ഇടിച്ചാല്‍ പപ്പടമാകില്ല, പക്ഷേ വാങ്ങാന്‍ ആളില്ല; ഫോര്‍ഡിന് ഇന്ത്യയില്‍ സംഭവിച്ചത്!

By Web TeamFirst Published Sep 10, 2021, 10:53 AM IST
Highlights

അടുത്തകാലത്ത് നടന്ന സുരക്ഷാ പരിശോധനയില്‍ മികച്ച പ്രകടനം കാഴ്‍ചവച്ചത് ഫോര്‍ഡിന്‍റെ ഗുജറാത്തിലെ പ്ലാന്‍റില്‍ നിര്‍മ്മിച്ച കാറുകളായിരുന്നു. എന്നിട്ടും ഈ പ്ലാന്‍റ് ഉള്‍പ്പെടെ അടച്ചുപൂട്ടി കമ്പനിക്ക് രാജ്യം വിടേണ്ടി വരുന്നത് എന്തുകൊണ്ടായിരിക്കും? 

ക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഇന്ത്യയിൽ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി കഴിഞ്ഞ കുറച്ചുകാലമായി കേള്‍ക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഫോര്‍ഡ് രാജ്യം വിടുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‍തു. ഇപ്പോള്‍ ഈ വാര്‍ത്തകള്‍ ശരിവച്ച്  കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണവും വന്നിരിക്കുന്നു. ഗുജറാത്തിലെ സാനന്ദ്, ചെന്നൈ എന്നിവിടങ്ങളിലെ രണ്ട് നിര്‍മാണ കേന്ദ്രങ്ങള്‍ തങ്ങള്‍ അടച്ചുപൂട്ടുന്നതായാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ കമ്പനി വ്യക്തമാക്കിയത്. 

ഗുണമേന്മയിലും സുരക്ഷയുടെ കാര്യത്തിലും ഡ്രൈവിംഗ് സുഖത്തിലുമെല്ലാം മികച്ച അനുഭവം സമ്മാനിക്കുന്നതാണ് ഫോര്‍ഡ് വാഹനങ്ങള്‍. 2019ല്‍ നടന്ന ലാറ്റിന്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ഡ് ഇന്ത്യയില്‍ നിര്‍മ്മിച്ച് കയറ്റി അയച്ച ഫിഗോ മികച്ച പ്രകടനമായിരുന്നു കാഴ്‍ചവച്ചത്. ഗുജറാത്തിലെ സാനന്ദിലെ പ്ലാന്‍റില്‍ നിര്‍മ്മിച്ച് മെക്‌സികോയിലെത്തിച്ച ഹാച്ച്ബാക്ക് മോഡലായ ഫിഗോയും സെഡാന്‍ മോഡലായ ആസ്പയറും നാല് സ്റ്റാര്‍ റേറ്റിങ് നേടിയാണ് സുരക്ഷ തെളിയിച്ചത്. 

കുട്ടികളുടെയും മുതിര്‍ന്നവരുടെയും കാല്‍നട യാത്രക്കാരുടെയും സുരക്ഷയില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങുകളാണ് അന്ന് ഫോര്‍ഡിന്‍റെ ഈ വാഹനങ്ങള്‍ സ്വന്തമാക്കിയത്.  നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്‌സ്, സീറ്റ് ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡേഴ്‌സ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങളാണ് ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്തത്.  ഫോര്‍ഡ് എക്കോസ്‍പോര്‍ട്ടും എന്‍ഡവറുമൊക്കെ സുരക്ഷയില്‍ മികവുതെളിയിച്ച വാഹനങ്ങളാണ്. 

