കൊവിഡ് പ്രതിരോധം, തമിഴ്‌നാടിന് രണ്ടുകോടി നല്‍കി ബുള്ളറ്റ് കമ്പനി!

By Web TeamFirst Published Jun 9, 2021, 4:10 PM IST
Highlights

കൊവിഡ് -19 മഹാമാരിക്കെതിരെ പോരാടുന്നതിനായി തമിഴ്‌നാട് ദുരന്ത നിവാരണ ഫണ്ടിലേക്ക് രണ്ടുകോടി രൂപ സംഭാവന പ്രഖ്യാപിച്ച് ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ്. 

കൊവിഡ് -19 മഹാമാരിക്കെതിരെ പോരാടുന്നതിനായി തമിഴ്‌നാട് ദുരന്ത നിവാരണ ഫണ്ടിലേക്ക് രണ്ടുകോടി രൂപ സംഭാവന പ്രഖ്യാപിച്ച് ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയൽ എൻഫീൽഡ്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സന്ദർശിച്ച്  കമ്പനി സിഇഒ വിനോദ് ദസാരി കോവിഡ് -19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രണ്ട് കോടി രൂപയുടെ ചെക്ക് കൈമാറിയതായി കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കൊവിഡ് -19 ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിൽ, റോയൽ എൻഫീൽഡ് 2021 മെയ് 13 മുതൽ മെയ് 16 വരെ ചെന്നൈയിലെ പ്ലാന്റുകളിൽ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. അക്കാലത്ത് കമ്പനി നിർമ്മാണ പ്ലാന്റുകളിൽ അറ്റകുറ്റപ്പണി നടത്തി. റോയല്‍ എന്‍ഫീല്‍ഡിന് തിരുവോട്ടിയൂർ, ഒറഗടം, വല്ലം വഡഗൽ എന്നിവിടങ്ങളിലായി ചെന്നൈയിൽ മൂന്ന് പ്ലാന്‍റുകളാണ് ഉള്ളത്. 

റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളുടെ ആസ്ഥാനമാണ് തമിഴ്‌നാട് എന്നും പാൻഡെമിക്കിന്റെ വിനാശകരമായ രണ്ടാം തരംഗത്തെ നേരിടാനുള്ള എല്ലാ ശ്രമങ്ങളിലും സംസ്ഥാനത്തെ പിന്തുണയ്ക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ചടങ്ങിൽ സംസാരിച്ച വിനോദ് ദസാരി പറഞ്ഞു. തമിഴ്‌നാടിനെ സ്വന്തം കുടുംബമായാണ് റോയല്‍ എന്‍ഫീല്‍ഡ് കണക്കാക്കുന്നതെന്നും അതുകൊണ്ട് തന്നെ ഈ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമായാണ് കാണുന്നതെന്നും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ സഹായമെത്തിക്കാനും റോയല്‍ എന്‍ഫീല്‍ഡ് പദ്ധതികള്‍ തയാറാക്കുന്നുണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. 

കോവിഡ് -1ന്റെ രണ്ടാം തരംഗവുമായി ഇന്ത്യ പോരാടുമ്പോൾ പല സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും ലോക്ക്ഡൌണുകൾ തുടരുകയാണ്. ഈ സാഹചര്യത്തില്‍ 2021 മെയ് മാസത്തിൽ റോയൽ എൻഫീൽഡിന്റെ പ്രതിമാസ വിൽപ്പന ഇടിഞ്ഞിരുന്നു. 2021 മെയ് മാസത്തിൽ റോയൽ എൻഫീൽഡ് ആഭ്യന്തര വിപണിയിൽ വെറും 20,073 യൂണിറ്റുകളാണ് വിറ്റഴിച്ചുത്. 2021 ഏപ്രിലിൽ വിറ്റ 48,789 യൂണിറ്റുകളിൽ നിന്ന് 58.8 ശതമാനം ഇടിവാണ് സംഭവിച്ചത്. 

അതേസമയം കോവിഡ് മഹാമാരി രാജ്യത്തുണ്ടാക്കിയിട്ടുള്ള പ്രതിസന്ധികളെ മറികടക്കാന്‍ ഇന്ത്യയിലെ വാഹന നിര്‍മാതാക്കള്‍ വലിയ പിന്തുണയാണ് സര്‍ക്കാരുകള്‍ക്ക് നല്‍കുന്നത്.  ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി തമിഴ്‌നാട് സര്‍ക്കാരിന് അഞ്ച് കോടി രൂപയുടെ ധനസഹായം നല്‍കിയിരുന്നു.  എം ജി മോട്ടോഴ്‌സ്, മഹീന്ദ്ര, ഹീറോ തുടങ്ങിയ കമ്പനികളും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളുമായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കുന്നുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!