സോയി ഇലക്ട്രിക്ക്, റെനോയുടെ ഇത്തിരിക്കുഞ്ഞന്‍

By Web TeamFirst Published Feb 17, 2020, 4:32 PM IST
Highlights

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ സോയി എന്ന കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു.

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ സോയി എന്ന കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. 

ഹാച്ച്ബാക്കിന്റെ എല്ലാ അനുപാതങ്ങളുമുള്ള ഇലക്ട്രിക് കാറാണ് റെനോ സോയി. മുഖത്ത് വലിയ റെനോ ലോഗോ കാണാം. സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലാംപുകള്‍, സവിശേഷ ബംപര്‍ എന്നിവ നല്‍കിയിരിക്കുന്നു. കാബിനില്‍, ഉയര്‍ന്നുനില്‍ക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കി. 

യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യാന്തര വിപണിയില്‍ സജീവമായിട്ടുള്ള റെനോയുടെ പൂര്‍ണ വൈദ്യുത കാറാണ് സോയി. ഡിസൈന്‍, ടെക്‌നോളജി, ഫീച്ചറുകള്‍ എന്നീ മേഖലകളില്‍ പുതുമ നല്‍കികൊണ്ടാണ് പുതിയ ഇലക്ട്രിക് കാറിനെ റെനോ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഒറ്റച്ചാര്‍ജില്‍ 350 കിലോമീറ്റര്‍ ഓടാനുള്ള കരുത്ത് വാഹനത്തിനുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനായി കമിലിയോണ്‍ ചാര്‍ജറാണ് റെനോ, സോയിക്ക് നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ വിപണിക്കായി ഭേദഗതികള്‍ വരുത്തിയ റെനോ സോയി ഇവിടെ പരീക്ഷണ ഓട്ടം നടത്തിവരികയാണ്. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഇന്ത്യയില്‍ എത്ര റേഞ്ച് ലഭിക്കുമെന്ന് കാലാവസ്ഥ സാഹചര്യങ്ങള്‍ പരിശോധിച്ച് പഠിച്ചുവരുന്നു. 41 കിലോവാട്ട് അവര്‍ ബാറ്ററി പാക്കായിരിക്കും ഇലക്ട്രിക് കാര്‍ ഉപയോഗിക്കുന്നത്. ഇലക്ട്രിക് മോട്ടോര്‍ 90 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 300-350 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാറിനെയും സ്മാര്‍ട്ട്‌ഫോണിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെനോ ഈസി കണക്ട് ഫീച്ചറാണ് ഹാച്ച്ബാക്കിന്റെ മുഖ്യ സവിശേഷതകളിലൊന്ന്. ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച ഈ കാറിനെ വൈകാതെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട്പോകാനുള്ള ഒരുക്കത്തിലാണ് റെനോ. 

ഭാഗങ്ങളായി ഇറക്കുമതി ചെയ്തു കൂട്ടിയോജിപ്പിക്കുന്ന കംപ്ലീറ്റലി നോക്കഡ് ഡൗണ്‍ (CKD) രീതിയിലാവും സോയിയേ റെനോ ഇന്ത്യയില്‍ അവതരിപ്പിക്കുക. ഫ്ലോറില്‍ സജ്ജീകരിച്ചിരിക്കുന്ന ബാറ്ററി പാക്കിന്, കൂടുതല്‍ സംരക്ഷണം ലഭിക്കുന്ന വിധം മാറ്റങ്ങള്‍ ഇന്ത്യയിലെത്തുമ്പോള്‍ സോയിക്ക് ലഭിക്കും. കൂടുതല്‍ വലിപ്പമുള്ള സ്പീഡ് ബ്രെക്കറുകളുള്ള ഇന്ത്യന്‍ റോഡ് സാഹചര്യങ്ങളില്‍, അണ്ടര്‍ബോഡിക്ക് അധിക പരിരക്ഷയും അനിവാര്യമാണ്.

എല്‍ഇഡി ഹെഡ്‌ലാമ്പുകളും, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും, ഫ്‌ലൂയിഡിക് ലുക്കും വാഹനത്തിന്റെ സവിശേഷതകളാണ്. 9.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിറ്റം, ഈസി ലിങ്ക് മള്‍ട്ടിമീഡിയ സിസ്റ്റം തുടങ്ങിയവ അകത്തളത്തെ മനോഹരമാക്കും. 

റെനോ സോയി ഇലക്ട്രിക് കാറിന് ഇന്ത്യയില്‍ വില കൂടുതലായിരിക്കും. 14 ലക്ഷം രൂപ മുതല്‍ 16 ലക്ഷം രൂപ വരെയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന വില. ഈ വര്‍ഷം അവസാനത്തോടെ വാഹനത്തെ റെനോ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചേക്കും.  ക്വിഡ് ഇലക്ട്രിക്കിനെയും റെവോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ക്വിഡിന്റെ ഇലക്ട്രിക്ക് പതിപ്പിനെ കഴിഞ്ഞ വര്‍ഷം കമ്പനി ചൈനയില്‍ അവതരിപ്പിച്ചിരുന്നു. സിറ്റി K-ZE എന്ന പേരിലാണ് ചൈനയില്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. 61,800 യുവാനാണ് (ഇന്ത്യയില്‍ ഏകദേശം 6.22 ലക്ഷം രൂപ) ചൈനീസ് ഇലക്ട്രിക്ക് ക്വിഡിന്റെ വില. 

click me!