ജീവനക്കാരുടെ തമ്മില്‍ത്തല്ല് ഒഴിവാക്കാന്‍ കിടിലന്‍ ഐഡിയയുമായി ബസുടമകള്‍!

By Web TeamFirst Published Feb 17, 2020, 12:38 PM IST
Highlights

ബസ് തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു സൂത്രപ്പണി അവതരിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം സ്വകാര്യ ബസ് ഉടമകള്‍.

മലപ്പുറം: സ്വകാര്യ ബസ് തൊഴിലാളികള്‍ തമ്മിലുള്ള വഴക്കുകള്‍ നേരിട്ടും അല്ലാതെയുമൊക്കെ പരിചിതരാവും ഭൂരിഭാഗം മലയാളികളും. രണ്ടും മൂന്നും അഞ്ചും അഞ്ചരയുമൊക്കെ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് പല സ്വകാര്യ ബസുകള്‍ക്കും പെര്‍മിറ്റ് ലഭിക്കുന്നത്. ഇതു തന്നെയാണ് മിക്ക സംഘര്‍ഷങ്ങളുടെയും മൂലകാരണവും. 

ആളെ കിട്ടാതെ വരുമ്പോള്‍ മുന്നില്‍ പോകുന്ന ബസുകളില്‍ ഒന്ന് സ്റ്റോപ്പുകളില്‍ ഏതാനും മിനിറ്റുകള്‍ അധികം നിര്‍ത്തിയാല്‍ മതി പിന്നാലെ വരുന്ന ബസിലെ ജീവനക്കാരുമായി വാക്കേറ്റവും സംഘര്‍ഷവുമൊക്കെ നടക്കാന്‍. ഇത്തരം പ്രശ്‍നങ്ങള്‍ക്ക് പലപ്പോഴും ഇരയാകേണ്ടി വരിക യാത്രികര്‍ തന്നെയാവും. 

സമയം തെറ്റിയോടുന്നതു സംബന്ധിച്ചുണ്ടാകുന്ന ഇത്തരം സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു സൂത്രപ്പണി അവതരിപ്പിച്ചിരിക്കുകയാണ് മലപ്പുറത്തെ ഒരു കൂട്ടം സ്വകാര്യ ബസ് ഉടമകള്‍.

പിന്നിലെ ബസിലെ ക്ലീനര്‍ക്ക് മുന്നിലെ ബസില്‍ ജോലി എന്നതാണ് ആ വിദ്യ. അതായത് മുന്നില്‍ ഓടുന്ന ബസില്‍ ജോലിയെടുക്കുന്നത് അതിനു തൊട്ടു പിന്നിലെ ബസിലെ ക്ലീനറായിരിക്കും. മുന്നിലോടുന്ന ബസിനെ കൃത്യസമയം സര്‍വീസ് നടത്തിക്കേണ്ടത് ഈ ജീവനക്കാരന്റെ ചുമതലയാണ്. പക്ഷേ കൂലി ലഭിക്കുന്നത് പിന്നിലെ ബസിന്‍റെ ഉടമയില്‍ നിന്നു തന്നെയാവും. ഈ പരീക്ഷണത്തോടെ സമയം തെറ്റിച്ചോടുന്ന പ്രവണതയും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളും ഒരുപരിധി വരെ ഇല്ലാതായതായെന്നും ബസുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. 

click me!