എസ്‍ഐയുടെ വീട്ടുമുറ്റത്തെ വണ്ടികള്‍ കത്തിച്ച് അജ്ഞാത സംഘം!

By Web TeamFirst Published Jul 4, 2021, 10:17 AM IST
Highlights

ഒരു മാസം മുമ്പ് ഇതേ എസ്എസ്ഐയുടെ വീട്ടിലെ വളർത്തുനായയെയും വിഷം കലർത്തിയ മാംസം നൽകി അജ്ഞാതർ കൊന്നിരുന്നു.

നാഗര്‍കോവില്‍: കേരള - തമിഴ്‍നാട് അതിര്‍ത്തിയില്‍ എസ്ഐയുടെ വീടിന് നേരെ അജ്ഞാത സംഘത്തിന്‍റെ ആക്രമണം. മതിൽ ചാടിക്കടന്ന് വീട്ടിൽക്കയറിയ അക്രമികൾ പോര്‍ച്ചില്‍ ഉണ്ടായിരുന്ന വാഹനങ്ങൾക്ക് പെട്രോൾ ഒഴിച്ച് തീയിട്ടു. 

നാഗര്‍കോവിലിലാണ് സംഭവം. കുഴിത്തുറയ്ക്കു സമീപം ഇടയ്ക്കോടിൽ തമിഴ്‌നാട് സ്പെഷ്യൽ എസ് ഐ സെലിൻ കുമാറിന്റെ വീടിനു നേരേ ആയിരുന്നു അജ്ഞാത സംഘത്തിന്റെ ആക്രമണം. കഴിഞ്ഞ ദിവസം പുലർച്ചെ 2.40ന് ആയിരുന്നു ആക്രമണം.  ഇടയ്ക്കോട് ഇടവരക്കൽ കാഞ്ചനക്കാട്ടുവിള സ്വദേശിയായ സെലിന്‍ കുമാര്‍ കളിയിക്കാവിള സ്‌റ്റേഷനിലെ സ്പെഷ്യൽ എസ്ഐ ആയി ജോലി ചെയ്യുകയാണ്. വീട്ടിലെ നിരീക്ഷണ ക്യാമറയും തകർത്ത നിലയിലാണ്. 

പുലർച്ചെ വീടിന് മുന്നിൽ തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് കുഴിത്തുറ ഫയര്‍ഫോഴ്‍സിനെ വിവരം അറിയിക്കുന്നത്. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന നാട്ടുകാരുടെ സഹായത്തോടെ തീ കെടുത്തി. ശേഷം വീട്ടിലുണ്ടായിരുന്ന വരെ പുറത്തിറക്കി. ഈ സമയം വീട്ടിനുള്ളിൽ സെലിൻകുമാറും ഭാര്യയും രണ്ട് മക്കളുമുണ്ടായിരുന്നു. ബൈക്കും കാറും പൂർണമായി കത്തിനശിച്ച നിലയിലാണ്. വീടിന്റെ മുൻവശത്തും നാശമുണ്ടായി. ഒരു മാസം മുമ്പ് എസ്എസ്ഐയുടെ വീട്ടിലെ വളർത്തുനായയെയും വിഷം കലർത്തിയ മാംസം നൽകി അജ്ഞാതർ കൊന്നിരുന്നു.

2020 ജനുവരിയിൽ എസ്എസ്ഐ വിത്സനെ ചെക്‌പോസ്റ്റിൽ വെടിവെച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ സംഘത്തിൽ അംഗമായിരുന്നു സെലിൻകുമാർ. രണ്ട് യുവാക്കളാണ് വാഹനങ്ങൾ പെട്രോൾ ഒഴിച്ച് കത്തിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ രണ്ട് സ്പെഷ്യൽ ടീമുകള്‍ രൂപീകരിച്ച് അന്വേഷണം തുടങ്ങി. കന്യാകുമാരി ജില്ലാ പോലീസ് മേധാവി, തക്കല ഡിഎസ്‍പി, ഫൊറൻസിക് വിദഗ്ധർ തുടങ്ങിയവർ സ്ഥലത്ത് തെളിവെടുപ്പ് നടത്തി.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!