കിഗറിന്റെ അവതരണം ഈ മാസം 28-ന് നടക്കുമെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പുതിയ സബ്കോംപാക്റ്റ് എസ്യുവി HBC എന്ന കോഡ് നാമത്തില്‍ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കിഗര്‍ എന്നാണ് ഈ പുതിയ കോംപാക്റ്റ് എസ്യുവിയുടെ കണ്‍സെപ്റ്റ് മോഡലിന്റെ അവതരണവും പേര് പ്രഖ്യാപനവും അടുത്തിടെ റെനോ നടത്തിയിരുന്നു.
കിഗറിന്റെ അവതരണം ഈ മാസം 28-ന് നടക്കുമെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രൊഡക്ഷന്‍ പതിപ്പിന് 80 ശതമാനവും കണ്‍സെപ്റ്റ് മോഡലിനോട് ചേര്‍ന്ന് നില്ക്കുന്ന ഡിസൈനായിരിക്കുമെന്നാണ് റെനോ അറിയിച്ചിരിക്കുന്നത്. ഈ വാഹനവും റെനോയുടെ എം.പി.വി മോഡലായ ട്രൈബറിന് അടിസ്ഥാനമൊരുക്കുന്ന സി.എം.എഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലായിരിക്കും ഒരുങ്ങുക. കണ്‍സെപ്റ്റ് മോഡല്‍ സ്പോര്‍ട്ടി ഭാവത്തിലാണ് ഒരുങ്ങിയിരിക്കുന്നത്.
ട്രൈബറില്‍ നിന്നും ഡസ്റ്ററില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനിലായിരിക്കും കിംഗര്‍ ഒരുങ്ങുക. മൂന്ന് തട്ടുകളായുള്ള ഗ്രില്ല്, പ്രൊജക്ഷന് ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സ്കിഡ് പ്ലേറ്റ്, ഉയര്‍ന്ന ബോണറ്റ്, ബ്ലാക്ക് ക്ലാഡിങ്ങ് തുടങ്ങിയവ ഉപയോഗിച്ചായിരിക്കും ഈ വാഹനത്തിന്റെ എക്സ്റ്റീരിയര്‍ മോടിപിടിപ്പിക്കുക.
ട്രൈബറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അകത്തളം ഒരുങ്ങുന്നത്. സ്പേസാണ് ഇതിലെ പ്രത്യേകത. പുതുമയുള്ള ഡിസൈന്‍ ആണ് എ,സി വെന്റുകളുടെത്. ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതില്‍ ലഭിക്കുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, കൂള്‍ഡ് ഗ്ലോബോക്സ് എന്നിവ ഇന്റീരിയറിൽ ലഭിക്കും. ടച്ച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ കൺട്രോൾ, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയ്ക്കൊപ്പം കണക്റ്റഡ് കാർ സാങ്കേതികവിദ്യയും കിഗറിൽ പ്രതീക്ഷിക്കാം.
71 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനായിരിക്കും കിംഗറിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ട്രാന്സ്മിഷനുകളും ഈ കോംപാക്ട് എസ്യുവിയില് ഒരുക്കും. യുകെ സ്പെക് റെനോ കാപ്ചറില്‍ ഈ മോട്ടോര്‍ 99 ബിഎച്ച്പി കരുത്തും 160 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. എച്ച്ബിസി എസ്യുവിയിലെ പവര്‍, ടോര്‍ക്ക് കണക്കുകള്‍ ലഭ്യമായിട്ടില്ല. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ്, എഎംടി എന്നിവയായിരിക്കും ട്രാന്സ്മിഷന് ഓപ്ഷനുകള്‍.
അമേരിക്കൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു തരം കുതിരയാണ് കിഗർ. വരാനിരിക്കുന്ന വാഹനം കരുത്തനാണെന്ന സൂചനയാണ് റെനോ ഈ പേരിലൂടെ നല്‍കുന്നത്. അടുത്തിടെ ചെന്നൈയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്സോണ്‍ എന്നീ വാഹനങ്ങളാകും മുഖ്യ എതിരാളികള്‍. 4.99 ലക്ഷം രൂപ മുതല്‍ 9.45 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്സ്-ഷോറൂം വില. പുതുതായി പുറത്തിറക്കിയ നിസാന്‍ മാഗ്നൈറ്റിനേക്കാള്‍ അല്‍പ്പം വില കൂടുതലായിരിക്കും ഇത്. ഒരുപക്ഷേ 5.50 ലക്ഷം രൂപ മുതല്‍ റെനോ കിഗര്‍ വില ആരംഭിച്ചേക്കാം എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ട്രൈബര്‍ കോംപാക്ട് എംപിവിയും കിഗര്‍ കോംപാക്ട് എസ്യുവിയും ഉപയോഗിച്ച് 2021 ല്‍ ഗ്രാമീണ വിപണിയില്‍ ഇറങ്ങാനാണ് റെനോ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആറ് മാസത്തിനിടെ ഗ്രാമീണ വിപണികളില്‍ 30 ശതമാനം വില്‍പ്പന വളര്‍ച്ച കൈവരിച്ചതായി റെനോ ഇന്ത്യ പറയുന്നു. നിലവില്‍, വില്‍പ്പന ശൃംഖല 390ലധികം ഷോറൂമുകളിലേക്കും 470 സേവന ഔട്ട്ലെറ്റുകളിലേക്കും (200ലധികം വര്‍ക്ക്ഷോപ്പ് ഓണ്‍ വീല്‍സ്) വിപുലീകരിക്കുന്ന പ്രക്രിയയിലാണ് കമ്പനിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.