വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ വലിച്ചിഴച്ച് കാര്‍, ഞെട്ടിക്കും ദൃശ്യങ്ങള്‍..

By Web TeamFirst Published Aug 15, 2021, 6:22 PM IST
Highlights

പൊലീസുകാരൻ കാറിന്റെ വശത്തേക്ക് നീങ്ങുമ്പോൾ, അത് കൂടുതൽ വേഗത കൈവരിക്കുകയും നിലത്തുവീഴുന്നതിന് മുമ്പ് പൊലീസുകാരന്റെ തല കാറിന്റെ പിൻവശത്തെ കണ്ണാടിയിൽ ഇടിക്കുന്നതും അദ്ദേഹം റോഡിലേക്ക് വീഴുന്നതും വീഡിയോയിൽ വ്യക്തമാണ്.

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ച് കാർ പാഞ്ഞു. സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പഞ്ചാബിലെ പട്യാലയിലാണ് സംഭവം എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

വാഹന പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ അമിത വേഗതയിൽ മുന്നോട്ട് കുതിച്ച കാർ തടഞ്ഞു നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. വാഹനം പൊലീസുകാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സുരക്ഷാ പരിശോധനയുടെ ഭാഗമായി പൊലീസുകാരൻ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കാർ വേഗത കൂട്ടി കുതിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാർത്താ ഏജൻസിയായ എഎന്‍ഐ പുറത്തുവിട്ട ഒരു വീഡിയോയിൽ ഒരു വെളുത്ത കാർ തടയാൻ പോലീസുകാരൻ ശ്രമിക്കുന്നതായി കാണാം. എന്നാല്‍ ഈ പൊലീസുകാരനെയും വലിച്ചിഴച്ച് കാർ മുന്നോട്ട് നീങ്ങുകയായിരുന്നു. കാർ വേഗത കൂട്ടുകയും പൊലീസുകാരന്റെ കാലിൽ ഇടിക്കുകയും ചെയ്‍തു. ബോണറ്റിൽ മുറുകെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസുകാരൻ ബാലൻസ് നിലനിർത്താൻ പാടുപെടുന്നതും കാണാം, എന്നാൽ കാർ വേഗത കുറയ്ക്കുന്നില്ല. പൊലീസുകാരൻ കാറിന്റെ വശത്തേക്ക് നീങ്ങുമ്പോൾ, അത് കൂടുതൽ വേഗത കൈവരിക്കുകയും നിലത്തുവീഴുന്നതിന് മുമ്പ് പൊലീസുകാരന്റെ തല കാറിന്റെ പിൻവശത്തെ കണ്ണാടിയിൽ ഇടിക്കുന്നതും അദ്ദേഹം റോഡിലേക്ക് വീഴുന്നതും വീഡിയോയിൽ വ്യക്തമാണ്.

Car evading security check hits police personnel in Patiala, Punjab

Police say the injured police personnel is under medical treatment, car traced, further investigation underway

(Video source: Police) pic.twitter.com/ZF9wygy8Xm

— ANI (@ANI)

റോഡിൽ വീണ പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. അതേസമയം കാർ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കാർ കണ്ടെത്തിയെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും സിറ്റി ഡിഎസ്‍പി ഹേമന്ത് ശർമ്മ പറഞ്ഞതായി എഎന്‍ഐയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വർഷം, ദില്ലിയിലെ ധൗല ക്വാൻ പ്രദേശത്ത് സമാനസംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തിരക്കേറിയ റോഡിൽ വാഹനം അമിതവേഗത്തിൽ വരുന്നത് കണ്ടപ്പോൾ പോലീസുകാരൻ തടയാൻ ശ്രമിച്ച ഒരു ട്രാഫിക് പോലീസുകാരനെ ബോണറ്റിലിട്ട് 400 മീറ്ററോളം ആണ് കാർ ഓടിച്ചത്. ഒരു കിലോമീറ്റർ പിന്തുടർന്ന ശേഷമാണ് അന്ന് കാർ ഡ്രൈവറെ അറസ്റ്റ് ചെയ്‍തത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!