ഇന്നോവയെപ്പൊലും വിറപ്പിച്ച് റെനോയുടെ പുതിയ പുത്രന്‍, വിശ്വസിക്കാനാവാതെ വാഹനലോകം!

By Web TeamFirst Published Oct 11, 2019, 12:49 PM IST
Highlights

വമ്പന്മാരെ വിറപ്പിച്ച് ഒരു കുഞ്ഞന്‍വാഹനം കുതിക്കുന്നു

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ ട്രൈബര്‍ എന്ന സെവന്‍ സീറ്റര്‍ എംപിവി അടുത്തിടെയാണ് അവതരിപ്പിച്ചത്.  റെനോയുടെ തന്നെ ജനപ്രിയ മോഡല്‍ ക്വിഡിനെ അടിസ്ഥാനമാക്കി എത്തുന്ന വാഹനം ഇപ്പോള്‍ ക്വിഡിനെയും ടൊയോട്ടയുടെ ജനപ്രിയ എംപിവി ഇന്നോവ ക്രിസ്റ്റയെയുമൊക്കെ പിന്നിലാക്കി കുതിക്കുകയാണ്. സെപ്‍തംബറില്‍ 4,710 ട്രൈബര്‍ യൂണിറ്റുകളാണ് റെനോ വിറ്റത്. അങ്ങനെ ക്വിഡിന്‍റെ സ്ഥാനം തട്ടിയെടുത്ത റെനോയുടെ ഈ പുതിയ അതിഥി റെനോയുടെ ബെസ്റ്റ് സെല്ലറായി മാറിയതിനൊപ്പം ഇന്നോവ ക്രിസ്റ്റയെയും പിറകിലാക്കിയെന്നതാണ് കൗതുകം. 4225 ക്രിസ്റ്റകള്‍ മാത്രം വില്‍ക്കാനേ സെപ്‍തംബറില്‍ ടൊയോട്ടക്ക് സാധിച്ചിട്ടുള്ളൂ.

സെപ്‍തംബറില്‍ ക്വിഡിന്റെ 2995 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. ട്രൈബറിന്റെ കുതിപ്പില്‍ വില്‍പ്പനയില്‍ ക്വിഡ് ഹാച്ച്ബാക്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെന്ന് ചുരുക്കം.  

എംപിവി ശ്രേണിയില്‍ മാരുതി സുസുക്കി എര്‍ട്ടിഗയ്ക്ക് തൊട്ടുതാഴെയുള്ള സെഗ്‌മെന്റിലാണ് ട്രൈബറിന്റെ സ്ഥാനം. ലോഡ്‍ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മള്‍ട്ടി പര്‍പ്പസ് വാഹനമാണിത്. സിഎംഎഫ്–എ പ്ലാറ്റ് ഫോമില്‍ എത്തുന്ന വാഹനത്തിന് റെനോ ക്യാപ്ച്ചറുമായി ചെറിയ സാമ്യമുണ്ട്. ത്രീ സ്ലേറ്റ് ഗ്ലില്‍, സ്‌പോര്‍ട്ടി ബംബര്‍, റൂഫ് റെയില്‍സ്, ഹെഡ്‌ലൈറ്റ്, ഡേ ടൈം റണ്ണിങ് ലൈറ്റ് എന്നിവയും വാഹനത്തെ വേറിട്ടതാക്കുന്നു. ഏഴ് പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന ട്രൈബറില്‍ കുറഞ്ഞ വിലയാണ് പ്രധാന പ്രത്യേകത. 4.95 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 

പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ട്രൈബറിലുള്ളത്‌. 72 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണിത്. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടിയാണ് ട്രാന്‍സ്‍മിഷന്‍.  ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്‍റ് സിസ്റ്റം, ഡ്യുവൽ ടോൺ ഇന്റീരിയർ, റിയർ പാർക്കിങ് സെൻസറുകൾ, റിവേഴ്‍സ് ക്യാമറ തുടങ്ങിയവയും സുരക്ഷയ്ക്കായി ഡ്യുവൽ എയർബാഗ് കൂടാതെ സൈഡ് എയർബാഗുകളും സ്പീഡ് വാണിങ് സിസ്റ്റം തുടങ്ങിയവയും വാഹനത്തിലുണ്ട്. 

സെപ്‍തംബറിലെ റെനോയുടെ വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്ത് ഡസ്റ്റര്‍ എസ്‍യുവിയാണ്. 544 യൂണിറ്റ് ഡസ്റ്ററുകള്‍ ഈ കാലത്ത് നിരത്തിലെത്തി. 78 യൂണിറ്റ് വില്‍പനയോടെ ലോഡ്‍ജി നാലാം സ്ഥാനത്തും 18 യൂണിറ്റോടെ ക്യാപ്‍ചര്‍ അഞ്ചാം സ്ഥാനത്തുമാണ്. 

ഓഗസ്റ്റ് മാസത്തെ വില്‍പനയിലും ക്വിഡിനെ പിന്നിലാക്കാന്‍ ട്രൈബറിന് സാധിച്ചിരുന്നു. അതേസമയം മുഖംമിനുക്കിയ പുതിയ ക്വിഡ് ഒക്ടോബര്‍ ആദ്യവാരം പുറത്തിറങ്ങിയതിനാല്‍ ഈ മാസത്തെ വില്‍പന കണക്കില്‍ ട്രൈബറിനെ മറികടക്കാനും ഒന്നാംസ്ഥാനം വീണ്ടെടുക്കാനും ക്വിഡിന് സാധിച്ചേക്കുമെന്നുമാണ് കമ്പനിയുടെ പ്രതീക്ഷ. 


 

click me!