ആ കിടിലന്‍ ബുള്ളറ്റിനെ കടല്‍ കടത്തി റോയല്‍ എന്‍ഫീല്‍ഡ്, വില 5.39 ലക്ഷം

By Web TeamFirst Published Jun 23, 2021, 3:45 PM IST
Highlights

9,590 ഡോളർ വിലയിലാണ് ഓസ്ട്രേലിയയിൽ ബൈക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 5.39 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും ഈ വില. 

ഐക്കണിക്ക് ഇന്ത്യന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ റോയൽ എൻഫീൽഡ് ജനപ്രിയ മോഡലായ ക്ലാസിക്ക് 350ന്‍റെ ലിമിറ്റിഡ് എഡിഷനായ ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്കിനെ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഈ പരിമിതകാല പതിപ്പിനെ ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും വിൽപനയ്ക്ക് എത്തിച്ചിരിക്കുകയാണ് കമ്പനി എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.  9,590 ഡോളർ വിലയിലാണ് ഓസ്ട്രേലിയയിൽ ബൈക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 5.39 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും ഈ വില. 

ഈ മോട്ടോർ സൈക്കിളിന്‍റെ വെറും 240 യൂണിറ്റുകള്‍ മാത്രമാവും റോയൽ എൻഫീൽഡ് ഈ രാജ്യങ്ങളില്‍ വിൽപ്പനയ്ക്ക് എത്തിക്കുക. ഇതിൽ 200 എണ്ണം ഓസ്ട്രേലിയയിലും ബാക്കി ന്യൂസീലൻഡിലുമാണ് കമ്പനി വില്‍ക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എഞ്ചിന്‍ ഉള്‍പ്പെടെ പൂര്‍ണമായും കറുപ്പിൽ മുങ്ങിയാണ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് പരിമിതകാല പതിപ്പ് എത്തുന്നത്. ഒപ്പം സ്വർണ വർണത്തിന്റെ സ്പർശവും ബൈക്കിനെ വേറിട്ടതാക്കും. വിദഗ്ധ ജീവനക്കാർ കൈ കൊണ്ട് പെയ്ന്റ് ചെയ്‍ത മദ്രാസ് സ്ട്രൈപ്‍സ് ആണ് ബൈക്കിന്റെ മറ്റൊരു മുഖ്യ ആകർഷണം. ഇതിന് അനുയോജ്യമായ റിം സ്റ്റിക്കറുകളും ബൈക്കിലുണ്ട്. ക്രമനമ്പർ രേഖപ്പെടുത്തിയ ഫലകവും ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്കിനെ വേറിട്ടതാക്കുന്നു. 

499 സി സി, സിംഗിൾ സിലിണ്ടർ, ഫോർ സ്ട്രോക്ക് എൻജിനാണ് ഈ ബൈക്കിന്‍റെ ഹൃദയം. 27.6 പി എസ് വരെ കരുത്തും 41.3 എൻ എം ടോർക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും.  ഈ യൂണിറ്റ് കൺസ്ട്രക്ഷൻ എൻജിനും പൂർണമായും കറുപ്പ് നിറത്തിലാണ്. അഞ്ചു സ്‍പീഡ് ഗീയർബോക്സാണ് ട്രാൻസ്‍മിഷൻ. ടൂറിങ് മിറര്‍, ടൂറിസ് സീറ്റ് എന്നിവ ഉള്‍പ്പെടെ ഔദ്യോഗിക ആക്സസറികളോടെയാണ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജൂണ്‍ അവസാനത്തോടെ ബൈക്കുകള്‍ ഷോറൂമുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു വർഷ വാറന്‍റിയും റോഡ് സൈഡ് അസിസ്റ്റൻസും ക്ലാസിക് 500 ട്രിബ്യൂട്ടിന് റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!