പ്ലഗ് ഇന്‍ ഹൈബ്രിഡ് വേര്‍ഷനില്‍ ഇവോക്ക്, ഡിസ്‌കവറി സ്‌പോര്‍ട്ട്

By Web TeamFirst Published Apr 25, 2020, 12:22 PM IST
Highlights

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട്, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഇവോക്ക് എസ് യുവികളുടെ പ്ലഗ് ഇന്‍ ഹൈബ്രിഡ് വേരിയന്റുകള്‍ അവതരിപ്പിച്ചു. 
 

ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട്, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഇവോക്ക് എസ് യുവികളുടെ പ്ലഗ് ഇന്‍ ഹൈബ്രിഡ് വേരിയന്റുകള്‍ അവതരിപ്പിച്ചു. 

ഇവോക്ക് പി300ഇ വകഭേദത്തിന് 43,850 പൗണ്ട് മുതലാണ് വില. എസ്, എസ്ഇ, എച്ച്എസ്ഇ വേരിയന്റുകളില്‍ ലഭിക്കും. ഇതേ മൂന്ന് വേരിയന്റുകളില്‍ ആര്‍ ഡൈനാമിക് പാക്ക് സഹിതമായിരിക്കും ഡിസ്‌കവറി സ്‌പോര്‍ട്ട് വാങ്ങാന്‍ കഴിയുന്നത്. 45,370 പൗണ്ട് മുതലാണ് വില. കൊവിഡ് മഹാമാരി കാരണം എല്ലാ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പ്ലാന്റുകളിലും ഉല്‍പ്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ വര്‍ഷം മൂന്നാം പാദത്തില്‍ പുതിയ പ്ലഗ് ഇന്‍ ഹൈബ്രിഡ് വേരിയന്റുകളുടെ ഡെലിവറി ആരംഭിക്കും. അടുത്ത വര്‍ഷം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രീമിയം ട്രാന്‍സ് വേഴ്‌സ് ആര്‍ക്കിടെക്ച്ചറിലാണ് (പിടിഎ) പ്ലഗ് ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയ്ന്‍ നല്‍കിയിരിക്കുന്നത്. 1.5 ലിറ്റര്‍, 3 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും പിറകിലെ ആക്‌സിലില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുമാണ് പി300ഇ പ്ലഗ് ഇന്‍ ഹൈബ്രിഡ് വേരിയന്റുകള്‍ക്ക് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 197 ബിഎച്ച്പി കരുത്തും ഇലക്ട്രിക് മോട്ടോര്‍ 107 ബിഎച്ച്പി കരുത്തും ഉല്‍പ്പാദിപ്പിക്കും. ആകെ 296 ബിഎച്ച്പി കരുത്തും 540 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 15 കിലോവാട്ട് അവര്‍ ബാറ്ററി പാക്കാണ് ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിക്കുന്നത്. ഇലക്ട്രിക് മോട്ടോര്‍ പിറകിലെ ആക്‌സിലില്‍ നല്‍കിയതിനാല്‍ ഇവോക്ക്, ഡിസ്‌കവറി സ്‌പോര്‍ട്ട് മോഡലുകളുടെ പിഎച്ച്ഇവി (പ്ലഗ് ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹനം) വേരിയന്റുകള്‍ 4 വീല്‍ ഡ്രൈവ് വാഹനങ്ങളാണ്.

ഇപ്പോള്‍ റേഞ്ച് റോവര്‍ ഇവോക്ക് പ്ലഗ് ഇന്‍ ഹൈബ്രിഡ് വേരിയന്റ് പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ് കിലോമീറ്ററിന് 32 ഗ്രാം മാത്രമാണ്. സ്റ്റാന്‍ഡേഡ് വേര്‍ഷന്‍ 170 ഗ്രാമാണ് പുറത്തുവിടുന്നത്. അതേസമയം, സെവന്‍ സീറ്ററായ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട് പ്ലഗ് ഇന്‍ ഹൈബ്രിഡ് വേരിയന്റ് കിലോമീറ്ററിന് 36 ഗ്രാമാണ് പുറന്തള്ളുന്നത്. ഇവോക്ക് പ്ലഗ് ഇന്‍ ഹൈബ്രിഡ് വേരിയന്റിന് 66 കിലോമീറ്ററും ഡിസ്‌കവറി സ്‌പോര്‍ട്ട് പ്ലഗ് ഇന്‍ ഹൈബ്രിഡ് വേരിയന്റിന് 62 കിലോമീറ്ററും ഇലക്ട്രിക് കരുത്തില്‍ മാത്രം സഞ്ചരിക്കാന്‍ കഴിയും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ പി300ഇ വേരിയന്റുകള്‍ക്ക് 6.1 സെക്കന്‍ഡ് മതി. ഇലക്ട്രിക് കരുത്തില്‍ മാത്രം മണിക്കൂറില്‍ 135 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. ഉയര്‍ന്ന വേഗതകളില്‍ എയ്‌റോഡൈനാമിക് ഡ്രാഗ് കുറയ്ക്കുന്നതിന് ഇലക്ട്രിക് മോട്ടോര്‍ വേര്‍പ്പെടുത്തും. അപ്പോള്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് വാഹനമായി മാറും.

മോഡ് 2 കേബിള്‍ ഉപയോഗിച്ച് വീടുകളിലെ ത്രീ പിന്‍ സോക്കറ്റ് വഴി പ്ലഗ് ഇന്‍ ഹൈബ്രിഡ് വേരിയന്റുകള്‍ ചാര്‍ജ് ചെയ്യാം. 6.42 മണിക്കൂര്‍ വേണം. എന്നാല്‍ 7 കിലോവാട്ട് എസി വാള്‍ ബോക്‌സില്‍നിന്ന് എണ്‍പത് ശതമാനം ബാറ്ററി റീച്ചാര്‍ജ് ചെയ്യുന്നതിന് ഒന്നര മണിക്കൂര്‍ മതി. ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് (32 കിലോവാട്ട് വരെ) വഴി എണ്‍പത് ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് മുപ്പത് മിനിറ്റ് മാത്രം മതി.

click me!