വിപണിയില്‍ ക്ലച്ച് പിടിച്ചില്ലെങ്കിലും വളരെ വലിയ ആരാധക വൃന്ദവും ഫോര്‍ഡിനുണ്ട് എന്ന് കഴിഞ്ഞ ദിവസങ്ങളിലെ സോഷ്യല്‍ മീഡിയയിലെ പ്രതികരണവും തെളിയിക്കുന്നു. ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ ഉള്‍പ്പെടെയുള്ള മോഡലുകളെ സ്‍നേഹിക്കുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണെന്നതും ശ്രദ്ധേയം. പിന്നെ എന്തുകൊണ്ടായിരിക്കും കമ്പനി ഇന്ത്യയിലെ നിര്‍മ്മാണം അവസാനിപ്പിക്കുന്നത്. ഇതിന് കമ്പനി തന്നെ പറയുന്ന കാരണങ്ങള്‍ അറിയാം. 

വർധിച്ചുവരുന്ന വ്യാപാര നഷ്​ടങ്ങളാണ്​ ഫോർഡ് ഇന്ത്യ തങ്ങളുടെ നിർമാണ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്​. സാനന്ദ്, ചെന്നൈയ്ക്കടുത്തുള്ള മറൈമല എന്നിവിടങ്ങളിലെ ഫാക്​ടറികളാണ്​ പൂട്ടുന്നത്​. ഇന്ത്യയിലെ പ്രവര്‍ത്തനത്തില്‍നിന്ന് പ്രതീക്ഷിച്ച ലാഭമുണ്ടാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്നാണ് വിവരം. 

ഫോർഡിന്‍റെ ആഗോള മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ഗുജറാത്തിലെ സാനന്ദ് പ്ലാന്‍റ് കമ്പനി നിര്‍മിച്ചത്. പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കുന്ന വാഹനങ്ങള്‍ക്കും അതുകൊണ്ടുതന്നെ വിലകൂടും. എന്നാല്‍ അതിനനുസരിച്ചുള്ള ലാഭം ഒരിക്കലും കിട്ടിയിട്ടില്ലെന്നും ഫോര്‍ഡ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഫോര്‍ഡിന്റെ ഏറ്റവും ജനപ്രിയ മോഡലുകളായ ഇക്കോസ്പോർടും എന്‍ഡവറും നിര്‍മിച്ചിരുന്നത് ചെന്നൈ പ്ലാന്റില്‍നിന്ന് മാത്രമാണ്. ഈ ഒരൊറ്റ പ്ലാന്റ് നിലനിര്‍ത്തുന്നത് പോലും സാമ്പത്തികമായി ലാഭകരമല്ലെന്നാണ് കമ്പനി പറയുന്നത്. കാലഹരണപ്പെട്ട വാഹനങ്ങള്‍, കുറഞ്ഞ ആവശ്യകത, പുതിയ കമ്പനികളുടെ തള്ളിക്കയറ്റം എന്നിവയും പിന്മാറ്റത്തിന് കാരണമായി കമ്പനി അധികൃതർ ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്ത് ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ കഷ്‍ടപ്പെടുകയായിരുന്നു തങ്ങളെന്നാണ് കമ്പനി പറയുന്നത്. രണ്ട് ബില്യണ്‍ ഡോളര്‍ പ്രവര്‍ത്തന നഷ്‍ടവും 0.8 ബില്യണ്‍ ഡോളര്‍ നിഷ്‌ക്രിയാസ്‍തികളുടെ എഴുതിത്തള്ളലും നേരിട്ടതിനെത്തുടര്‍ന്ന് രാജ്യത്തെ ബിസിനസ് നിലനിര്‍ത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടാതെ വഴിയില്ലയെന്നാണ് കമ്പനി പറയുന്നത്.

കഴിഞ്ഞ 27 വര്‍ഷത്തോളമായി ഈ അമേരിക്കന്‍ കാര്‍ നിര്‍മാതാവ് ഇന്ത്യയില്‍ എത്തിയിട്ട്.  1990 കളില്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച ആദ്യത്തെ മള്‍ട്ടി- നാഷണല്‍ ഓട്ടോമോട്ടീവ് കമ്പനികളില്‍ ഒന്നായിരുന്നു ഫോര്‍ഡ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!