ഒറ്റയടിക്ക് കുറഞ്ഞത് 68000 രൂപ, ഇവിടെ ഈ ബൈക്കുകള്‍ ഇനി പകുതി വിലയ്‍ക്ക് കിട്ടും!

By Web TeamFirst Published Jun 28, 2021, 8:54 AM IST
Highlights

പുതിയ വാഹന നയം വന്നതോടെയാണ് ഈ സ്‍കൂട്ടറുകള്‍ക്ക് വമ്പന്‍ ഡിസ്‍കൌണ്ടിന് വഴിയൊരുങ്ങുന്നത്


ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്‍റലികോര്‍പ്പിന്‍റെ സ്‍കൂട്ടറുകള്‍ ഗുജറാത്തില്‍ പകുതി വിലയ്ക്ക് ലഭിക്കും. ഗുജറാത്ത് സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച ഇലക്ട്രിക് വാഹന നയത്തിന്റെ അടിസ്ഥാനത്തില്‍ റിവോള്‍ട്ടിന്റെ ഇലക്ട്രിക് ബൈക്കിന്റെ വിലയുടെ പകുതിയും ഓഫറായി ലഭിക്കുമെന്നാണ് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഗുജറാത്തില്‍ പ്രഖ്യാപിച്ച ഇലക്ട്രിക് നയം അനുസരിച്ച് സംസ്ഥാനത്ത് വില്‍ക്കുന്ന ഓരോ ഇലക്ട്രിക് വാഹനങ്ങള്‍ക്കും കിലോവാട്ടിന് 10000 രൂപ എന്ന നിലയില്‍ സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്‍ഫര്‍ ഇനത്തിലാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. 3.2 കിലോവാട്ട് ബാറ്ററിയാണ് റിവോള്‍ട്ട് ആര്‍.വി.400-ല്‍ നല്‍കിയിട്ടുള്ളത്. റിവോള്‍ട്ട് ബൈക്കുകള്‍ക്ക് കുറഞ്ഞത് 20,000 രൂപ എങ്കിലും ഈ സംസ്ഥാനത്തെ ഇലക്ട്രിക് നയം പ്രകാരം ലഭിക്കും. ജൂലൈ ഒന്നിന് ഇത് പ്രാബല്യത്തില്‍ വരും.

ഇതിനുപുറമെ, കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം 2 പദ്ധതി പ്രകാരം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കിലോവാട്ടിന് 15,000 രൂപയുടെ സബ്‌സിഡിയാണ് പ്രഖ്യാപിച്ചിരുന്നത്. ഇത് അനുസരിച്ച് റിവോള്‍ട്ട് ബൈക്കിന് 48000 രൂപ വരെ വില കുറയുമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ആനുകൂല്യങ്ങള്‍ ചേര്‍ത്താല്‍ റിവോള്‍ട്ട് ബൈക്കിന് 68000 രൂപയോളം വിലക്കിഴിവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനായി 870 കോടി രൂപയാണ് ഗുജറാത്ത് സര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്.  

2020 ഫെബ്രുവരിയിലാണ് റിവോള്‍ട്ട് ഗുജറാത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മികച്ച സ്വീകാര്യതയാണ് റിവോള്‍ട്ടിന് സംസ്ഥാനത്ത് ലഭിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ ദില്ലി, മുംബൈ, പൂനെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് റിവോൾട്ട് പ്രവർത്തിക്കുന്നത്. ഇന്ത്യന്‍ ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റിവോള്‍ട്ട് ഇന്റലികോര്‍പ്പ് 2019 ഓഗസ്റ്റ് മാസത്തിലാണ് RV300, RV400 എന്നിങ്ങനെ രണ്ട് മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഉയര്‍ന്ന മോഡലായ RV400-ന് വിപണിയില്‍ 1,08,999 രൂപയായിരുന്നു എക്സ്ഷോറും വില. 84,999 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് RV300 അവതരിപ്പിച്ചത്. ആവശ്യക്കാര്‍ കൂടിയതോടെ ഇടക്കാലത്ത് ബൈക്കുകളും വില നിര്‍മ്മാതാക്കള്‍ വര്‍ധിപ്പിക്കുകയും ചെയ്‍തിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലാണ് ഗുജറാത്ത് സര്‍ക്കാര്‍ പുതിയ ഇലക്ട്രിക്ക് വാഹന നയം പ്രഖ്യാപിച്ചത്.  ഈ നയം അനുസരിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനായി അടുത്ത നാല് വര്‍ഷത്തേക്ക് 870 കോടി രൂപയാണ് ഗുജറാത്ത് സർക്കാർ വകയിരുത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി വിജയ് രൂപാണിയാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്‍സിഡി നൽകുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനാണ് നീക്കം. 

പുതിയ നയം അനുസരിച്ച് ഇലക്ട്രിക് കാറുകള്‍ക്ക് 1.5 ലക്ഷം രൂപ വരെ സബ്‌സിഡി ലഭ്യമാക്കും. സംസ്ഥാനത്ത് വാങ്ങുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ഫീസില്‍ ഇളവ് നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.  ഇതിനുപുറമെ, ഇലക്ട്രിക് ടൂ വീലറുകള്‍ക്ക് 20,000 രൂപയുടെയും ഇലക്ട്രിക് ത്രീ വീലറുകള്‍ക്ക് 50,000 രൂപയുടെയും സബ്‌സിഡിയും നൽകും. 

ഗുജറാത്തിലെ മറ്റ് വ്യവസായങ്ങള്‍ക്കൊപ്പം ഇലക്ട്രിക് വാഹന ഹബ്ബായി ഉയര്‍ത്താനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിന്‍റെ ഭാഗമായി ഇലക്ട്രിക് വാഹന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും കൂടുതല്‍ സഹായം  ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

click me!