ലോക്ക് ഡൗൺ ക്രൂരമായ നീക്കമെന്ന് തുറന്നടിച്ച് ബജാജ് മുതലാളി!

By Web TeamFirst Published Jun 5, 2020, 11:35 AM IST
Highlights

കേന്ദ്ര സർക്കാർ നടപ്പാക്കിയ ലോക്ക് ഡൗൺ ക്രൂരമായ നീക്കമായിപ്പോയെന്നും കൊവിഡിനെ തുരത്തുന്നതിനു പകരം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകർത്തെന്നും തുറന്നടിച്ച് ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ്. 

ദില്ലി: കേന്ദ്ര സർക്കാർ നടപ്പാക്കിയ ലോക്ക് ഡൗൺ ക്രൂരമായ നീക്കമായിപ്പോയെന്നും കൊവിഡിനെ തുരത്തുന്നതിനു പകരം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകർത്തെന്നും തുറന്നടിച്ച് ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ്. കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുമായുള്ള വീഡിയോ സംവാദത്തിനിടെയാണ് രാജീവ് ബജാജ് ഇങ്ങനെ തുറന്നടിച്ചത്. ഇത്തരം അടച്ചു പൂട്ടൽ ലോകത്ത് എവിടെയും കണ്ടിട്ടില്ലെന്നും രാജീവ് ബജാജ് പറഞ്ഞു.  കൊവിഡിനൊപ്പം ജീവിക്കുകതയെന്നതാണ് സർക്കാർ നയം. ജനങ്ങൾ അതിനെ അംഗീകരിക്കാൻ സമയമെടുക്കുമെന്നും രാജീവ് ബജാജ്  പറഞ്ഞു.

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ യൂറോപ്പ്, അമേരിക്ക തുടങ്ങിയ പടിഞ്ഞാറൻ രാജ്യങ്ങളെ മാതൃകയാക്കാനാണ് ഇന്ത്യ ശ്രമിച്ചത്. എന്നാൽ ലോകത്ത് ഏറ്റവും നന്നായി കൊവിഡിനെ പ്രതിരോധിച്ചത് ചില കിഴക്കനേഷ്യൻ രാജ്യങ്ങളാണ് എന്ന കാര്യം മറക്കരുത്. ഒരു ഏഷ്യൻ രാജ്യമെന്ന നിലയിൽ കിഴക്കനേഷ്യയിലെ പല രാജ്യങ്ങളും എങ്ങനെ കൊവിഡിനെ പ്രതിരോധിച്ചു എന്നത് നാം പഠിക്കേണ്ടതുണ്ട്. എല്ലാ കാര്യത്തിനും യൂറോപ്പിനേയും അമേരിക്കയേയും മാതൃകയാക്കുന്നത് ഒരു നല്ല ശീലമല്ലെന്നും രാഹുല്‍ ബജാജ് പറഞ്ഞു.  

വികസിത രാജ്യമായ അമേരിക്കയോ വികസിത ഭൂഖണ്ഡമായ യൂറോപ്പോ കൊവിഡിൽ അടിപതറി വീണെങ്കിൽ ലോകത്തെവിടെയും കൊവിഡ് ബാധിക്കപ്പെടും എന്നു നാം തിരിച്ചറിയണം. സമ്പന്നരാജ്യങ്ങളെ ബാധിച്ചപ്പോൾ മാത്രമാണ് കൊവിഡൊരു ആഗോളപ്രശ്നമായി മാറിയത്. ആഫ്രിക്കയിൽ എല്ലാ വർഷവും എട്ടായിരത്തോളം കുട്ടികൾ പട്ടിണി കിടന്നു മരിക്കുന്നു. അതൊന്നും ആരും ശ്രദ്ധിക്കുന്നു പോലുമില്ല - രാജീവ് ബജാജ് പറഞ്ഞു.   

click me!