വാങ്ങാനാളില്ല, ഈ ബുള്ളറ്റിന്‍റെ നിര്‍മ്മാണം റോയല്‍ എന്‍ഫീല്‍ഡ് നിര്‍ത്തുന്നു!

By Web TeamFirst Published Mar 24, 2020, 5:09 PM IST
Highlights

വാഹനത്തെ വിപണിയില്‍ നിന്നും പിന്‍വലിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈക്കിന് വില്‍പ്പന കുറഞ്ഞതു കാരണമാണ് വാഹനത്തിന്‍റെ നിര്‍മ്മാണം അവസാനിപ്പിക്കുന്നതെന്നാണ് സൂചന.
 

ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് ട്രയല്‍സ് 350 ന്‍റെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി സൂചന. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ട്രയല്‍സ് 350 യുടെ വിവരങ്ങൾ നീക്കം ചെയ്തു. വാഹനത്തെ വിപണിയില്‍ നിന്നും പിന്‍വലിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈക്കിന് വില്‍പ്പന കുറഞ്ഞതു കാരണമാണ് വാഹനത്തിന്‍റെ നിര്‍മ്മാണം അവസാനിപ്പിക്കുന്നതെന്നാണ് സൂചന.

2019 മാർച്ചിലാണ്‌ വിലക്കുറവുള്ള ബുള്ളറ്റ് ബൈക്ക് ശ്രേണി വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി റോയൽ എൻഫീൽഡ് ഈ മോഡലിനെ അവതരിപ്പിച്ചത്. 1950-കളിൽ റോയൽ എൻഫീൽഡ് നിരയിലെ താരമായിരുന്ന ട്രയല്‍സ് മോഡലിൽനിന്നു പ്രചോദനം ഉൾകൊണ്ടായിരുന്നു പുതിയ മോഡലുകൾ. ക്ലാസിക്ക് 350 ട്രയല്‍സ്, ക്ലാസിക്ക് 500 ട്രയല്‍സ് എന്നിങ്ങനെ രണ്ട് പതിപ്പുകൾ കമ്പനി ഇറക്കിയിട്ടുണ്ട്.  500 സിസി എൻജിനിലും, 350 സിസി എൻജിനും പുറത്തിറങ്ങിയ ബുള്ളറ്റ് ട്രയൽസ് മോഡലുകൾക്ക് ഓഫ് റോഡിങ്ങിന് അനുയോജ്യമായ വിധം സ്ക്രാംബ്ലർ ഡിസൈൻ ഭാഷ്യം ആയിരുന്നു. പക്ഷെ മറ്റുള്ള റോയൽ എൻഫീൽഡ് മോഡലുകളെ പോലെ വില്പനയിൽ കുതിച്ചു കയറാൻ ബുള്ളറ്റ് ട്രയൽസിനായില്ല.  

19.8 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കുന്ന 346 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. അഞ്ച് സ്പീഡ് ഗിയർ ബോക്സുമായി എൻജിൻ ജോഡിയാവുന്നു. ഒറ്റ ചാനല്‍ എബിഎസ് സുരക്ഷയും ബൈക്കിനുണ്ട്. 1.62 ലക്ഷം രൂപയാണ് ക്ലാസിക്ക് 350 ട്രയല്‍സ് എഡിഷന് വില. ക്ലാസിക്ക് 500 ട്രയല്‍സ് 2.07 ലക്ഷം രൂപയുമാണ് വില.

സ്‌ക്രാമ്പ്ളര്‍ ഗണത്തിലാണ് പുതിയ ട്രയല്‍സ് എഡിഷന്‍ മോഡലുകള്‍ ഉള്‍പ്പെടുന്നത്. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ സ്‌ക്രാമ്പ്ളര്‍ ബൈക്കുകളെന്ന വിശേഷണം മോഡൽ സ്വന്തമാക്കിയിരുന്നു. ക്ലാസിക്ക് സീരീസാണ് ആധാരങ്കെിലും പുതിയ ബൈക്കുകളുടെ രൂപഭാവം പാടെ വ്യത്യസ്തമാണ്. ഓഫ് റോഡ് യാത്രകള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് ട്രയല്‍സിന്റെ രൂപകല്‍പന. ക്ലാസിക്ക് മോഡലുകളുടെ ഷാസിയും എഞ്ചിന്‍ യൂണിറ്റുമാണ് ട്രയല്‍സിന് പശ്ചാത്തലം. ദീര്‍ഘദൂര യാത്രകള്‍ക്കും കഠിന പ്രതലങ്ങള്‍ക്കും ട്രയല്‍ എഡിഷന്‍ ഒരുപോലെ അനുയോജ്യമാണ്.

ഉയര്‍ന്ന എക്സ്ഹോസ്റ്റ്, വലിയ ടയര്‍, സ്പോക്ക്ഡ് വീല്‍, സിംഗിള്‍ സീറ്റ്, റിയര്‍ ക്യാരിയര്‍, പിന്നിലെ ഉയര്‍ന്ന മഡ്ഗാര്‍ഡ് എന്നിവയാണ് ട്രയല്‍സിലെ പ്രധാന സവിശേഷതകള്‍. സ്പ്രിങ് ലോഡുള്ള ഒറ്റ സീറ്റ് മാത്രമെ ട്രയല്‍സ് എഡിഷന്‍ ബൈക്കുകളിലുള്ളൂ. ടെയില്‍ ലൈറ്റും ഇന്റിക്കേറ്ററും ഇന്റര്‍സെപ്റ്ററിലേതിന് സമാനം. ഹെഡ്ലൈറ്റ്, ഫ്യുവല്‍ ടാങ്ക്, എന്‍ജിന്‍, ഇരുവശങ്ങള്‍ എന്നിവ സ്റ്റാന്റേര്‍ഡ് ബുള്ളറ്റിന് സമാനം. ഉയര്‍ന്നാണ് ഹാന്‍ഡില്‍ബാറിന്റെയും ഒരുക്കം. അതേസമയം ക്ലാസിക്ക് 500 ട്രയല്‍സിന്റെ വില്‍പ്പന കമ്പനി തുടര്‍ന്നേക്കും. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!