ഷോട്ട് സര്‍ക്യൂട്ട് ഭയം; ഈ ബുള്ളറ്റുകളെ തിരിച്ച് വിളിച്ച് റോയല്‍ എന്‍ഫീല്‍ഡ്

By Web TeamFirst Published May 21, 2021, 9:19 AM IST
Highlights

ഈ തകരാര്‍ സംശയിക്കുന്ന ഏകദേശം 2.37 ലക്ഷം ബൈക്കുകളാണ് കമ്പനി തിരികെ വിളിക്കുന്നതെന്നും രാജ്യത്തെ ഏറ്റവും വലിയ തിരിച്ചുവിളിയാണ് ഇതെന്നും റിപ്പോര്‍ട്ട് 

ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ എത്തിച്ച ചില ബൈക്കുകള്‍ സര്‍വീസിനായി തിരിച്ചുവിളിക്കുന്നു. വാഹനത്തിലെ ഇഗ്നീഷന്‍ കോയിലില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഈ തകരാര്‍ നിമിത്തം ഏകദേശം 2.37 ലക്ഷം ബൈക്കുകളാണ് കമ്പനി സര്‍വീസിനായി തിരികെ വിളിക്കുന്നതെന്നും രാജ്യത്തെ ഏറ്റവും വലിയ തിരിച്ചുവിളിയാണ് ഇതെന്നും ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍, ക്ലാസിക് 350, ബുള്ളറ്റ് 350 എന്നീ ബൈക്കുകളിലാണ് ഈ തകരാര്‍ സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020 ഡിസംബര്‍ മുതല്‍ 2021 ഏപ്രില്‍ മാസം വരെ നിര്‍മിച്ചിട്ടുള്ളതും 2021 ജനുവരിക്കും ഏപ്രിലിനും ഇടയില്‍ വില്‍ക്കുകയും ചെയ്‍ത വാഹനങ്ങളിലാണ് തകരാര്‍ സംശയിക്കുന്നത്.  വാഹനം പരിശോധിച്ച ശേഷം തകരാര്‍ കണ്ടെത്തിയാല്‍ ഇഗ്നീഷന്‍ കോയില്‍ മാറ്റി നല്‍കുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചിട്ടുള്ളത്. തിരിച്ച് വിളിച്ചിട്ടുള്ളതില്‍ പത്ത് ശതമാനം വാഹനങ്ങളില്‍ മാത്രമായിരിക്കും തകരാറിന് സാധ്യതയെന്നും കമ്പനി പറയുന്നു.

ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ വിറ്റഴിച്ച ബൈക്കുകളിലാണ് തകരാര്‍ സംശയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ന്യൂസിലാന്‍ഡ് , തായ്‌ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഈ ബൈക്കുകള്‍ എത്തിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളില്‍ കമ്പനി സ്ഥിരമായി നടത്തുന്ന പരിശോധനയിലാണ് ഇഗ്നീഷന്‍ കോയിലിലെ തകരാര്‍ കണ്ടെത്തിയത്. ഈ പ്രശ്‌നം എന്‍ജിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ടെന്നാണ് കമ്പനി പറയുന്നത്. ഇതിനുപുറമെ, ഇലക്ട്രിക് ഷോട്ട് സര്‍ക്യൂട്ടും സംഭവിച്ചേക്കാമെന്നും കമ്പനി ഭയക്കുന്നുണ്ടെന്നും ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനാലാണ് തിരിച്ചു വിളിച്ച് സര്‍വീസ് ഒരുക്കിയിട്ടുള്ളതെന്നും കമ്പനി പറയുന്നു. 

മുകളിൽ‌ സൂചിപ്പിച്ച ഉൽ‌പാദന കാലയളവിനുള്ളിൽ‌ വരുന്ന മോട്ടോർ‌ സൈക്കിൾ‌ വെഹിക്കിൾ‌ ഐഡൻറിഫിക്കേഷൻ‌ നമ്പർ‌ (വി‌എൻ‌) നമ്പർ‌ ഉപയോഗിച്ച് റോയൽ‌ എൻ‌ഫീൽ‌ഡ് സേവന ടീമുകളും ലോക്കൽ‌ ഡീലർ‌ഷിപ്പുകളും ഉഭോക്താക്കളെ നേരിട്ട് വിവരം അറിയിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരിച്ചുവിളിക്കൽ നടപടി വേഗത്തിൽ നടപ്പിലാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധരാണെന്ന് വ്യക്തമാക്കിയതായും ബന്ധപ്പെട്ട പ്രാദേശിക ഡീലർഷിപ്പുകൾ വഴി ഉപഭോക്താക്കളെ മുൻ‌കൂട്ടി ബന്ധപ്പെടുകയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞതായും ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കമ്പനിക്ക് വളരെ കർശനമായ സോഴ്‌സിംഗ് പ്രോട്ടോക്കോളുകൾ ഉണ്ടെന്നും എല്ലാ മോട്ടോർസൈക്കിളുകളും ഗുണനിലവാരത്തിന്‍റെ ആഗോള മൂല്യനിർണ്ണയ മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കുന്നതായി ഉറപ്പു വരുത്തുന്നുണ്ടെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കിയതായും ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!