പെട്ടെന്നുള്ള യാത്രകള്‍ റെയില്‍വേയ്ക്ക് നല്‍കിയത് നാലുവര്‍ഷത്തിനിടെ 25,000 കോടി

By Web TeamFirst Published Sep 1, 2019, 2:46 PM IST
Highlights

സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് അടിസ്ഥാന യാത്രാക്കൂലിയുടെ 10%വും മറ്റ് ക്ലാസുകള്‍ക്ക് 30%വും അധികം നല്‍കിയാണ് തത്ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്. 

ദില്ലി: തത്ക്കാല്‍ ടിക്കറ്റ് ബുക്കിങ് വഴി നാലുവര്‍ഷത്തിനിടെ റെയില്‍വേയ്ക്ക് ലഭിച്ചത് 25,392 കോടി രൂപ. 2016- നും 2019 നും ഇടയില്‍ തത്ക്കാല്‍ ക്വാട്ട ടിക്കറ്റുകളില്‍ നിന്ന് 21,530 കോടി രൂപയും തത്ക്കാല്‍ പ്രീമിയം ടിക്കറ്റുകളില്‍ നിന്ന് 3,862 കോടി രൂപയുമാണ് റെയില്‍വേയ്ക്ക് ലഭിച്ചത്. 62% വര്‍ധനവാണ് തത്ക്കാല്‍ പ്രീമിയം ടിക്കറ്റുകളിലൂടെ റെയില്‍വേയ്ക്ക് ലഭിച്ചത്.

1997- ലാണ് തത്ക്കാല്‍ ബുക്കിങ് സേവനം റെയില്‍വേ ആരംഭിച്ചത്. പ്രാരംഭഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളില്‍ ആരംഭിച്ച സൗകര്യം 2004- ല്‍ രാജ്യമാകെ വ്യാപിപ്പിക്കുകയായിരുന്നു. സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് അടിസ്ഥാന യാത്രാക്കൂലിയുടെ 10%വും മറ്റ് ക്ലാസുകള്‍ക്ക് 30%വും അധികം നല്‍കിയാണ് തത്ക്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത്. 

50% തത്ക്കാല്‍ ടിക്കറ്റുകള്‍ പ്രീമിയം ഇനത്തില്‍പ്പെടുത്തിയാണ് യാത്രക്കാര്‍ക്ക് നല്‍കുന്നത്. 2016- 17 കാലയളവില്‍ 6,672 കോടി രൂപയാണ് പ്രീമിയം ടിക്കറ്റ് ഇനത്തില്‍ റെയില്‍വേയ്ക്ക് ലഭിച്ചത്. അടുത്ത വര്‍ഷം ഇത് 6,915 കോടി രൂപയായി ഉയര്‍ന്നു. 2017 18 കാലയളവില്‍ തത്ക്കാല്‍ ക്വാട്ട 6,952 കോടിയായിരുന്നു.

സാമൂഹിക പ്രവര്‍ത്തകനായ മധ്യപ്രദേശ് സ്വദേശി ചന്ദ്രശേഖര്‍ ഗോര്‍ നല്‍കിയ  വിവരാവകാശ ഹര്‍ജിക്ക് മറുപടി നല്‍കുമ്പോഴാണ് റെയില്‍വേ ഈ കണക്കുകള്‍ പുറത്തുവിട്ടത്.  രാജ്യത്ത് 2,677 ട്രെയിനുകളിലാണ് തത്ക്കാല്‍ സംവിധാനം വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. 11.57 ലക്ഷം സീറ്റുകളില്‍ 1.71 ലക്ഷം സീറ്റുകള്‍ തത്ക്കാല്‍ സംവിധാനത്തിലൂടെ ലഭ്യമാണ്.   
 

click me!