടെസ്ലയും ഓട്ടോ മോഡുകളുള്ള മറ്റ് നിർമ്മാതാക്കളും മുന്നറിയിപ്പ് നൽകുന്നുണ്ട്.  ലഭ്യമായ എല്ലാ വാഹനങ്ങളിലും എല്ലായ്പ്പോഴും ഒരു മനുഷ്യ ഡ്രൈവറുടെ നിയന്ത്രണം ഉണ്ടായിരിക്കണമെന്നും കൂടാതെ എല്ലാ നിയമങ്ങളും അവരുടെ വാഹനങ്ങളുടെ പ്രവർത്തനത്തിന് മനുഷ്യ ഡ്രൈവർമാരായിരിക്കും ഉത്തരവാദിയായി കണക്കാക്കുന്നതെന്നും സുരക്ഷാ ഏജന്‍സികളും വ്യക്തമാക്കുന്നു. 

click me!