"നീ വിട പറയുമ്പോള്‍.." 'വിരമിച്ച' മാരുതി ജിപ്‍സിക്ക് ഉദ്യോഗസ്ഥരുടെ ഗംഭീര യാത്രയയപ്പ്!

By Web TeamFirst Published Jul 12, 2021, 6:23 PM IST
Highlights

22 വർഷം തപാൽ വകുപ്പിനായി ഓടിയ മാരുതി ജിപ്​സിക്കാണ്​ ഉദ്യോഗസ്​ഥർ ചേർന്ന്​ യാത്രയയപ്പ്​ നൽകിയത്

ദീര്‍ഘകാലത്തെ സേവനത്തിനൊടുവില്‍ ജോലിയില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കുക എന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍, ഒരു വാഹനത്തിന് ഇത്തരത്തില്‍ യാത്രയയപ്പ് കിട്ടുന്നത് അപൂര്‍വ്വമായിരിക്കും. അത്തരം അത്യപൂർവ്വമായ ഒരു യാത്രയയപ്പിനാണ്​ കഴിഞ്ഞദിവസം വെല്ലൂർ പോസ്​റ്റോഫീസ്​ സാക്ഷിയായത്​. 22 വർഷം തപാൽ വകുപ്പിനായി ഓടിയ മാരുതി ജിപ്​സിക്കാണ്​ പോസ്​റ്റ് ഓഫീസിലെ ഉദ്യോഗസ്​ഥർ ചേർന്ന്​ യാത്രയയപ്പ്​ നൽകിയതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

പോസ്​റ്റോഫീസ് സൂപ്രണ്ടിന്‍റെ ഇന്‍സ്‌പെക്ഷന്‍ വാഹനമായി ഉപയോഗിച്ചിരുന്ന ജിപ്‌സിക്കാണ് ജീവനക്കാര്‍ വൈകാരിക യാത്രയയപ്പ് നല്‍കിയത്. വാഹനം മാല ചാര്‍ത്തി അലങ്കരിക്കുകയും ജീവനക്കാര്‍ വാഹനത്തിന് സല്യൂട്ട് നല്‍കുകയും ചെയ്‍തു. തുടര്‍ന്ന് എല്ലാവര്‍ക്കും മധുരം വിതരണവും നടന്നു. 1999 മാര്‍ച്ച് 24നാണ് വകുപ്പിനായി ജിപ്​സി വാങ്ങുന്നത്. കഴിഞ്ഞ 22 വര്‍ഷത്തിനുള്ളില്‍ 25 സൂപ്രണ്ടുമാര്‍ ഈ വാഹനം ഉപയോഗിച്ചു. മലയോര പ്രദേശങ്ങളിലെ പോസ്​റ്റോഫീസുകള്‍ സന്ദര്‍ശിക്കുന്നതിന്​ പോസ്റ്റല്‍ സൂപ്രണ്ടുമാരുടെ പ്രധാന ആശ്രയമായിരുന്നു ഈ ജിപ്‍സി. 

'സാധാരണ പോസ്​റ്റോഫീസുകളിൽ ഇത്തരം കീഴ്​വഴക്കങ്ങൾ ഇല്ല. പക്ഷേ, ഈ വാഹനവുമായുള്ള ഞങ്ങളുടെ വൈകാരിക ബന്ധത്തെ തുടർന്നാണ്​ ഈ യാത്രയയപ്പ്​ സംഘടിപ്പിച്ചത്​. ഉൾപ്രദേശങ്ങളിലും മലമുകളിലുമൊക്കെ ഞങ്ങളെ സുരക്ഷിതമായി എത്തിച്ചിരുന്ന വാഹനമാണിത്​. ഞാൻ കഴിഞ്ഞ മൂന്നുവർഷം ഇതിൽ യാത്ര ചെയ്യുന്നു' -വെല്ലൂർ ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട്​ പി കോമൾ കുമാർ പറയുന്നു.

22 വര്‍ഷത്തെ ഓട്ടത്തിനിടെ ഈ വാഹനത്തിന്​ ഒരു അപകടം പോലും ഉണ്ടായിട്ടില്ലെന്ന്​ 14 വർഷമായി ഈ ജിപ്‍സിയുടെ സാരഥിയായ പി ശേഖർ പറയുന്നു. ഇപ്പോൾ ​ പുതിയ ജീപ്പ്​ കിട്ടിയെന്നും പക്ഷേ, ഒരു ദശകത്തിലേറെ തന്നോടൊപ്പം ജോലി ചെയ്​ത ഒരു സഹപ്രവർത്തകൻ പിരിഞ്ഞുപോകുന്ന പോലുള്ള അനുഭവമാണ്​ ഇപ്പോൾ തനിക്കെന്നും അദ്ദേഹം പറയുന്നു. 

പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിയമം അനുസരിച്ച് ഈ വാഹനം മെയില്‍ മോട്ടോര്‍ സര്‍വീസിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് ഇത് പൊളിക്കും. വെല്ലൂരിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇത്തരം കീഴ്‌വഴക്കങ്ങള്‍ ഇല്ലെങ്കിലും ഈ വാഹനവുമായുള്ള വൈകാരിക ബന്ധത്തെ തുടര്‍ന്നാണ് യാത്രയയപ്പ് സംഘടിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

മാരുതിയുടെ ഐതിഹാസിക മോഡലായ ജിപ്‍സി 1985ലാണ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്നത്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970ല്‍ ജപ്പാനീസ് നിരത്തുകളില്‍ എത്തിയ ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമായിരുന്നു ഇന്ത്യന്‍ ജിപ്‍സി.  എന്നാല്‍ രാജ്യാന്തര മോഡലിനെ അപേക്ഷിച്ചു ഇന്ത്യന്‍ ജിപ്‌സിക്ക് നീളം കൂടുതലായിരുന്നു. 1.0 ലിറ്റര്‍  970 സിസി പെട്രോള്‍ എന്‍ജിനിലായിരുന്നു ഇന്ത്യയിലെ തുടക്കം. പിന്നീട് 1.3 ലിറ്റര്‍ ഉള്‍പ്പെടെ ബിഎസ്-4 എന്‍ജിന്‍ വരെ എത്തി. 2000ലാണ്  കൂടുതല്‍ കരുത്താര്‍ന്ന ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിന്‍ അവതരിപ്പിക്കുന്നത്. അപ്പോഴൊക്കെ ഡിസൈന്‍ അതേപടി നിലനിര്‍ത്തി.  

നിരത്തിലെത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെയും മറ്റ് പല സേനകളുടെയും ഇഷ്‍ട വാഹനമായി മാറിയിരുന്നു ജിപ്‌സി. തൊണ്ണൂറുകളോടെ എസ്‌യുവി പ്രേമികളുടെ പ്രിയവാഹനമായി ജിപ്‌സി മാറി. ഓഫ് റോഡിംഗ് കഴിവും ഏതു ദുര്‍ഘട സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള മികവുമാണ് മാരുതി ജിപ്‌സിയെ ജനപ്രിയമാക്കിയത്. ഒരുകാലത്തെ ഇന്ത്യന്‍ ആക്ഷന്‍ സിനിമകളില്‍ മിന്നും താരവും ജിപ്‍സിയായിരുന്നുവെന്നത് ശ്രദ്ധേയം. 

അതേസമയം മാരുതി ഇന്ത്യയിലിറക്കിയ ജിപ്‌സിയില്‍ 90 ശതമാനവും സര്‍ക്കാര്‍ മേഖലയിലേക്കാണ് എത്തിയത്. നിലവില്‍ ജിപ്‌സിയിലുള്ള 1.3 ലിറ്റര്‍ ബിഎസ് IV എഞ്ചിന് പരമാവധി 80 bhp കരുത്തും 104 Nm torque ഉം സൃഷ്ടിക്കാനാവും. ലാഡര്‍ ഫ്രെയിം ഷാസി അടിസ്ഥാനമാകുന്ന ജിപ്‌സിയില്‍ പിന്‍ ചക്രങ്ങളിലേക്കാണ് കരുത്തെത്തുന്നത്. ആവശ്യാനുസരണം ഫോര്‍ വീല്‍ ഡ്രൈവ് മോഡിലേക്കു വാഹനം മാറ്റാനും കഴിയും. രാജ്യത്ത് നിലവില്‍ വന്ന പുതിയ സുരക്ഷാ ചട്ടങ്ങൾ കാരണം 2019 മാർച്ച് മുതൽ ജിപ്‌സിയുടെ ഉൽപ്പാദനം മാരുതി അവസാനിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യന്‍ സൈന്യത്തിന്‍റെ പ്രത്യേക ആവശ്യപ്രകാരം  സൈന്യത്തിനായി മാത്രം കമ്പനി ജിപ്‍സികള്‍ വീണ്ടും നിര്‍മ്മിച്ച് തുടങ്ങിയിരുന്നു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!